Showing posts with label fall. Show all posts
Showing posts with label fall. Show all posts

Saturday, October 9, 2010

അവസാനവാക്കുകള്‍ പറയരുത്

അവസാനവാക്കുകള്‍ പറയരുത്

ഒരു സുഷിരമെങ്കിലും
അവശേഷിക്കുന്നുണ്ടാവാം
അത് ഒരു ചെറുകണമായി പരിണമിക്കാം
ഒരു ഗംഗോത്രി
വിശുദ്ധനദിയുടെ പ്രഭവം

അവസാനവാക്കുകള്‍ പറയരുത്
നദി ഹൃദയത്തിലും ഒഴുകാം
ധമനികളും സിരകളുമായി
ചെറുചാലുകളായി
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകാം
'യത്രവിശ്വം ഭവത്യേക നീഢം'

അവസാനവാക്കുകള്‍ പറയരുത്#
നേരുകളായി നേര്‍ത്തചാലുകള്‍
എവിടെയും ഒഴുകുന്നുണ്ട്
കലുഷമായജലാശയങ്ങള്‍ക്കടിയില്‍
മുതലകളുണ്ട് ഭീകരസരടങ്ങളുമാണ്
ഇളകി മറിയുന്നത്.

അവസാനവാക്കുകള്‍ പറയരുത്
ചരിത്രം അണ്ഡങ്ങളുടെ ഫോസിലുകളായി
വാചാലമാവുന്നുണ്ട്
പരിണാമത്തിന്റെ രജതമേഘങ്ങളും
അഭ്രപാളികളിലുണ്ട്
നീലകണ്ഠാീ, നിന്റെ ഗളനാളത്തിലെ
വിഷം വമിച്ച്
സംഹാരം നടത്താന്‍ സമയം ആയില്ല
പര്‍വ്വതങ്ങളിലും താഴ് വാരങ്ങളിലും
ജീവജാലങ്ങളുണ്ട്
ഫലമൂലാദികള്‍ വായു വെളിച്ചം
നീലകണ്ഠാ, വിഷം വമിക്കാതിരിക്കുക

അവസാനവാക്കുകള്‍ പറയരുത്
ഉറക്കെ പറയുന്നത് ഉടക്കി പറയുന്നത്
സത്യമാവണമെന്നില്ല
വിനാശഭാവങ്ങള്‍
ഈയലുകളായി
പാറി നടക്കുന്നുണ്ട്
അവയുടെ ആയുസ്സ്, സുഹൃത്തേ
ഈ നിമിഷത്തിന്റേതുമാത്രം.

അവസാനവാക്കുകള്‍ പറയരുത്
ഈമലിനജലാശയത്തില്‍
പൂടകളും കുടലുംകളും
ശേഷിപ്പുകളും
ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ട്
കരയില്‍ പൂമരങ്ങളില്‍ പൂക്കളുണ്ട്
സൗരഭ്യമുണ്ട്.
നഗരബഹളങ്ങള്‍ക്കിടയിലും
കുയിലിന്റെ നാദം
വേറിട്ടുകേള്‍ക്കുന്നുണ്ട്

അവസാനവാക്കുകള്‍ പറയരുത്
ഇതൊരു മഹാനഗരം
ഇരമ്പിമറിയുന്ന സമുദ്രം
മണല്‍ത്തരികളായിമനുഷ്യര്‍
അവരോടത്രേ പ്രവാചകന്‍സംസാരിച്ചത്
അവര്‍ക്ക് ഭ്രാന്തായിരുന്നു
ചങ്ങലക്കണ്ണികള്‍കിലുങ്ങുമ്പോള്‍
പ്രവാചകന്‍ ഉറക്കെ ചിരിക്കുകയും
മന്ദഹാസം വഴി
പ്രബോധനം നടത്തുകയും ചെയ്തു
ആമപ്പൂട്ടുകള്‍ക്കിടയിലൂടെ
ചരിത്രം സംസാരിച്ചു

