Saturday, April 23, 2011

കവിത



കവിത കടല്‍ത്തീരത്തല്ല
മരുഭൂമിയിലല്ല
മലമുകളിലല്ല
കാറ്റിലും കോളിലുമല്ല
മഞ്ഞിലും മഴയിലുമല്ല
മൗനത്തിലും നാദത്തിലുമല്ല
അജ്ഞാതമായ ഇടങ്ങളില്‍
പ്രകൃതിയും ജീവിതവും
അലിയുമ്പോള്‍
അദൃശ്യമായി പറന്നു വരുന്ന ശലഭമാണത്
കാത്തിരുന്നാല്‍ വരാത്തതും
നിനച്ചിരിക്കാതെ കടന്നുവരുന്നതും
കൊട്ടരം കെട്ടിയ കണ്ണുകളില്‍
ഒരിക്കലും പ്രത്യക്ഷമാകാത്തതും
തുറന്ന കണ്ണുകള്‍ക്കിടയിലൂടെ
അകംപുറങ്ങളില്‍ തെളിച്ചമേകുന്നതും
വര്‍ണ്ണരഹിതമായ വര്‍ണ്ണവും
ശബ്ദരഹിതമായ ശബ്ദവും
ഹൃദയക്കൂട്ടിലെ അരിപ്പിറാവിന്റെ കുറുകലും



Friday, December 10, 2010

Rumi again


ധൃതിയിലുള്ള ചിലവിവര്‍ത്തനശ്രമങ്ങള്‍ . നെറ്റില്‍ നിന്ന് ലഭിക്കുന്ന റൂമി കവിതകള്‍ വെറുതെ വിവര്‍ത്തനം ചെയ്യുന്നു. തെറ്റുകിറ്റങ്ങള്‍ പണ്ഡിതരും സഹൃദയരുമായ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുതരിക
1

എന്റെ ആദ്യത്തെ അനുരാഗകഥ കേട്ടനിമിഷം
ഞാന്‍ നിന്നെ തെരഞ്ഞു തുടങ്ങി.
എത്ര അന്ധനാണ് ഞാനെന്നറിയാതെ
2

പ്രണയികള്‍ ഒടുവില്‍എവിടെയെങ്കിലും കണ്ടുമുട്ടുകയല്ല,
അന്യോന്യം ഹൃദയങ്ങളില്‍ വസിക്കുകയാണ്.
3

പ്രണയം അനാദിയില്‍നിന്നുള്ളതാണ്,
അത് അനന്തതയോളം നിലനില്ക്കുകയും ചെയ്യും
പ്രണയാന്വേഷി
ജനിമൃതികളുടെ ചങ്ങലകളില്‍ നിന്ന്
മുക്തിനേടുന്നു.
നാളെ , ഉയിര്‍ത്തെഴുന്നേല്പ്പുണ്ടാവുമ്പോള്‍
പ്രണയരഹിതമായ ഹൃദയം
പരീക്ഷണങ്ങളില്‍ അതിജീവിക്കുകയില്ല.

4
നിന്നോടൊപ്പമാണെങ്കില്‍
രാത്രിമുഴുവന്‍ നമ്മള്‍ ഉണര്‍ന്നിരിക്കുന്നു
നീയില്ലാത്തപ്പോള്‍
എനിക്കുറങ്ങാന്‍ കഴിയുന്നില്ല
രണ്ടുനിദ്രാശൂന്യതകള്‍ക്കും ദൈവത്തെ വാഴ്ത്തുക,
രണ്ടും തമ്മിലുള്ള അന്തരത്തിനും.

5
കുടിച്ചുന്മത്തയായ കാമിനി
പെട്ടെന്ന് എന്റെ വാതില്‍ക്കല്‍ പ്രത്യക്ഷയായി
അവള്‍ ഒരുപാനപാത്രം നിറയെ
ചുവന്ന വീഞ്ഞ് കുടിച്ച്,
എന്നരികിലിരുന്നു
അവളുടെ മുടിച്ചുരുളുകള്‍* കാണ്‍കെ,
അവ തലോടിനില്‌ക്കെ,
എ ന്റെ മുഖം മുഴുവന്‍ മിഴികളായി,
മിഴികളോ, മുഴുവന്‍ കൈകളായി
* (മുടിക്കുടുക്കുകള്‍ എന്നുമാവാം.)

