Monday, November 23, 2009

അകന്നുപോയവന്‍

അകന്നുപോയവന്‍

ഇനി നമ്മുടെ കൂടെയില്ല

കരയരുത്,

അവന്‍ ജീവിച്ചിരിക്കുമ്പോള്‍

അതിഷ്ടപ്പെടുമായിരുന്നില്ല

എനിക്കറിയില്ല അവനെ.

അറിയുന്നവരില്‍

സ്‌നേഹം വിതച്ചു

കവിതയെഴുതി

ഇതിലപ്പുറം ഒന്നും വേണ്ട.

മരണം വെറുതെ കടന്നുവരികയാണ്

മനുഷ്യനെ ഇല്ലായ്മ ചെയ്യാന്‍

മരണത്തിനു ശേഷിയില്ല.

സുഹൃത്തുക്കള്‍

ഹൃദയങ്ങളിലാണ് ജീവിക്കുന്നത്.

ചിതാഗ്നികള്‍ക്ക്

ഖബറിടങ്ങള്‍ക്ക്

അവരെ നശിപ്പിക്കാനാവുന്നില്ല

Friday, October 9, 2009

കാല്പനികം

നിങ്ങളിലാരാണെന്റെ

സങ്കടങ്ങളെപ്പറ്റി നോവുക?

പറയുക

നിങ്ങളിലാരാണെന്റെതുഷ്ടികള്‍

നിലാച്ചീളില്‍ ലയിക്കുന്നതുകണ്ടു

തൃപ്തരാവുക?

കാലം ഹൃല്ലീനജന്മാന്തര-

സൗഹൃദങ്ങളും താണ്ടി വരുമ്പോള്‍

സ്വക്ഷേത്രത്തിലാഹതികളെക്കണ്ടു ഞടുങ്ങേ,

നിമിത്തങ്ങള്‍

കവിയെത്തേടിയെത്തുന്നൂ.

നാനാര്‍ത്ഥങ്ങള്‍

കവിയെ വരികളില്‍

തിരക്കിപ്പറക്കുന്നൂ,

അക്ഷരങ്ങളില്‍ ഞങ്ങള്‍

വിലയം പ്രാപിക്കുന്നൂ,

അക്ഷതമല്ലോ മര്‍ത്ത്യ-

ഹൃത്തിലെ ദുരന്തങ്ങള്‍.



എപ്പൊഴുമപരനെത്തേടുന്നൂ,

മനസ്സിതിലെമ്പാടും

നിറകയാണവന്റെ പ്രമാദങ്ങള്‍

എന്തിലുമകന്മഷ-

യോഗ്യതയെന്റേതെന്ന

മുജ്ജന്മവിചാരത്തി-

ലെപ്പൊഴും രമിക്കുന്നൂ

Thursday, October 8, 2009

പ്രണയമെഴുതുന്നേരം




പ്രണയമെഴുതുന്നേരം ഹൃദയത്തിലെവിടെയോ

പിടയുന്നതെന്തേ ശലഭം?

മരണമെഴുതുന്നേരം പ്രണയത്തിലെവിടെയോ

നിറയുന്നതെന്തേ ചഷകം?

ജനനമെഴുതുന്നേരം ചഷകത്തിലെവിടെയോ

കിനിയുന്നതെന്തെ സുഷിരം?

ചഷകമുടയുന്നേരം സ്വപ്നത്തിലെവിടെയോ

പൊഴിയുന്നതെന്തിനു കണ്ണീര്‍?

Monday, October 5, 2009

Friday, September 11, 2009

രാത്രി



നിറഞ്ഞതാണുപോല്‍ ഒരിക്കലെന്റെയീ
പഴയ പാത്രവുമസംഗചിത്തവും.
അവിടെയറ്റുപോയെനിക്കുഞാനായി
നിറയുവാനുള്ള മൃണാള നാളികള്‍.

പ്രണയമുണ്ടായ ദിനങ്ങളില്‍ നമ്മള്‍
പ്രളയമാണെന്നു ഭയന്നുപോയതും
നിനച്ചുകൊണ്ടു ഞാന്‍ കഴിയുന്നൂ, പക്ഷേ,
നിനക്കതൊക്കെയും പറയണോ വീണ്ടും?