അവസാനവാക്കുകള്‍ പറയരുത്
കവി ചരിത്രത്തെ ആവാഹിച്ചു
വര്‍ത്തമാനത്തെ സ്‌നേഹിച്ചു
ഭാവിയിലേക്കു വാക്കുകള്‍ കരുതിവെച്ചു

തുഗ്ലക്കിന്റെ പല്ല്‌


സുല്‍ത്താന്‍ മുഹമ്മദ്‌ തുഗ്ലക്കിന്‌
ഒരു മഹാദന്തം നഷ്ടമായി
പണ്ഡിതശ്രേഷ്ടന്മാരും
ഉലമാക്കളും
ഗൗരവമായി ചര്‍ച്ചനടത്തി
ദന്തസംസ്‌കാരം നടത്തുന്നതിനെ പറ്റി
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍
ദന്തത്തിന്റെ ജനാസയുമായി
രാജകീയോദ്യോഗസ്ഥരും
പ്രജകളും തക്‌ബീര്‍മുഴക്കി
ഖബറിസ്‌താനിലേക്ക്‌ നടന്നു.
നഷ്ടമായ പല്ലിന്റെ ശൂന്യതയില്‍
സഹിക്കാനാവാത്ത വേദനയുമായി
മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌
തന്റെ ഗ്രന്ഥാലയത്തില്‍ ഇരുന്നു.
പ്രിയപുസ്‌തകങ്ങള്‍വെറുതെ തുറന്നു കിടന്നു

കവിത


കവിത ഇതാണ്. പിന്നെ എന്തുപ്രബന്ധം? നിരൂപകന്മാരുടെ ഗീര്‍വാണം കേള്‍ക്കാനോ. പ്രകാശ് കാരാട്ട് ഇയാന്‍ ഡങ്കലുമായി ( സ്‌കോട്ടുിഷ് ത്രില്ലര്‍ എഴുത്തുകാരന്‍) സംസാരിച്ച് എത്തിച്ചേര്‍ന്നനിഗമനം എന്തെന്നോ? കല ആനന്ദിപ്പിക്കാനാണെന്ന്. To entertain. ഡങ്കല്‍ പറഞ്ഞുവെന്നേയുള്ളൂ. For whom the bell tolls എന്ന നോവല്‍ വായിക്കുമ്പോള്‍ പിലാറിനോടൊപ്പം നമ്മളും ഭൂമിയുടെ മുകളില്‍ കുലുങ്ങുകയാണ്. ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആന്‍സിമിയ( ഇവിടെ കഥാപാത്രത്തിന്റെ പേര് മാറിയോന്ന് ഒരു സംശയം) സ്പാനിഷ് റിപബ്ലിക്കിനെ സംരക്ഷിക്കുന്നതിനു വേണ്ടി എത്രപേരെയും കൊല്ലാന്‍ സന്നദ്ധനാണ്. മാര്‍ക്‌സിന് ദാസ് ക്യാപിറ്റലാണ കവിത. ഗാന്ധിക്ക് സത്യാന്വേഷണപരീക്ഷകളും.
നിനച്ചിരിക്കാത്തനിമിഷത്തില്‍
ഒഴുകിയെത്തും
മഞ്ഞുരുകേണ്ട,
കവിത ഒഴുകിവരും
പഴയൊരു പാണല്‍ ച്ചെടി മതി
ഒരു ചേമ്പിന്‍ തണ്ട്
ഒരു പേരക്ക
ചെമ്പരത്തിപ്പൂവ്
ഒരു തുള്ളി ചോര
ചമരിമാന്‍ വേണ്ട
ഹിമാലയം വേണ്ട

ഒരു മന്ദഹാസം
ഒരു നെടുവീര്‍പ്പ്
ഒരു തുള്ള ികണ്ണുനീര്‍
നിര്‍ണ്ണയമില്ലാത്ത
മേനോഭാവം
അദൃശ്യമായ ഒരു ചുംബനം

തോല്ക്കാന്‍ മനസ്സില്ലാത്ത
സമരവീര്യം
കവിത ഉണ്ടാവുകയാണ്
കവിത ഒരാളുടേത് മാത്രം
ഒരാളുടെ വേദന.

