Saturday, October 9, 2010

സൂര്യതാഴ്‌ വരകള്‍


സൂര്യതാഴ്‌ വരകളില്‍
ഒരാട്‌
ഏകാകിയായി വിലപിക്കുന്നു
ദുര്‍ബ്ബലമായ നാദത്തില്‍
സ്‌മരണകളുടെ ഗര്‍ഭം ധരിച്ച
സ്വര്‍ണ്ണമേഘങ്ങളില്‍

ഏത്‌ നിമിഷവും
ഒരു വാക്‌പ്രവാഹമുണ്ടാവാം
ആട്‌ വീണ്ടും
പരിക്ഷീണമായിവിലപിക്കും
ആകാശങ്ങളില്‍ പരന്നുപോയ
കുഞ്ഞാടുകളെ കുറിച്ച്‌

ഉറപ്പുകള്‍ എപ്പോഴും
സ്വര്‍ണപാത്രങ്ങളിലാണ്‌ നല്‌കുക
അവതിരിച്ചെടുക്കുന്നത്‌
മരണമൗനത്തില്‍
ദുര്‍ഗ്ഗന്ധം വമിക്കുന്നതെങ്കിലും
ഗംഭീരമെന്ന്‌ തോന്നുന്ന
നൈരാശ്യത്തിന്റെ ചെപ്പുകളില്‍

സൂര്യന്‍ ഒരു ചതിയനത്രേ
അയാള്‍ ഒരിക്കലും അകന്നുപോവുന്നില്ല
ഞാനാണ്‌ അകന്നുപോവുന്നത്‌
ഭ്രമണങ്ങളില്‍
എന്റെ ശാദ്വലങ്ങളും
എന്റെ മരുഭൂമികളും എല്ലാം
അയാളുടെ കനിവ്‌.

ഇതു നഗരം


ഇതുനഗരം
അതുകവിഞ്ഞൊഴുകുന്നുവ്യാഹതി
നരകസ്വര്‍ഗങ്ങളന്വേഷിച്ചു പോകുന്ന
പഥികരുടെ പാദുകം കൊണ്ടു
നോവാത്ത നടവഴി

ഇതു നഗരം
ഓര്‍മ്മകള്‍ ക്രിമികളായൊഴുകുന്ന
വീഥികള്‍ക്കിടയിലെപ്പേര്‍പെട്ട
തലയോടികള്‍
അസ്ഥിശേഖരം ജനപദം
അവസാനമില്ലാത്ത നാറ്റം
കവികളുടെ പോര്വിളികളുയരുന്ന
നിലപാടുതറയില്‍
വന്നൊരു പാക്കനാറും കുടുംബവും
തുടികൊട്ടി വയറൊട്ടീ പാടുന്നു
ഭോജനപ്പുരയുടെ പിറകിലെയെച്ചിലില്‍
പട്ടിയോടൊത്തു മല്‍സരിക്കുന്നതാ-
ണിവിടെ മനുഷ്യന്റെ ധര്‍മം

കവി, പാട്ടൂ പാടും മനസ്സിന്‍ തളങ്ങളില്‍
പതയുന്നൂ ലഹരീതടാകം
ജലമുറയുന്ന കിണറുകള്‍കുള്ളീലാ-
ണൊളിസേവ ചെയ്യുന്നൂ കാലം

മഹിഷങ്ങള്‍ വെന്ത തീയണയുന്ന കാലത്തു
കാടിലുണ്ടായ തിടുക്കം
ഇന്നും ഈ നഗരത്തിന്‍ മുറുക്കം.

