Showing posts with label vacation. Show all posts
Showing posts with label vacation. Show all posts

Thursday, June 7, 2012

തിരിച്ചറിയല്‍ മരങ്ങള്‍




(ഒന്ന്)

ഒലീവ് മരമാണ് അറബിയുടെ

തിരിച്ചറിയല്‍ മരം

ദര്‍വീഷിന്റെ മരം.

ഐഡന്റിറ്റി കാര്‍ഡിന്റെ കാലത്ത്

ഇസ്രാഈല്‍ ബാരക്കുകള്‍ക്കരികില്‍

ഫസ്തീനികളുടെ ക്യൂ

കാര്‍ഡ്പരിശോധന കഴിഞ്ഞുള്ള

തിരിച്ചുപോക്കാണവര്‍ക്കു ജീവിതം



(രണ്ട്)

വയലായിരുന്നു

പഴയ തിരിച്ചറിയല്‍ കാര്‍ഡ്ഏദഹത

വലിയ പാഠശേഖരങ്ങള്‍

ഇടയ്ക്കിടെ നനുത്തനൊമ്പരങ്ങളായി

നീര്‍ച്ചാലുകള്‍

കമ്മട്ടി മരത്തിന്റെ ചുറഞ്ഞവേരുകളില്‍

കപടസന്ന്യാസവുമായി

നീലപ്പൊന്മാന്‍.

വെയില്‍ കടുക്കുന്ന കാലത്ത്

പച്ചവയിലില്‍ സ്വര്‍ണ്ണം വിളയുമ്പോള്‍

ബൈന്റിളകിയ കവിതാപുസ്തകമെടുത്ത്

അലസം നടക്കുന്ന പെണ്‍കുട്ടി

അവളെ നോക്കാന്‍ പേടിച്ച്, മടിച്ച്

ഒരാണ്‍കുട്ടി



(മൂന്ന്)

ചെമന്ന മണ്ണില്‍

വെളുത്തമണലില്‍

തെങ്ങായിരുന്നു സ്വത്വമരം

ഒടുവില്‍ തെങ്ങിന്‍ പൂക്കുലകള്‍

തേങ്ങാക്കുലകളായി പരിണമിക്കുന്നു.

കൂമ്പു ചെത്തി

ചക്കരയും കള്ളുമുണ്ടാവുന്നു

ചാണകം മെഴുകി മിനുസപ്പെടുത്തിയ തറയില്‍

ഓലക്കണ്ണി വളച്ചെടുത്ത്

അതില്‍ വിളക്കിയ ചക്കര

നുണയാനേറെ ഓര്‍മ്മകള്‍

രക്തസാക്ഷിയുടെ*

സമരത്തിന്റേയും സഹനത്തിന്റേയും

നെടുവീര്‍പ്പിന്റേയും പുഞ്ചിരിയുടേയും



(നാല്)

പള്ളിപ്പറമ്പിന്റെ സ്വത്വം ചന്ദനമരമാണ്

നീണ്ട ഇലകള്‍ കാറ്റിലാടുന്ന

ചെറുമരങ്ങള്‍ നിറയെ.

ഓരോ മരത്തിന്റേയും വേരുകള്‍

ആത്മാവുകള്‍ കാര്‍ന്നെടുക്കുന്നുണ്ട്

ഈ സുഗന്ധം രാത്രി വാതങ്ങളില്‍

പ്രസരിക്കുന്നുണ്ട്



(അഞ്ച്)

സ്മാരകത്തിന്റെ തണലില്‍

ഒരുചോരമരം ഉയര്‍ന്നുനില്പുണ്ട്

തടവറയില്‍ ചൊരിഞ്ഞത്

രക്തസാക്ഷിയുടെ ഹൃദയം മുറിഞ്ഞത്

ഗ്രാമവൃക്ഷങ്ങള്‍ക്കെല്ലാം

ആ മരത്തിന്റെ മുഖഛായയുണ്ട്

വെയിലും റെയിലും കടക്കുമ്പോള്‍ കാണാം

ആ മരങ്ങളുടെ തണലില്‍

അജ്ഞാതരായ ചിലര്‍ കാത്തിരിപ്പുണ്ട്

Saturday, October 9, 2010

അവസാനവാക്കുകള്‍ പറയരുത്

അവസാനവാക്കുകള്‍ പറയരുത്

ഒരു സുഷിരമെങ്കിലും
അവശേഷിക്കുന്നുണ്ടാവാം
അത് ഒരു ചെറുകണമായി പരിണമിക്കാം
ഒരു ഗംഗോത്രി
വിശുദ്ധനദിയുടെ പ്രഭവം

അവസാനവാക്കുകള്‍ പറയരുത്
നദി ഹൃദയത്തിലും ഒഴുകാം
ധമനികളും സിരകളുമായി
ചെറുചാലുകളായി
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകാം
'യത്രവിശ്വം ഭവത്യേക നീഢം'

അവസാനവാക്കുകള്‍ പറയരുത്#
നേരുകളായി നേര്‍ത്തചാലുകള്‍
എവിടെയും ഒഴുകുന്നുണ്ട്
കലുഷമായജലാശയങ്ങള്‍ക്കടിയില്‍
മുതലകളുണ്ട് ഭീകരസരടങ്ങളുമാണ്
ഇളകി മറിയുന്നത്.