Friday, July 17, 2009

ചുഴികള്‍

കടലൊരിത്തിരി കടന്നുവന്നാലോ?
കരയൊരിത്തിരിയടര്‍ന്നുപോയാലോ?
ഹൃദയ, മുണ്മയില്‍, പിടഞ്ഞുപോ, മതി-
ലുദകകര്‍മ്മങ്ങള്‍ തനിയെയുണ്ടാകും.

മഴയൊരിത്തിരിയുതിര്‍ന്നുപെയ്‌താലോ?
വെയിലൊരിത്തിരിയൊളിച്ചിരുന്നാലോ?
പ്രണയമുള്ളിലെ നിറവിലേക്കൊരു
പ്രളയമായ്‌ വന്നു നിറയും പിന്നെയും.

ചിറകിലേറ്റൊരു മുറിവുമായ്‌പക്ഷി-
യരികില്‍ വന്നൊന്ന്‌ കുറുകിനിന്നാലോ?
മുറിവിലിത്തിരി മനസ്സെടുത്തുനീ
പുരട്ടു, മെന്‍ മിഴി നിറഞ്ഞൊഴുകിടും.

വനസ്ഥലികളില്‍ ചുറഞ്ഞ വള്ളികള്
‍വിയത്തിലേക്കൊന്നുപറന്നുയര്‍ന്നാലോ?
അവയിലോ രണ്ടു കുരുക്കുകള്‍ തീര്‍ത്ത്‌
മുകിലുകളൊത്തു പറന്നുരുളും നാം.

കവിതയില്‍ നിന്ന്‌ പദങ്ങളോരോന്ന്‌
കടലില്‍ മീനായിപ്പുളഞ്ഞു നീന്തിയാല്‍?
നഭസ്സില്‍ നക്ഷത്രവഴിയില്‍ നീങ്ങിയാല്‍?
തടവ്‌ ചാടുന്ന കനവായ്‌ മാറിയാല്‍?
വിശപ്പ്‌ മാറുന്നൊരുരുളയായ്‌ വന്നാല്‍?
മുലയില്‍ പാലായി ചുരന്നൊഴുകിയാല്‍?
കിഴക്ക്‌ സൂര്യനായുദിച്ചുപൊങ്ങിയാല്‍?
വടക്ക്‌ വാതമായ്‌ ലയിച്ചു വീശിയാല്‍?
ഇടയ്‌ക്കിടയ്‌ക്ക്‌ നാം ചിരികരച്ചിലില്
‍തുടരുമീവാഴ്‌വില്‍ വിളയുമര്‍ത്ഥങ്ങള്‍,
മരണവും തോറ്റു മടങ്ങുമര്‍ത്ഥങ്ങള്‍.

ചുറഞ്ഞുനീങ്ങുന്ന ചുഴികളത്രേ നാ,
മിതുവരെ മണ്ണില്‍ കഴിഞ്ഞ നാളുകള്‍

Tuesday, July 14, 2009

തീനാളങ്ങളുടെ ഇടയന്‍

തീനാളങ്ങളുടെ ഇടയന്
‍നാക്കുകള്‍ നീട്ടിയാണ്‌
ഭക്ഷിക്കുന്നത്‌
അവന്ന്‌ കൈകളില്ല
അവന്ന്‌ അവസാനം
നാശം മാത്രമാണ്‌ ബാക്കിയാവുന്നത്‌
അടുപ്പിലും
ആത്മഹത്യാ മുറിയിലും
യുദ്ധരംഗങ്ങളിലും
കാട്ടുതീയിലും
കറുത്ത നാവുകള്‍ മാത്രം
അതിന്റെ കറുപ്പ്‌ നിറം
കാണാനാവില്ലഅവന്ന്‌
അളവറ്റധനമുണ്ട്‌,
പ്രയോജനമില്ല
വൈകാതെ അയാള്‍ കെട്ടടങ്ങും
പിന്നെ ചാരമായി
ഇളം കാറ്റില്‍പോലും
പാറിക്കൊണ്ടിരിക്കും
അയാളുടെ പത്‌നി
അഗ്നിയിലേക്കുള്ളവിറകുകള്‍
കൊണ്ടുവരും
അവ പൊട്ടിച്ചിതറി
കത്തി്‌ക്കൊണ്ടിരിക്കും.
ഒലിവെണ്ണയൊഴിച്ച്‌
അഗ്നിയെ സാന്ദ്രമാക്കും
പനമ്പട്ടകളിട്ട്‌നാളങ്ങളാക്കും
പിന്നെ, ഈന്തപ്പനയിലകള്‍
അടിച്ചുപിരിച്ച
ഒരു ചുരുളന്‍ കയര്‍
അവള്‍ സ്വയം കഴുത്തിലണിയും

