Saturday, October 9, 2010

ശീര്‍ഷകമില്ലാത്ത ഒരു കവിത


ഇടവഴിയിലൂടെ
നീരൊഴുക്കിലേക്ക് നടന്നപ്പോഴാണ്
കയ്യാലയില്‍
വെള്ളത്തണ്ട് കുലച്ച് നില്ക്കുന്നു,
പുല്ലെണ്ണ കണ്ണീരായി നിറഞ്ഞുനില്ക്കുന്നു.
കാലുകളില്‍ നിറഞ്ഞുതുടങ്ങിയ ഭാരം
കയ്യാലയ്ക്കരില്‍ ചാരിവെച്ചു.
ഇടവഴിയിലൂടെ
നടന്നുപോവാനുള്ളസമയം
കഴിഞ്ഞുപോവുകയാണ്
സന്ധ്യയാവുന്നു
വഴികള്‍ ഇരുണ്ടുവരുന്നു
കടലിലെന്താവാം
നടക്കുന്നുണ്ടാവുക?
ഒരു സൂര്യനെ ഏറ്റുവാങ്ങാന്‍
കടല്‍ ഹൃദയം വിടര്‍ത്തിനില്ക്കുമ്പോള്‍
പിളര്‍ന്നുപോയ ഹൃദയത്തില്‍
ഉഷ്ണം നിറഞ്ഞിട്ടുണ്ടാവുമോ?
കനല്‍ക്കൂമ്പാരമായി
ആകാശവും കടലും
മുട്ടിയുരുമ്മുന്നുണ്ടാവുമോ?
മഴപെയ്‌തൊടുങ്ങിയ തീരങ്ങളില്‍
പുഴ ഒരു പ്രണയിനിയായി
ചമയുന്നുണ്ടാവുമോ?
എവിടെയോ
ഒരു കോപ്പ നിറയെ
ലോഹജലം വാങ്ങിക്കുടിച്ച്
കവി വീണ്ടും മല കയറുകയാണ്
ഒരു വലിയ ശിലാപിണ്ഡവുമായി
ഉരുണ്ടുരുണ്ട് താഴേക്ക് വരുന്ന
ശിലാപിണ്ഡമാണ് കവിയുടെ കണ്ടെടുപ്പ്

Monday, August 16, 2010

സൂര്യതാഴ്‌ വരകള്‍






Saturday, May 29, 2010

കര്‍മ്മബന്ധനങ്ങളെ അതിജീവിക്കുന്നത്..




കര്‍മം
നിയതി
ഭാഗധേയം
തീര്‍ന്നു, പ്രിയങ്കരി,
നമ്മുടെ ജീവിതം
നദികളില്‍ നനയാതെ,
ഉറവുകളില്‍ നിറയാതെ,
നിനവുകള്‍ തിരളാതെ
നമ്മുടെ ജീവിതം.
അനുസ്യൂതിയുടെ ഇങ്ങേയറ്റത്ത്
ഈയൊഴുക്കില്‍
തങ്ങിനില്ക്കാതെ
ഓരോനിമിഷവും
ഒരു ദൃശ്യമായി
മഹാകല്പത്തിന്റെ ചിമിഴില്‍
ഒളിച്ചുവെച്ച രഹസ്യങ്ങളില്‍
തുറക്കാത്ത വാതിലായി
കടല്‌പോളകളില്‍ കടന്നുകയറി
ശരണമറ്റ്
നമ്മള്‍ സഖി,
അവസാനം പവിഴക്കാടുകളില്‍
ഏതോ കൊറുക്കയുടെ മുനമ്പില്‍
കോര്‍ത്തെടുത്ത ജഡങ്ങളായി
അടുത്തശരീരങ്ങള്‍തേടി അലയാന്‍
ഇനിയുമേറെയേറെ
മഹാകല്പങ്ങള്‍
മഹാചക്രങ്ങള്‍
പക്ഷേ, അരൂപികളായി
നമുക്ക് ആശ്ലേഷിക്കാം
വായുവിലേക്ക് നെടുവീര്‍പ്പിടാം
കൊടുംകാറ്റിലേക്ക്
പടര്‍ന്നുകേറാം
പ്രണയം കര്‍മ്മബന്ധനങ്ങളെ
അതിജീവിക്കുന്നത്......

ഇനിവരാനുള്ള ബസ്സ്‌കാത്ത്.....




ബസ്റ്റാന്റില്‍
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു
എങ്ങനെയുള്ളവരാവും വരിക?
പിശുക്കന്മാരുണ്ടാവും, തീര്‍ച്ച.
കണ്ണിലേക്കും മാറിലേക്കും
തുറിച്ചുനോക്കുന്നവരുണ്ടാവും, അതും തീര്‍ച്ച
തിരക്കിനുള്ളിലും ചുളിയാത്ത ജൂബയുമായി
ജനസേവകന്മാരുണ്ടാവും
ഉത്സവത്തിനു കൊട്ടാന്‍പോവുന്ന
ചെണ്ടക്കാരുണ്ടാവും
മുലചപ്പിവലിക്കുന്ന കുഞ്ഞുങ്ങളുണ്ടാവും
ശാപവചനങ്ങള്‍ പൊഴിയുന്ന കിഴവികളുണ്ടാവും
കിളിയുമുണ്ടാവും
അവസാനം കിളിയോടൊപ്പം
ബസ്റ്റാന്റിനപ്പുറത്തെ
മരച്ചുവട്ടില്‍
കൊത്തം കല്ലാടുന്ന
നാടോടിപ്പെണ്‍കുട്ടിയുണ്ടാവും.
ചായക്കടയിലെ
അവശേഷിച്ച വാഴയ്ക്കാപൊടിയില്‍ കണ്ണുനട്ട്
അവളിരുന്നു
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു

