Saturday, May 29, 2010

ചാനലുകള്‍



ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍
ചാനലുകള്‍ എന്റെ കിടപ്പറയിലേക്ക് ഒളിച്ചുകയറി.
ആങ്ഖറുകള്‍ ലൈബ്രറിയും അള്‍മാറകളും പരതി.
ഹതാശരായി മൊബൈല്‍ ഫോണിലേക്ക്
കയറാനൊരു ശ്രമം നടത്തി.
അദൃശ്യതയുടെ ഫണങ്ങളില്‍
എങ്ങിനെ ഫൂല്‍ക്കാരങ്ങളുയരുന്നുവെന്ന്
അവര്‍തേടിനടന്നു.
എന്റെ കിടക്കയില്‍ കിടന്നുറങ്ങുന്നത്
ഞാനോ എന്റെ അപരനോ?
അവര്‍ തലപുകഞ്ഞാലോചിച്ചു.
ശാന്തമായ നിദ്രാ പുരികങ്ങളില്‍
എവിടെയോ
കപടമായ കണ്ണിറുക്കല്‍ നടക്കുന്നുണ്ടോ?
പ്രണയാതുരമായ രാവുകളില്‍
കൂര്‍ക്കം വലി സാധ്യമാണോ?
പുറത്തെ പൂമരങ്ങളില്‍
കാറ്റുവീശിയെത്തുന്നത്
ക്യാമറകളില്‍ പകര്‍ത്തി
ഒന്നും കാണാതെ
പോവാന്‍ കൂട്ടാക്കാത്ത ചാനലുകള്‍
പകുതിവായിച്ച് നെഞ്ചില്‍ മലര്‍ന്ന
മഞ്ഞുപുസ്തകം കൈവശപ്പെടുത്തി.
മഞ്ഞുരുകുമ്പോള്‍
എവിടെയോ ഉയര്‍ന്ന സംഗീതം
ചാനലുകളില്‍
സംപ്രേഷണം ചെയ്യാമെന്ന
രഹസ്യ ധാരണയോടെ അവപിരിഞ്ഞു.
നഗരങ്ങളില്‍
കഠിനമായ ഉഷ്ണവേവുകളില്‍
വെള്ളവും കാറ്റുമില്ലാതെ
മനുഷ്യര്‍ തുറന്നുകിടക്കുമ്പോള്‍
അവര്‍ എന്റെ മനസ്സിലേക്കുള്ള
പ്രവേശകവാടം തേടുകയായിരുന്നു.

ക്ഷൗരം



അറിഞ്ഞേടത്തോളം
ഏറ്റവും സര്‍ഗ്ഗാത്മകമായ കല
എന്റെയീ ക്ഷൗരവൃത്തിയാണ്.
മനുഷ്യന്റെ ശിരസ്സിലാണ്
ഞാന്‍ പണിയെടുക്കുന്നത്.
അതിനു മേല്‍നോട്ടം വഹിക്കാന്‍
കങ്കാണിമാരില്ല
ചുമ്മാ നിങ്ങളുടെ തല
എനിക്കു മുമ്പില്‍
നീട്ടിത്തരികയാണ്
എന്റെ കൈയില്‍ കത്തിയാവാം
മനയോലയാവാം
സൊറിയാസിസ് ബാധിച്ച
വ്രണങ്ങളാവാം
ജലരാശിയില്‍ പതിയെ നടന്ന്
കൈ നിങ്ങളുടെ മുഖത്തൂടെ
ഇഴയുകയാവാം.
പതുക്കെ,
കഴുത്തിനുമുകളില്‍
കത്തിനിവര്‍ത്തിപ്പിടിച്ച്
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു:
പിണറായി വിജയന്റെ കൊട്ടാരനിര്‍മ്മിതിയെ
നിങ്ങള്‍ന്യായീകരിക്കുന്നുവോ?
എന്റെ മുഖത്ത് നിങ്ങള്‍സൂക്ഷിച്ചുനോക്കുന്നുണ്ട്
എനിക്കറിയാം,
നിങ്ങള്‍ അവിടെ,
എന്റെ ചുവന്നകണ്ണുകളും
ചന്ദ്രക്കലയും
നീലനക്ഷത്രങ്ങളും
രക്തരേഖകളും
ത്രിശൂലവും
ഓങ്കാരവും എല്ലാം കാണുന്നുണ്ട്.
എനിക്കറിയാം,
നിങ്ങള്‍ ഒരക്ഷരം മറുത്തുപറയുകയില്ലെന്ന,
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുകയില്ലെന്ന്.
എന്നോട്് ഐക്യം പ്രാപിക്കുകയല്ലാതെ
ഈ നിമിഷം നിങ്ങള്‍ക്ക്
ഒന്നും ചെയ്യാനാവുകയില്ല.
നിങ്ങളുടെ മൗനം
ഒരു കത്തിയാണ്
അവിടെ കേട്ടുകൊണ്ടിരിക്കുന്ന
ശ്രോതാവിന്റെ നിസ്സഹായത
ഒരു കത്തിയാണ്
അവയും എന്റെയീ കത്തിയും ചേരുമ്പോഴാണ്
ക്ഷൗരം പൂര്‍ണമാവുന്നത്.