6
ശൈലികളും പൂര്‍ണമായ അലേഖകളും
എനിക്കോര്‍മ്മിച്ചെടുക്കാനാവും
പക്ഷേ, പ്രണയത്തെ കുറിച്ച്
ഒന്നും പറയാനാവില്ല
നീയും ഞാനും ഒന്നായിത്തീരുന്നതുവരെ
നീ കാത്തിരുന്നേ പറ്റൂ
അപ്പോവുള്ള സംഭാഷണങ്ങളില്‍ നമുക്ക്.....
ങ്ആ... ക്ഷമിക്കൂ... ധൃതിപ്പെടേണ്ട

Monday, December 6, 2010

റൂമി കവിതകള്‍



1

നിനക്ക് ദൈവത്തിന്റെ രൂപമാണ്
രാജാവിന്റെ മുഖം
പ്രപഞ്ചത്തില്‍ നിനക്ക് ആയിത്തീരാനാവാത്ത
ഒന്നുമില്ല
നിനക്ക് വേണ്ടതെല്ലാം,
നീ നിന്നില്‍ തന്നെ തേടുക,
നീയാണത്

2
നീ ക്ഷമ പ്രകടിപ്പിക്കുകയാണെങ്കില്‍,
ആ ഗുണം നിന്നില്‍ നിന്ന് ഞാനടര്‍ത്തിയെടുക്കും
നീ ഉറങ്ങിപ്പോവുകയാണെങ്കില്‍
നിന്റെ മിഴികളില്‍ നിന്ന്
നിദ്രയെ ഞാന്‍ തുടച്ചെടുക്കും
നീ ഒരു പര്‍വ്വതമാവുകയാണെങ്കില്‍
നിന്നെ ഞാനെന്റെയഗ്നിയിലുരുക്കിക്കളയും
നീയൊരുസമുദ്രമാവുകയാണെങ്കില്‍
നിന്റെ ജലം മുഴുവന്‍ ഞാന്‍ കുടിച്ചുകളയും.
3.

വിശുദ്ധിയുടെ ജലരാശികളില്‍
ഞാന്‍ ലവണമായി ഉരുകി
വിശ്വാസധ്വംസനമല്ല, വിശ്വാസവുമല്ല, ബോധ്യവുമല്ല,
സന്ദേഹവുമല്ല അവശേഷിച്ചത്
എന്റെ ഹൃദയത്തിന് നടുവില്‍
ഒരു താരകം പ്രത്യക്ഷമായിരിക്കുന്നു
ഏഴുസ്വര്‍ഗ്ഗങ്ങളും അതില്‍ നഷ്ടമായിരിക്കുന്നു.


4. നിന്റെ ആത്മാവിനുള്ളില്‍
ഒരു ജീവചൈതന്യമുണ്ട്,
ആ ജീവിതം തേടുക.
നിന്റെ ശരീരമെന്ന പര്‍വ്വതത്തില്‍ഒരു രത്‌നമുണ്ട്,
ആ ഖനിയില്‍ അന്വേഷിക്കുക
അല്ലയോ യാത്രിക,
നീയത് തേടുന്നുവെങ്കില്‍
പുറത്തേക്ക് നോക്കേണ്ടതില്ല,
നിന്റെ അകത്തേക്കുനോക്കുക,
അത് തേടുക.

5.

ഈ ഏകാന്തത ആയിരം ജന്മങ്ങളേക്കാള്‍ വിലപ്പെട്ടത്
ഈ സ്വാതന്ത്ര്യം ഭൂമിയിലെ എല്ലാ നാടുകളേക്കാള്‍ മൂല്യമുള്ളത്
ഒരുനിമിഷമെങ്കിലും സത്യവുമായി അടുത്തുനില്ക്കാന്‍ കഴിഞ്ഞെങ്കില്‍
അത് ഈ വിശ്വത്തേക്കാള്‍ഡ, ജീവിതത്തേക്കാള്‍ വിലയേറിയത്.

6.

ഒടുവില്‍,
ഭാവനയുടെ പര്‍വ്വതങ്ങള്‍
ഒരു ഭവനമല്ലാതെ മറ്റൊന്നുമായിരുന്നില്ല
എന്റെ ഈ വലിയ ജീവിതം
ഒരുക്ഷമാപണമല്ലാതെ മറ്റൊന്നായിരുന്നില്ല
ഒരു ജീവിതകാലം മുഴുവന്‍
നീയെന്റെ കഥ
വളരെ ക്ഷമയോടെ കേള്‍ക്കുകയായിരുന്നു
ഇപ്പോള്‍ കേട്ടുകൊള്ളുക:
അത് കേവലമൊരുയക്ഷിക്കഥയായിരുന്നു.

