Saturday, April 23, 2011

ജയിലെത്രധന്യ


ജയിലെത്രധന്യ
അവളിലനുരക്തരല്ലെങ്കിലുമെത്രപേര്‍
പുകള്‍പെറ്റവര്‍
വാളേന്തിവാണവര്‍ 
ഭരണകര്‍ത്താക്കളായൊരുപാട് കാലം 
വിരാജിച്ചുനിന്നവര്‍
ജയിലെത്രധന്യ
അവളിലുന്മത്തരല്ലെങ്കിലും 
രാജാക്കള്‍ യോദ്ധാക്കളെത്രപേര്‍
നാടിന്‍ചരിത്രം തിരുത്തിക്കുറിക്കുവാന്‍ 
നായരും നരിയുമായ്
മത്സരിച്ചേറെ നാള്‍ 
വീട്ടിനു ചുറ്റും കറങ്ങിനടന്നവര്‍
ജലപാതമെല്ലാം കുടിച്ചഭഗീരഥര്‍
സ്വര്‍ണ്ണം വിളയുന്ന ഖനികളില്‍ കുടിയേറി
വെള്ളം കുടിച്ചെന്ന് പാവം നടിച്ചവര്‍
നുരയും സുരാപാത്രമൊരുമിച്ചെടുത്തവര്‍
തുള്ളിയായ്തുള്ളിയായ് വീതിച്ചെടുത്തവര്‍
ജയിലെത്രധന്യ. 
പേരെന്തുതന്നെയാവട്ടെ, 
ജയിലെത്രധന്യ
സമാനരായെത്രപേരവളില്‍ വസിക്കുന്നു
അവളുടെ തിരുമുമ്പിലാരെന്നുമെന്തെന്നുമറിയാതെ
മന്ദഹസിക്കുന്നു, 
ചിലസമയങ്ങളില്‍ പതിയെ വിതുമ്മുന്നു
ഗദ്ഗദകണ്ഠരായ് 
ഓരോന്നുമോരോന്നുമോര്‍മ്മിച്ചുപോവുന്നു
എല്ലാം ശ്രവിക്കുന്നു 
ജയിലെത്രധന്യ

വനം
യാത്രിക, ഭവാനിനി
യാമിനിയുടെ മാറില്‍ തലചായ്ചുറങ്ങുക
നിദ്രയില്‍ പ്രശാന്തമായ്
കാമനകളുടെ തോളിലാര്‍ദ്രമായുണരുക
പാവുകള്‍ നെയ്യാനിനി
നെയ്ത്തുകാരനുമായിവരികഭവാനെന്റെ
കാവുകള്‍ തീണ്ടാനിനി-
യമ്പുകള്‍ ചുമലേന്തിവരിക വേട്ടയ്ക്കായി,
കാലുകള്‍ ചലിക്കാതെ
കണ്ണിലെയമ്പാല്‍ വനഗര്‍ഭമെന്തറിയുക
പാലൊഴുകുന്നോ മാനിന്‍
മുലയില്‍? കിടാങ്ങളുണ്ടിളയപുല്ലും കാര്‍ന്ന്
വനചാരുതകളില്‍
നില്ക്കയാണവയുടെ നേര്‍ത്തകൊമ്പിടങ്ങളില്‍
മൃദുചര്‍മ്മമായ്, ഇനി-
യവയും മാന്‍കൂട്ടത്തിലോടുമ്പൊഴാരണ്യക-
ലതകളിളം കാറ്റി-
ലാടുന്നൂ, മൃഗപക്ഷിരാശികളൊരുമിച്ചു
പൊയ്കയില്‍ രമിക്കുന്നു
സുഷിരങ്ങളിലൂടെ വനത്തില്‍ പൊഴിയുന്ന
വെളിച്ചം തെളിയുന്നു
യാത്രിക, ഭവാന്റെയീവെറും യാത്രയില്‍ പേടി-
ച്ചോടുകയില്ലീ മാനും
ശലഭങ്ങളും സൂചീ മുഖിയും മധുമോന്തും
പക്ഷിയും, ജലധാരാ-
രസലപത്രങ്ങളില്‍ പൊഴിയും മഞ്ഞിന്‍ നേര്‍ത്ത
തബലാനിനദവും
പോവുകഭവാന്‍ കാടും കടന്ന് മലകളില്‍. 

കവിതകവിത കടല്‍ത്തീരത്തല്ല
മരുഭൂമിയിലല്ല
മലമുകളിലല്ല
കാറ്റിലും കോളിലുമല്ല
മഞ്ഞിലും മഴയിലുമല്ല
മൗനത്തിലും നാദത്തിലുമല്ല
അജ്ഞാതമായ ഇടങ്ങളില്‍
പ്രകൃതിയും ജീവിതവും
അലിയുമ്പോള്‍
അദൃശ്യമായി പറന്നു വരുന്ന ശലഭമാണത്
കാത്തിരുന്നാല്‍ വരാത്തതും
നിനച്ചിരിക്കാതെ കടന്നുവരുന്നതും
കൊട്ടരം കെട്ടിയ കണ്ണുകളില്‍
ഒരിക്കലും പ്രത്യക്ഷമാകാത്തതും
തുറന്ന കണ്ണുകള്‍ക്കിടയിലൂടെ
അകംപുറങ്ങളില്‍ തെളിച്ചമേകുന്നതും
വര്‍ണ്ണരഹിതമായ വര്‍ണ്ണവും
ശബ്ദരഹിതമായ ശബ്ദവും
ഹൃദയക്കൂട്ടിലെ അരിപ്പിറാവിന്റെ കുറുകലും