അവസാനവാക്കുകള്‍ പറയരുത്


അവസാനവാക്കുകള്‍ പറയരുത്

ഒരു സുഷിരമെങ്കിലും
അവശേഷിക്കുന്നുണ്ടാവാം
അത് ഒരു ചെറുകണമായി പരിണമിക്കാം
ഒരു ഗംഗോത്രി
വിശുദ്ധനദിയുടെ പ്രഭവം

അവസാനവാക്കുകള്‍ പറയരുത്
നദി ഹൃദയത്തിലും ഒഴുകാം
ധമനികളും സിരകളുമായി
ചെറുചാലുകളായി
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകാം
'യത്രവിശ്വം ഭവത്യേക നീഢം'

അവസാനവാക്കുകള്‍ പറയരുത്#
നേരുകളായി നേര്‍ത്തചാലുകള്‍
എവിടെയും ഒഴുകുന്നുണ്ട്
കലുഷമായജലാശയങ്ങള്‍ക്കടിയില്‍
മുതലകളുണ്ട് ഭീകരസരടങ്ങളുമാണ്
ഇളകി മറിയുന്നത്.

അവസാനവാക്കുകള്‍ പറയരുത്
ചരിത്രം അണ്ഡങ്ങളുടെ ഫോസിലുകളായി
വാചാലമാവുന്നുണ്ട്
പരിണാമത്തിന്റെ രജതമേഘങ്ങളും
അഭ്രപാളികളിലുണ്ട്
നീലകണ്ഠാീ, നിന്റെ ഗളനാളത്തിലെ
വിഷം വമിച്ച്
സംഹാരം നടത്താന്‍ സമയം ആയില്ല
പര്‍വ്വതങ്ങളിലും താഴ് വാരങ്ങളിലും
ജീവജാലങ്ങളുണ്ട്
ഫലമൂലാദികള്‍ വായു വെളിച്ചം
നീലകണ്ഠാ, വിഷം വമിക്കാതിരിക്കുക

അവസാനവാക്കുകള്‍ പറയരുത്
ഉറക്കെ പറയുന്നത് ഉടക്കി പറയുന്നത്
സത്യമാവണമെന്നില്ല
വിനാശഭാവങ്ങള്‍
ഈയലുകളായി
പാറി നടക്കുന്നുണ്ട്
അവയുടെ ആയുസ്സ്, സുഹൃത്തേ
ഈ നിമിഷത്തിന്റേതുമാത്രം.

അവസാനവാക്കുകള്‍ പറയരുത്
ഈമലിനജലാശയത്തില്‍
പൂടകളും കുടലുംകളും
ശേഷിപ്പുകളും
ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ട്
കരയില്‍ പൂമരങ്ങളില്‍ പൂക്കളുണ്ട്
സൗരഭ്യമുണ്ട്.
നഗരബഹളങ്ങള്‍ക്കിടയിലും
കുയിലിന്റെ നാദം
വേറിട്ടുകേള്‍ക്കുന്നുണ്ട്