മൈലാഞ്ചിപ്പൂങ്കുല



അടഞ്ഞുകിടന്ന ഉദ്യാനത്തില്‍
ശലഭങ്ങള്‍ക്കോ
വണ്ടുകള്‍ക്കോ
കടക്കാന്‍ കഴിയുമായിരുന്നില്ല
മധുരമായ മധു
പക്ഷേ, പാഴാവുകയായിരുന്നില്ല
തീര്‍ന്നുപോയ വീഞ്ഞിന്റെ
പൊള്ളയായ പാത്രങ്ങളില്‍
അത്മുന്തിരിച്ചാറായിമാറുമായിരുന്നു
ഇല്ലായ്മകളുടെ കഞ്ഞിപ്പാത്രങ്ങളില്‍
ഇത്തിരികൂടി എന്ന നിലവിളിയില്‍
തലയ്ക്കുമുകളില്‍ ഒരു സ്വര്‍ഗ്ഗവാതമായി
വീശിയതും അതായിരുന്നു.
നക്ഷത്രങ്ങളുടെ സംഘഗാനത്തില്‍
സ്‌നേഹവും കാരുണ്യവുമായി നിറഞ്ഞത്
ആ തേന്‍തുള്ളികളായിരുന്നു
ആകാശത്തിന്റെ നീലിമയില്‍
കനം കുറഞ്ഞ വെള്ളിമേഘങ്ങളായി
ആത്മാവുകള്‍ പറന്നുപോവുമ്പോള്‍
ആശ്വാസത്തിന്റെ പ്രകാശമായിവന്നത്
അടഞ്ഞഉദ്യാനത്തിലെ
പൂവുകളും സുഗന്ധവുമായിരുന്നു.
രാത്രികാലനക്ഷത്രങ്ങളില്‍
വരാനിരിക്കുന്ന മഹാകാലങ്ങളുടെ
വെളിച്ചം തൂവിയത് അടഞ്ഞപൂന്തോപ്പിലെ
കുഡ്മളങ്ങളും കിനാവുകളുമായിരുന്നു.
അവിടെ ഒരു മൈലാഞ്ചി പൂത്തതും
പൂക്കുലകള്‍ ചെറുപുഷ്പങ്ങളായി നിറഞ്ഞുനിന്നതും
വരാനിരിക്കുന്ന മധുരമായ മാതൃത്വത്തിന്റെ 

വെള്ളില



മാര്‍ബിള്‍ തറയില്‍ നടക്കുമ്പോള്‍
കരിമെഴുകിയ തറയിലേക്ക്
കവി തിരിച്ചുപോയി
അതിനു മാദകമായ മണമുണ്ടായിരുന്നു.
വെള്ളില പിഴിഞ്ഞെടുത്ത കുഴമ്പില്‍
ചകിരിക്കരി ഉടച്ചുചേര്‍ത്ത്
ചാന്താക്കി മെഴുകിയത് ആരായിരുന്നു?
അമ്മ വെളുത്തും
മോള് കറുത്തും
മോളുടെ മോളൊരു സുന്ദരിയായും
കവിയുടെ മാദകമായ ഓര്‍മ്മയിലുണ്ട്.
നിലം മെഴുകുന്ന മൂവരും
തൂങ്ങുന്നതും തുറിച്ചുനില്ക്കുന്നതും
മൊട്ടിടുന്നതുമായ
മൂന്ന് വര്‍ണ്ണങ്ങളില്‍
ഒടുവില്‍ വെള്ളിലപ്പൂവ്
പറിച്ചെടുക്കാന്‍ നോക്കിയതിനു
വെളുമ്പി പ്രാകി
കറുമ്പി കരഞ്ഞു
ചൊമന്ന സുന്ദരി
പുഴയിലൂടെ എങ്ങോ നടന്നുപോയി

വാര്‍ത്തകള്‍


വാര്‍ത്തകള്‍കത്തിപ്പോവാത്തതെന്തുകൊണ്ടാണ്? 

അതൊരു നീണ്ട കഥയാണ് ചങ്ങാതീ
ഏതാണ് വാര്‍ത്തുടെ ഉറവിടമെന്ന്
അവഎഴുതിയുണ്ടാക്കുന്നവര്‍ക്കറിയില്ല.
അത് താജ്മഹലിന്റെ പശ്ചാത്തലത്തില്‍
ചെറിയ ക്യാനില്‍നിറച്ച
ബിയര്‍നുണഞ്ഞേടത്താവാം.
മരണം വരിച്ച കുടുംബനാഥന്റെ
നിസ്സഹായതയുടെ
അല്ലികളിലാവാം.
അമ്പത്തഞ്ചുവയസ്സായ മുത്തശ്ശി
വ്യഭിചരിക്കേണ്ടിവരുന്ന
വ്യഥകളിലാവാം.
ചീറിപ്പാഞ്ഞുവന്ന ബസ്സ്
ചതച്ചരച്ചുപോയ പൂമേനിയിലാവാം
ചരിത്രം തകര്‍ന്നുപോയ വളവുകളില്‍
ലോകബാങ്കും ദേവാലയങ്ങളും ചേര്‍ന്ന്
വേട്ടയാടുന്ന പാര്‍ട്ടിനേതാവിന്റെ
ഹൃദയത്തിലാവാം.
അതുകൊണ്ട്
ശരിയായി വായിച്ചെടുക്കും വരെ
വാര്‍ത്തകള്‍നിലനിന്നുകൊള്ളട്ടെ.