അവസാനവാക്കുകള്‍ പറയരുത്
ചരിത്രം അണ്ഡങ്ങളുടെ ഫോസിലുകളായി
വാചാലമാവുന്നുണ്ട്
പരിണാമത്തിന്റെ രജതമേഘങ്ങളും
അഭ്രപാളികളിലുണ്ട്
നീലകണ്ഠാീ, നിന്റെ ഗളനാളത്തിലെ
വിഷം വമിച്ച്
സംഹാരം നടത്താന്‍ സമയം ആയില്ല
പര്‍വ്വതങ്ങളിലും താഴ് വാരങ്ങളിലും
ജീവജാലങ്ങളുണ്ട്
ഫലമൂലാദികള്‍ വായു വെളിച്ചം
നീലകണ്ഠാ, വിഷം വമിക്കാതിരിക്കുക

അവസാനവാക്കുകള്‍ പറയരുത്
ഉറക്കെ പറയുന്നത് ഉടക്കി പറയുന്നത്
സത്യമാവണമെന്നില്ല
വിനാശഭാവങ്ങള്‍
ഈയലുകളായി
പാറി നടക്കുന്നുണ്ട്
അവയുടെ ആയുസ്സ്, സുഹൃത്തേ
ഈ നിമിഷത്തിന്റേതുമാത്രം.

അവസാനവാക്കുകള്‍ പറയരുത്
ഈമലിനജലാശയത്തില്‍
പൂടകളും കുടലുംകളും
ശേഷിപ്പുകളും
ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ട്
കരയില്‍ പൂമരങ്ങളില്‍ പൂക്കളുണ്ട്
സൗരഭ്യമുണ്ട്.
നഗരബഹളങ്ങള്‍ക്കിടയിലും
കുയിലിന്റെ നാദം
വേറിട്ടുകേള്‍ക്കുന്നുണ്ട്

അവസാനവാക്കുകള്‍ പറയരുത്
ഇതൊരു മഹാനഗരം
ഇരമ്പിമറിയുന്ന സമുദ്രം
മണല്‍ത്തരികളായിമനുഷ്യര്‍
അവരോടത്രേ പ്രവാചകന്‍സംസാരിച്ചത്
അവര്‍ക്ക് ഭ്രാന്തായിരുന്നു
ചങ്ങലക്കണ്ണികള്‍കിലുങ്ങുമ്പോള്‍
പ്രവാചകന്‍ ഉറക്കെ ചിരിക്കുകയും
മന്ദഹാസം വഴി
പ്രബോധനം നടത്തുകയും ചെയ്തു
ആമപ്പൂട്ടുകള്‍ക്കിടയിലൂടെ
ചരിത്രം സംസാരിച്ചു

അവസാനവാക്കുകള്‍ പറയരുത്
കവി ചരിത്രത്തെ ആവാഹിച്ചു
വര്‍ത്തമാനത്തെ സ്‌നേഹിച്ചു
ഭാവിയിലേക്കു വാക്കുകള്‍ കരുതിവെച്ചു

Thursday, July 16, 2009

കവിതകള്‍

കവിതകള്‍ ആത്മാവിന്റെ നുറുങ്ങുകളാണ്.
ഒര്‍ഹാന്‍ പാമുക്ക് തന്റെ വിഖ്യാതമായ " മഞ്ഞ്" എന്ന നോവലില്‍ കവിതയുണ്ടാവുന്ന വഴി വിവരിക്കുന്നുണ്ട്.
കാ കവിതയെഴുതാന് വിചാരിക്കാത്ത നിമിഷത്തില്‍ അത് ഒഴുകിയെത്തുകയാണ്.
മഞ്ഞുരുകാതിരിക്കുമ്പോഴും
കവിതയ്ക്ക് ഒഴുകാനാകും.
പഴയൊരു പാണല്‍ച്ചെടിമതി,
ഒരാള്‍ക്ക്കവിത വരാന്‍.
ഒരു ചേമ്പിന്‍തണ്ട് മതി.
ഒരു പേരക്ക മതി,
ചെമ്പരുത്തിപ്പൂവ് മതി.
ഒരു തുള്ളി ചോര മതി.
ചമരി മാനും
ഹിമാലയവുമൊന്നും വേണ്ട
അവ പിറകെ വരുന്നതാണ്.
ഒരു മന്ദഹാസം മതി,
ഒരു തുള്ളി കണ്ണീര് മതി.