അവസാനവാക്കുകള്‍ പറയരുത്
ഇതൊരു മഹാനഗരം
ഇരമ്പിമറിയുന്ന സമുദ്രം
മണല്‍ത്തരികളായിമനുഷ്യര്‍
അവരോടത്രേ പ്രവാചകന്‍സംസാരിച്ചത്
അവര്‍ക്ക് ഭ്രാന്തായിരുന്നു
ചങ്ങലക്കണ്ണികള്‍കിലുങ്ങുമ്പോള്‍
പ്രവാചകന്‍ ഉറക്കെ ചിരിക്കുകയും
മന്ദഹാസം വഴി
പ്രബോധനം നടത്തുകയും ചെയ്തു
ആമപ്പൂട്ടുകള്‍ക്കിടയിലൂടെ
ചരിത്രം സംസാരിച്ചു

അവസാനവാക്കുകള്‍ പറയരുത്
കവി ചരിത്രത്തെ ആവാഹിച്ചു
വര്‍ത്തമാനത്തെ സ്‌നേഹിച്ചു
ഭാവിയിലേക്കു വാക്കുകള്‍ കരുതിവെച്ചു.


Monday, November 23, 2009

അകന്നുപോയവന്‍

അകന്നുപോയവന്‍

ഇനി നമ്മുടെ കൂടെയില്ല

കരയരുത്,

അവന്‍ ജീവിച്ചിരിക്കുമ്പോള്‍

അതിഷ്ടപ്പെടുമായിരുന്നില്ല

എനിക്കറിയില്ല അവനെ.

അറിയുന്നവരില്‍

സ്‌നേഹം വിതച്ചു

കവിതയെഴുതി

ഇതിലപ്പുറം ഒന്നും വേണ്ട.

മരണം വെറുതെ കടന്നുവരികയാണ്

മനുഷ്യനെ ഇല്ലായ്മ ചെയ്യാന്‍

മരണത്തിനു ശേഷിയില്ല.

സുഹൃത്തുക്കള്‍

ഹൃദയങ്ങളിലാണ് ജീവിക്കുന്നത്.

ചിതാഗ്നികള്‍ക്ക്

ഖബറിടങ്ങള്‍ക്ക്

അവരെ നശിപ്പിക്കാനാവുന്നില്ല

Friday, October 9, 2009

കാല്പനികം

നിങ്ങളിലാരാണെന്റെ

സങ്കടങ്ങളെപ്പറ്റി നോവുക?

പറയുക

നിങ്ങളിലാരാണെന്റെതുഷ്ടികള്‍

നിലാച്ചീളില്‍ ലയിക്കുന്നതുകണ്ടു

തൃപ്തരാവുക?

കാലം ഹൃല്ലീനജന്മാന്തര-

സൗഹൃദങ്ങളും താണ്ടി വരുമ്പോള്‍

സ്വക്ഷേത്രത്തിലാഹതികളെക്കണ്ടു ഞടുങ്ങേ,

നിമിത്തങ്ങള്‍

കവിയെത്തേടിയെത്തുന്നൂ.

നാനാര്‍ത്ഥങ്ങള്‍

കവിയെ വരികളില്‍

തിരക്കിപ്പറക്കുന്നൂ,

അക്ഷരങ്ങളില്‍ ഞങ്ങള്‍

വിലയം പ്രാപിക്കുന്നൂ,

അക്ഷതമല്ലോ മര്‍ത്ത്യ-

ഹൃത്തിലെ ദുരന്തങ്ങള്‍.



എപ്പൊഴുമപരനെത്തേടുന്നൂ,

മനസ്സിതിലെമ്പാടും

നിറകയാണവന്റെ പ്രമാദങ്ങള്‍

എന്തിലുമകന്മഷ-

യോഗ്യതയെന്റേതെന്ന

മുജ്ജന്മവിചാരത്തി-

ലെപ്പൊഴും രമിക്കുന്നൂ

Thursday, October 8, 2009

പ്രണയമെഴുതുന്നേരം




പ്രണയമെഴുതുന്നേരം ഹൃദയത്തിലെവിടെയോ

പിടയുന്നതെന്തേ ശലഭം?

മരണമെഴുതുന്നേരം പ്രണയത്തിലെവിടെയോ

നിറയുന്നതെന്തേ ചഷകം?

ജനനമെഴുതുന്നേരം ചഷകത്തിലെവിടെയോ

കിനിയുന്നതെന്തെ സുഷിരം?

ചഷകമുടയുന്നേരം സ്വപ്നത്തിലെവിടെയോ

പൊഴിയുന്നതെന്തിനു കണ്ണീര്‍?

Monday, October 5, 2009