ചിരിക്കേണ്ട, നിന്നെയുറക്കുവാനൊരു
പഴയ താരാട്ടില്‍ പൊതിയാം ഞാനിനി.
കരയേണ്ട നിന്നെയുണര്‍ത്തുവാനൊരു
കറുത്ത കാക്കയായ്‌ കുറുകാം ഞാനിനി.

പതിയെ നീയെന്റെ കരം പിടിക്കുക
പടിക്കുമേല്‍ നിന്റെ പദമുയര്‍ത്തുക
വിളക്കിലെണ്ണയുണ്ടതു ഭയന്നിനി
വെറുതെ നിന്മിഴിയടച്ചിടേണ്ട, നീ

ഒരിക്കലും കൂടി പുണരാം രാവിതി-
ന്നിനിയുമെത്രയോ സമയമുണ്ടല്ലോ.

Tuesday, August 25, 2009

cp aboobacker: Intoxicated Singing

cp aboobacker: Intoxicated Singing

പന്നികളിറങ്ങിയ രാത്രിയി‍ല്

പന്നികളിറങ്ങിയരാത്രിയിലാണ്ഞങ്ങള്‍
വനസ്ഥലികളിലെത്തിയത്.
ചൂട്ടുകളേന്തി
ആരവം മുഴക്കി
വനവാസികളിലലിഞ്ഞു
ഞങ്ങള്‍പടര്‍പ്പുകളിലൂടെഓടി.
മുനിഞ്ഞുകത്തുന്ന വിളക്കുകളില്‍
മരമടകളില്‍
ആരോകാത്തിരിക്കുന്നുണ്ടായിരുന്നു
ഓടുന്ന പുരുഷാരങ്ങളില്‍
അലിഞ്ഞുപോയശബ്ദങ്ങല്‍
ആരും കേട്ടില്ല.
വനപുഷ്പങ്ങളും
മലന്തേനും
കളവ് പോവുന്ന നിമിഷങ്ങളില്‍
പന്നികള്‍ ഓടിക്കൊണ്ടേയിരിക്കും.
അവകിതച്ച്, കിതച്ച്
എവിടെയോ
ആരും കാണാത്ത കൊല്ലികളിലൂടെ
വനത്തിനു പുറത്തുപോയിരിക്കും.
ആദിവാസിക്കുടികളില്‍
കരഞ്ഞുവീണ കണ്ണുനീര്‍ത്തുള്ളികളില്‍
പന്നിയുടെ വായിലെ
വൃത്തികെട്ട സ്രവം
കലര്‍ന്ന്ദുര്‍ഗ്ഗന്ധം വമിച്ചുതുടങ്ങും.
കൊല്ലികളില്‍
ധൂസരമായഅസ്ഥികള്‍
വരുന്നത്അങ്ങനെയാവണം.
പഠനയാത്രകളില്‍ വന്ന
കുിട്ടികളോ ട്സംശയം
തീര്‍ക്കാനാവാതെ
പാവം അദ്ധ്യാപികമാര്
‍കുഴങ്ങിയിരിക്കണം.
പച്ചിലകല്‍ പൊഴിയുകയും
പടര്‍പ്പുകളുടെതാളം തെറ്റുകയും
ചെയ്തരാവുകളില്‍
രക്ഷസ്സുകളുടെ കൈകളില്‍നിന്ന്
അവര്‍ ഇന്നും മോചിതരായിട്ടില്ലല്ലോ.
മച്ചിലൊരു പെരുച്ചാഴിയായി
വീട്ടുകാരന്‍ മാറുന്നകാഴ്കളില്‍
അവര്‍ക്ക്ക
നര്‍മ്മംതോന്നിയിരുന്നില്ലല്ലോ.
എലികള്‍ നടന്നുവന്നത്പൂച്ചയ്ക്ക്
മണികെട്ടാനായിരുന്നുമില്ല.
പുലര്‍കാലത്ത്പന്നികള്‍ക്ക് പകരം
പുരുഷന്മാരുടെകടം വന്ന ശരീരങ്ങള്‍
തൂങ്ങിക്കിടന്നു.
പാവം പന്നികള്‍
ബുദ്ധിജീവികളെ പോലെ
ആരെയോ പഴിച്ചുകൊണ്ടിരുന്നു.