Wednesday, August 29, 2012

മെഹ്ദി ഹസന്








(അന്തരിച്ച ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന് പ്രണാമം) ദേവദാരുക്കള്‍ പൂത്ത



ഹിമവല്‍തടങ്ങളില്‍



ഹേമനാദങ്ങള്‍ വാര്‍ന്നൊ-



രുറവില്‍ നിറവാര്‍ന്ന



നിനവായ് കനവായും



പാടുന്നുനീ ദ്രുപദം;



വാനവും ഹേ, ഗായക,



രോമാഞ്ചമണിയുന്നൂ.







ഏതുറവാകാം നിന്റെ



ഗംഗോത്രി? യതോര്‍ത്തുഞാന്‍



ധൂമിലചരിത്രത്തിന്‍



താളുകള്‍ മറിക്കവേ,



നിന്‍ഗസല്‍പ്പടലങ്ങ-



ളുയര്‍ന്നൂ പ്രശാന്തിയായ്



ജനനമരണങ്ങള്‍-



ക്കെന്റെ വാഴ്‌വിനും പ്രഭോ.



ശിലകള്‍ സമ്മോഹന-



ധാരയായ്, വേനല്‍പ്പാളി-



യാര്‍ദ്രമോഹനമായ



താലവൃന്ദമായ് മാറി



സാലപത്രത്തില്‍ മഞ്ഞു



വീഴുമ്പോള്‍ തബലയി-



ലേതുതാളമായെന്റെ



നെഞ്ചകം തുടിക്കുന്നൂ?







രസലവനങ്ങളി-



ലിളമാരുതന്‍ വന്നു



കുസുമദലങ്ങളില്‍



തേന്‍കണങ്ങളില്‍തട്ടി



ചന്ദനസുരഭില-



കാനനങ്ങളിലെല്ലാം



മന്ദഗാമിനിയായി



മന്ദ്രവാദിനിയായി



ചന്ദ്രരശ്മികള്‍ചേര്‍ന്നു



നിന്‍പദമൊഴുകുമ്പോള്‍



കുന്ദകുഡ്മളങ്ങളായ്



വാക്കുകള്‍ കിളിര്‍ക്കുന്നു.



നീസുഗന്ധമായ് രാഗ-



ബന്ധുരസംഗീതമായ്



രാപ്പകലറിയാതെ



ഞങ്ങളിലുണരുന്നൂ.







വിശ്വഗായക, വിട,



പോക നീ, യദൃശ്യമാം



ദ്യോവിന്റെ തടങ്ങളില്‍



തീര്‍ത്ഥമാവുക, വിഭോ.



ആവിലമെന്‍ലോകത്തി-



ന്നാകുലികളെ നിന്റെ



വീണയിലോരോന്നായി-



പ്പാടു നീയവിടെയും.



ഭൂവിലെ പ്രണയവും



സ്‌നേഹവും പ്രശാന്തിയും



തെരുവില്‍ നുരിയുന്ന



മൗനവേദനകളുംhttp://www.thanalonline.com/



ഗലിയിലമരുന്ന



നിശ്ശബ്ദവിലാപവും



ദ്യോവിലും നിനക്കാര്‍ദ്ര-



രാഗമാലികയാട്ടേ.







കണ്ണീരായൊഴുകട്ടെ



ഞാനുമെന്‍കവിതയും



ഭാവഗായക, നിന്റെ



നിത്യമാം സ്മരണയില്‍