Saturday, October 23, 2010

കിളി

ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

നീലക്കടമ്പില്‍ കുടിവെച്ചു പാര്‍ക്കുമീ
കാലപ്പിഴയുടെ മാറില്‍
ഉരുള്‍കല്ല് വെള്ളം പതിക്കുന്ന നോവിന്റെ-
യടമഴച്ചുഴലികള്‍ക്കൊപ്പം
ഒരു ചെറുനാരുമായൊഴുകുന്നചോരയില്‍
കുരലുയര്‍ത്തുന്നവര്‍ക്കൊപ്പം
തെരുവും കിനാവും നിലാവും നിറഞ്ഞ തന്‍
മരണവൃത്താന്തത്തിനൊപ്പം
ഗഗനത്തിലൊഴുകും കരിമേഘരാശികള്‍
ജഘനത്തിലേല്ക്കും കണിമാര്‍
ഇനിയും നടക്കാത്തപോരിന്റെയുര്‍വ്വര-
പ്പിനിയുന്ന മാന്‍പേടയെല്ലാം
എവിടെയാണുന്മത്തമിഴിയില്‍ പെടാതവ-
രെവിടേക്കകന്നുപോവുന്നു?
അവരകലുന്നൊരീ ചിത്തഭ്രമത്തിന്റെ
കവരങ്ങളില്‍ വന്നുനിന്ന്
കവിതയില്ലാത്തജഡത്തില്‍ നിന്നേറ്റവന്‍
കഴുതപ്പുറത്തേറിനില്‌ക്കേ
പരിഹസിച്ചെത്തും പുരുഷാരമൊരുനിമിഷ-
മെന്തേ പകച്ചുനില്ക്കുന്നൂ?

അവനൊരു കിളിയായ് പറന്നു മരക്കൊമ്പില്‍
മിഴിചെരിച്ചാരെ നോക്കുന്നൂ?
എങ്ങളെ? യെന്നെ?യതോനമ്മെയൊക്കെയു-
മലിവാര്‍ന്നവന്‍നോക്കിനിന്നൂ.
പുല്ലും പുഴുവും പ്രിയപ്പെട്ടവന്‍, തന്റെ
തല്ലും തടവും ത്യജിച്ചു
അജ്ഞാതമേതോ മഹാശൂന്യരാശിയില്‍
സ്വന്തമിടവുമായ് ചെന്നു.

Friday, October 22, 2010

അയ്യപ്പന്‍


എഴുതിയെഴുതിയെന്‍ രുധിരമായ് മാറി-
യൊഴുകിയെത്തിയെന്‍ കരളിലേക്കവന്‍.

ഒരുപഴംകഥയല്ലവന്‍ മണ്ണും
മരണവും തന്നില്‍ നിറച്ചുനിന്നവന്‍
തിളങ്ങും നക്ഷത്രത്തുയിലുണരവേ
മധുരരസലങ്ങളറുത്തു ചോരയില്‍
പൊതിഞ്ഞരൂപമായ് കുരിശില്‍ നിന്നവന്‍
കൊലക്കയര്‍താണു കഴുത്തിലെത്തുമ്പോള്‍
പലകുറിയാര്‍ത്തുചിരിച്ചകന്നവന്‍
നരച്ചനീള്‍മുടിച്ചുരുളുകള്‍ക്കുള്ളില്‍
വരഞ്ഞനേര്‍വര നടന്നു തീര്‍ത്തവന്‍
കവിതയും വാക്കും വിളഞ്ഞഭൂമിയെ
കവിഞ്ഞുനിന്നവന്‍, പദങ്ങളാല്‍ സ്വന്തം
നിലമുഴുതവന്‍, മണ്ണിന്‍ നിറം മണത്തവന്‍.
വരാനിരിക്കുന്നവസന്തകാലത്താല്‍ വയര്‍നിറച്ചവന്‍
ഋതുക്കളെ നോക്കി പകച്ചുപോയവന്‍
കരളുകള്‍തേടി കരങ്ങള്‍ നീട്ടിയോന്‍
മൊഴികള്‍ മാറുന്ന ചിറകുകള്‍ക്കൊപ്പം
മഴയില്‍ ചേക്കേറിയുറക്കിളച്ചവന്‍
നനഞ്ഞുതുപ്പിയൊരുമിനീരാകവേ
കഴിഞ്ഞപോരിന്റെ നിണം ചുരത്തിയോന്‍
ഇനിവരാനുള്ളരണങ്ങളെയോര്‍ത്ത്
കിനിഞ്ഞവീഞ്ഞിലെ പുളപ്പായ് നിന്നവന്‍

അവനെനിക്കാര്?
കവിയോ,
കാലപരിധിയും കട-
ന്നമൃതമായ് വന്ന വചസ്സോ?
സ്വത്വഹതമോ?
പറയുക.