തുഗ്ലക്കിന്റെ പല്ല്‌


സുല്‍ത്താന്‍ മുഹമ്മദ്‌ തുഗ്ലക്കിന്‌
ഒരു മഹാദന്തം നഷ്ടമായി
പണ്ഡിതശ്രേഷ്ടന്മാരും
ഉലമാക്കളും
ഗൗരവമായി ചര്‍ച്ചനടത്തി
ദന്തസംസ്‌കാരം നടത്തുന്നതിനെ പറ്റി
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍
ദന്തത്തിന്റെ ജനാസയുമായി
രാജകീയോദ്യോഗസ്ഥരും
പ്രജകളും തക്‌ബീര്‍മുഴക്കി
ഖബറിസ്‌താനിലേക്ക്‌ നടന്നു.
നഷ്ടമായ പല്ലിന്റെ ശൂന്യതയില്‍
സഹിക്കാനാവാത്ത വേദനയുമായി
മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌
തന്റെ ഗ്രന്ഥാലയത്തില്‍ ഇരുന്നു.
പ്രിയപുസ്‌തകങ്ങള്‍വെറുതെ തുറന്നു കിടന്നു

കവിത


കവിത ഇതാണ്. പിന്നെ എന്തുപ്രബന്ധം? നിരൂപകന്മാരുടെ ഗീര്‍വാണം കേള്‍ക്കാനോ. പ്രകാശ് കാരാട്ട് ഇയാന്‍ ഡങ്കലുമായി ( സ്‌കോട്ടുിഷ് ത്രില്ലര്‍ എഴുത്തുകാരന്‍) സംസാരിച്ച് എത്തിച്ചേര്‍ന്നനിഗമനം എന്തെന്നോ? കല ആനന്ദിപ്പിക്കാനാണെന്ന്. To entertain. ഡങ്കല്‍ പറഞ്ഞുവെന്നേയുള്ളൂ. For whom the bell tolls എന്ന നോവല്‍ വായിക്കുമ്പോള്‍ പിലാറിനോടൊപ്പം നമ്മളും ഭൂമിയുടെ മുകളില്‍ കുലുങ്ങുകയാണ്. ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആന്‍സിമിയ( ഇവിടെ കഥാപാത്രത്തിന്റെ പേര് മാറിയോന്ന് ഒരു സംശയം) സ്പാനിഷ് റിപബ്ലിക്കിനെ സംരക്ഷിക്കുന്നതിനു വേണ്ടി എത്രപേരെയും കൊല്ലാന്‍ സന്നദ്ധനാണ്. മാര്‍ക്‌സിന് ദാസ് ക്യാപിറ്റലാണ കവിത. ഗാന്ധിക്ക് സത്യാന്വേഷണപരീക്ഷകളും.
നിനച്ചിരിക്കാത്തനിമിഷത്തില്‍
ഒഴുകിയെത്തും
മഞ്ഞുരുകേണ്ട,
കവിത ഒഴുകിവരും
പഴയൊരു പാണല്‍ ച്ചെടി മതി
ഒരു ചേമ്പിന്‍ തണ്ട്
ഒരു പേരക്ക
ചെമ്പരത്തിപ്പൂവ്
ഒരു തുള്ളി ചോര
ചമരിമാന്‍ വേണ്ട
ഹിമാലയം വേണ്ട

ഒരു മന്ദഹാസം
ഒരു നെടുവീര്‍പ്പ്
ഒരു തുള്ള ികണ്ണുനീര്‍
നിര്‍ണ്ണയമില്ലാത്ത
മേനോഭാവം
അദൃശ്യമായ ഒരു ചുംബനം

തോല്ക്കാന്‍ മനസ്സില്ലാത്ത
സമരവീര്യം
കവിത ഉണ്ടാവുകയാണ്
കവിത ഒരാളുടേത് മാത്രം
ഒരാളുടെ വേദന.