Monday, July 13, 2009

പ്രഭാകരന്

പ്രഭാകരന്‍,
താങ്കള്‍ ഒരുതെറ്റായിരുന്നു
ചരിത്രത്തിലെ തമിഴര്‍മുഴുവന്‍തെറ്റായിരുന്നു.
യുദ്ധങ്ങളില്ലാത്ത ലോകം
എത്രമനോഹരമായിരിക്കും
പ്രഭാകരന്‍,
പക്ഷേരാജാവ്‌
താങ്കളെ തഥാഗതന്റെ
സത്യത്തിലൂടെപരാജയപ്പെടുത്തി.
കരുണാനിധിയായ കിഴവ
ന്
‍അഴഗിരിക്കും കനിമൊഴിക്കും
ഒരുപക്ഷേ ദയാനിധിക്കും
മന്ത്രി പദവി നേടിയെടുത്തു.
താങ്കള്‍ തീവ്രവാദിയായിരുന്നു
താങ്കളും കുടുംബവും
വന്യമായ
ഏതോ ഭൂമിയില്‍,
കാട്ടില്‍,
കടലോരത്ത്‌
രക്തസാക്ഷിയാവാന്‍ ശേഷിയില്ലാതെ
ചുവന്നു ചീഞ്ഞു കിടന്നു.
വംശവൃക്ഷത്തിന്റെശാഖകളില്‍
ഇനിയെന്നാണ്‌ താങ്കള്‍ കായ്‌ചുലയുക?
അനാഥമായ
ദ്രാവിഡവംശത്തിന്‌ വേണ്ടി
ഇനിയാരാണ്‌ പോരാടുക?
അഹിംസയുടെ പ്രത്യശാസ്‌ത്രത്തില്
‍ഹിംസയുടെ നികുംഭിലകള്‍ഒ
ളിച്ചിരിപ്പുണ്ടെന്ന്‌
ഞങ്ങളും അറിയുന്നുണ്ട്‌.
കനിമൊഴിയില്‍കവിതയുണ്ടെന്നും
മതിവദനിയില്‍
ചോരമാത്രമേയുള്ളുവെന്നും
ഞങ്ങള്‍ വിധിയെഴുതി.
വിധിപ്രഖ്യാപനങ്ങള്‍ക്ക്‌
ഞങ്ങള്‍
എപ്പോഴും സന്നദ്ധരാണ്‌ പ്രഭാകരന്‍.
താങ്കള്‍ പുലിമരത്തിലേക്ക്‌
നടന്നുപോയവഴിമലിനമായിരുന്നു.
യുദ്ധത്തില്‍ ഏത്‌ വഴിയാണ്‌ അസ്വീകാര്യം?
പ്രണയത്തില്‍ ഏത്‌ മൊഴിയാണ്‌ അസ്വീകാര്യം?
എന്റെ പ്രിയപ്പെട്ടചെന്നൈനഗരം ,
ദൈവമേ,
അശാന്തിയില്‍ വെന്തുപോവാതിരിക്കട്ടെ.
തിരുക്കുറളിന്റെ കുളിര്‍മയി
ല്‍പ്രശാന്തിഅവിടെ വിളഞ്ഞു കുലയ്‌ക്കട്ടെ.