Thursday, June 7, 2012

തിരിച്ചറിയല്‍ മരങ്ങള്‍




(ഒന്ന്)

ഒലീവ് മരമാണ് അറബിയുടെ

തിരിച്ചറിയല്‍ മരം

ദര്‍വീഷിന്റെ മരം.

ഐഡന്റിറ്റി കാര്‍ഡിന്റെ കാലത്ത്

ഇസ്രാഈല്‍ ബാരക്കുകള്‍ക്കരികില്‍

ഫസ്തീനികളുടെ ക്യൂ

കാര്‍ഡ്പരിശോധന കഴിഞ്ഞുള്ള

തിരിച്ചുപോക്കാണവര്‍ക്കു ജീവിതം



(രണ്ട്)

വയലായിരുന്നു

പഴയ തിരിച്ചറിയല്‍ കാര്‍ഡ്ഏദഹത

വലിയ പാഠശേഖരങ്ങള്‍

ഇടയ്ക്കിടെ നനുത്തനൊമ്പരങ്ങളായി

നീര്‍ച്ചാലുകള്‍

കമ്മട്ടി മരത്തിന്റെ ചുറഞ്ഞവേരുകളില്‍

കപടസന്ന്യാസവുമായി

നീലപ്പൊന്മാന്‍.

വെയില്‍ കടുക്കുന്ന കാലത്ത്

പച്ചവയിലില്‍ സ്വര്‍ണ്ണം വിളയുമ്പോള്‍

ബൈന്റിളകിയ കവിതാപുസ്തകമെടുത്ത്

അലസം നടക്കുന്ന പെണ്‍കുട്ടി

അവളെ നോക്കാന്‍ പേടിച്ച്, മടിച്ച്

ഒരാണ്‍കുട്ടി



(മൂന്ന്)

ചെമന്ന മണ്ണില്‍

വെളുത്തമണലില്‍

തെങ്ങായിരുന്നു സ്വത്വമരം

ഒടുവില്‍ തെങ്ങിന്‍ പൂക്കുലകള്‍

തേങ്ങാക്കുലകളായി പരിണമിക്കുന്നു.

കൂമ്പു ചെത്തി

ചക്കരയും കള്ളുമുണ്ടാവുന്നു

ചാണകം മെഴുകി മിനുസപ്പെടുത്തിയ തറയില്‍

ഓലക്കണ്ണി വളച്ചെടുത്ത്

അതില്‍ വിളക്കിയ ചക്കര

നുണയാനേറെ ഓര്‍മ്മകള്‍

രക്തസാക്ഷിയുടെ*

സമരത്തിന്റേയും സഹനത്തിന്റേയും

നെടുവീര്‍പ്പിന്റേയും പുഞ്ചിരിയുടേയും



(നാല്)

പള്ളിപ്പറമ്പിന്റെ സ്വത്വം ചന്ദനമരമാണ്

നീണ്ട ഇലകള്‍ കാറ്റിലാടുന്ന

ചെറുമരങ്ങള്‍ നിറയെ.

ഓരോ മരത്തിന്റേയും വേരുകള്‍

ആത്മാവുകള്‍ കാര്‍ന്നെടുക്കുന്നുണ്ട്

ഈ സുഗന്ധം രാത്രി വാതങ്ങളില്‍

പ്രസരിക്കുന്നുണ്ട്



(അഞ്ച്)

സ്മാരകത്തിന്റെ തണലില്‍

ഒരുചോരമരം ഉയര്‍ന്നുനില്പുണ്ട്

തടവറയില്‍ ചൊരിഞ്ഞത്

രക്തസാക്ഷിയുടെ ഹൃദയം മുറിഞ്ഞത്

ഗ്രാമവൃക്ഷങ്ങള്‍ക്കെല്ലാം

ആ മരത്തിന്റെ മുഖഛായയുണ്ട്

വെയിലും റെയിലും കടക്കുമ്പോള്‍ കാണാം

ആ മരങ്ങളുടെ തണലില്‍

അജ്ഞാതരായ ചിലര്‍ കാത്തിരിപ്പുണ്ട്