പ്രോട്ടോകോള്‍



സന്ധ്യയാകുമ്പോള്‍
അച്ഛന്‍ സുഹൃത്തുക്കളുമായി എത്തും.
അവര്‍ കുറെ നേരം സംസാരിക്ും
കവിത, നാടകം,
മാര്‍ക്‌സ്, നെരൂദ
ചിലര്‍ ഓരോരുത്തരായി ഒഴിയും.
അവസാനം ഒന്നോ രണ്ടോ പേര്‍ ബാക്കിയാവും.
അന്യത്തിയും അമ്മയും ഉറക്കം തുടങ്ങയിട്ടുണ്ടാവും
അഛ്ഛന്‍ ഉറക്കെ വിളിക്കും
അമ്മ പിടഞ്ഞെണീറ്റ് വാതില്ക്കലെത്തും
നോക്കിനില്ക്കാതെ വിളമ്പ്
ഉണ്ണുമ്പോള്‍ അച്ഛന്‍ പരിചയപ്പെടുത്തും
നേതാവ്, സാഹിത്യനായകന്‍, ചിത്രകാരന്‍
കൂട്ടത്തില്‍ അച്ഛനുമുണ്ണും
അവശേഷിച്ചത് അനിയത്തിക്കും എനിക്കുമായി
അമ്മ വിളമ്പും.
ഉറക്കം വിങ്ങുന്നതുകൊണ്ട്
വേഗം മതിയാക്കി കിടക്കും അനിയത്തി
കഞ്ഞിവെള്ളം ഉപ്പ് ചേര്‍ത്ത്
വലിച്ചുകുടിക്കും, അമ്മ.
അച്ഛനും സുഹൃത്തും
അപ്പോഴും സംസാരിക്കുകയാവും.
സുഹൃത്തിന് കിടക്കാനൊരുക്കിയാല്‍
അമ്മയും അച്ഛനും ഒരു മുറിയില്‍ കയറും.


ശീര്‍ഷകമില്ലാത്ത ഒരു കവിത


ഇടവഴിയിലൂടെ
നീരൊഴുക്കിലേക്ക് നടന്നപ്പോഴാണ്
കയ്യാലയില്‍
വെള്ളത്തണ്ട് കുലച്ച് നില്ക്കുന്നു,
പുല്ലെണ്ണ കണ്ണീരായി നിറഞ്ഞുനില്ക്കുന്നു.
കാലുകളില്‍ നിറഞ്ഞുതുടങ്ങിയ ഭാരം
കയ്യാലയ്ക്കരില്‍ ചാരിവെച്ചു.
ഇടവഴിയിലൂടെ
നടന്നുപോവാനുള്ളസമയം
കഴിഞ്ഞുപോവുകയാണ്
സന്ധ്യയാവുന്നു
വഴികള്‍ ഇരുണ്ടുവരുന്നു
കടലിലെന്താവാം
നടക്കുന്നുണ്ടാവുക?
ഒരു സൂര്യനെ ഏറ്റുവാങ്ങാന്‍
കടല്‍ ഹൃദയം വിടര്‍ത്തിനില്ക്കുമ്പോള്‍
പിളര്‍ന്നുപോയ ഹൃദയത്തില്‍
ഉഷ്ണം നിറഞ്ഞിട്ടുണ്ടാവുമോ?
കനല്‍ക്കൂമ്പാരമായി
ആകാശവും കടലും
മുട്ടിയുരുമ്മുന്നുണ്ടാവുമോ?
മഴപെയ്‌തൊടുങ്ങിയ തീരങ്ങളില്‍
പുഴ ഒരു പ്രണയിനിയായി
ചമയുന്നുണ്ടാവുമോ?
എവിടെയോ
ഒരു കോപ്പ നിറയെ
ലോഹജലം വാങ്ങിക്കുടിച്ച്
കവി വീണ്ടും മല കയറുകയാണ്
ഒരു വലിയ ശിലാപിണ്ഡവുമായി
ഉരുണ്ടുരുണ്ട് താഴേക്ക് വരുന്ന
ശിലാപിണ്ഡമാണ് കവിയുടെ കണ്ടെടുപ്പ്

Monday, August 16, 2010

സൂര്യതാഴ്‌ വരകള്‍