Friday, August 10, 2012

ഭ്രാന്താലയത്തില്‍നിന്നുള്ള കത്തുകള്‍

    പെറി 

( ഡോക്ടര്‍ രതി സാക്‌സേനയുടെ www.kritya.in എന്ന വെബ് മാസികയില്‍നിന്ന് ലഭിച്ചതാണ് ഈ രചന.
സാക്‌സേന എഴുതുന്നു:
“ഡോക്ടര്‍മാര്‍ തടഞ്ഞിട്ടും പെറിക്ക് കടലാസും പേനയും നല്കിയ നല്ലവളായ ഒരു നഴ്‌സാണ് എനിക്ക് ഭ്രാന്താലയത്തില്‍നിന്നുള്ള ഈ കത്തുകള്‍ അയച്ചുതന്നത്. സ്‌നേഹത്തിനും കവിതയ്ക്കും കൂട്ടിനും വേണ്ടി ദാഹിക്കുന്ന വിശുദ്ധമായ ഒരാത്മാവിന്റെ വിശുദ്ധമായ വാക്കുകളാണ് ഇവയില്‍ തുടിക്കുന്നത്.  ഇവകേവലം വൈകാരികപ്രലപനങ്ങളല്ല.    ഈ കത്തുകളില്‍ സാമൂഹ്യാചാരങ്ങളും പ്രകൃതിനിയമങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമായ ഒരു മാനത്തിലാണ് പ്രത്യക്ഷമാകുന്നത്.  ഒരു പക്ഷേ, നാം വായിച്ച ഏറ്റവും ദു:ഖാര്‍ദ്രമായ കത്തുകളാണിവ.  വിഭിന്ന സാഹചര്യങ്ങളിലെ ഒരു സ്ത്രീയും ഒരു പുരുഷനും.  അവര്‍ക്കിടയിലെ പാലം കവിത, കവിതമാത്രം.  ദുരന്തമിതായിരുന്നു, അവളുടെ വിശ്വസ്തതയില്ലാത്ത കമിതാവ് ഈ മനോഹരമായ പാലം തകര്‍ത്തുകളഞ്ഞു; അയാള്‍ എന്നെന്നേക്കുമായി പോയ്ക്കളഞ്ഞു.  പെറി എന്നത് അവളുടെ ശരിയായ പേരല്ല. ഒറ്റപ്പെടലിലും ഉന്മാദത്തിലും നൈരാശ്യത്തിലും പെട്ട , ജീവിതത്തിനും, പ്രണയത്തിനും, സ്വാതന്ത്ര്യത്തിനും അനശ്വരത കൈവരുത്തുന്ന ആത്മാര്‍ത്ഥതയുടെ തനതായ ആവിഷ്‌കാരമാണ് ഈ കത്തുകളിലുള്ളത്.'
വിവര്‍ത്തനം- സി.പി. അബൂബക്കര്‍

അവര്‍ പറയുന്നു, ഞാന്‍ എന്റെ ശിരസ്സ് മതിലില്‍ ഇടിച്ചു കൊണ്ടിരുന്നാല്‍, അവര്‍ എന്നെ കട്ടില്‍ക്കാലുകളില്‍ കെട്ടിയിടുമെന്ന്. അവര്‍ മതിലുകളെ സ്‌നേഹിക്കുന്നു. കാറ്റിന് കടന്നു വരാവുന്ന, തുറന്ന ജാലകങ്ങളില്ലാത്ത, അഞ്ച് മതിലുകളുള്ള തണുത്ത് വെളുത്ത ഒരു മുറിയില്‍ അടച്ചിരിക്കുകയാണ് എന്നെ.
അവര്‍ ജാലകങ്ങളെ വെറുക്കുന്നു.

ഒറ്റപ്പെട്ട ഒരിലമാത്രമാണ് ഞാന്‍, ഭംഗിയുള്ള ഒരു പച്ചയില. മറ്റിലകളെപ്പോലെ എനിക്കും വേണം ശുദ്ധവായു. എന്നിലെ ഹരിതകത്തെ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോട്ടെ; ഭ്രാന്തിക്കും ആഗ്രഹമുണ്ട്, തന്റെ മുടിയില്‍തലോടാന്‍, കാറ്റിന്റെ പുരുഷഹസ്തങ്ങള്‍ വേണമെന്ന്. ഇതവര്‍ ഓര്‍ക്കണം. അവര്‍ പറയുന്നു പരാഗണവാതം എന്ന്, ജാരനെന്ന്. ഈ മുറിയുടെ അഞ്ചാമത്തെ മതില്‍ എന്റെ മോന്തായമാണ്.
ചലിക്കുന്ന മതിലാണത്. അതിന്റെ ഭാരം മുഴുവന്‍ എന്റെ ചുമലിലാണ്. എന്റെ ഹൃദയത്തില്‍നിന്ന് അതിലേക്കുള്ള അകലം എപ്പോഴും നഷ്ടമാവുന്നു, ഓരോ നിമിഷവും. പക്ഷേ, അതൊരിക്കലും തകര്‍ന്നുവീഴുന്നില്ല.

അവരോ, നക്ഷത്രഖചിതമായ ആകാശങ്ങള്‍ക്ക് കീഴെ ജീവിക്കുന്നു. എനിക്കവര്‍സിഗരറ്റ് തരുമത്രേ, അവര്‍പറയുന്നു! ഞാന്‍ ഒരു നല്ല കുട്ടിയാവുകില്‍ മാത്രം, ഞാന്‍ കിടക്കയ്ക്കടിയിലിരുന്ന് എന്റെ ഞരമ്പുകള്‍ ഇറുമ്പുകയില്ലെങ്കില്‍ മാത്രം.

ഷോക്ക് ചികിത്സകള്‍ക്ക് മുമ്പേ, അവര്‍ എനിക്കായി ഗുളികകള്‍നിറച്ച താലങ്ങള്‍ കൊണ്ടുവരുന്നു.
ങ്ആ, നുണകള്‍ അവര്‍ക്ക് സ്വഭാവമായിരിക്കുന്നു! അവര്‍ എന്റെ മസ്തിഷ്‌കത്തില്‍നിന്ന്‌സംഗീതവും,
ശരീരത്തില്‍നിന്ന്‌നൃത്തവും കവര്‍ന്നെടുത്തിരിക്കുന്നു. പക്ഷേ, അവര്‍ക്കാവില്ലല്ലോ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള പ്രേമം, നിന്റെ സ്മരണ, നിന്റെ കവിതകള്‍ എന്റെ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള എന്റെ അഭിലാഷം കവര്‍ന്നെടുക്കാന്‍! ങ്ആ, എന്നെ കൊല്ലുന്നത് അവര്‍ക്ക് സ്വഭാവമായിരിക്കുന്നു!

(രണ്ട്)

എനിക്ക് സിഗരറ്റ് വേണ്ടാ, സൂര്യപ്രകാശം വേണ്ടാ, സ്വാതന്ത്ര്യവും വേണ്ടാ. അവരോട് പറയൂ എനിക്ക് പേനയും കടലാസും തരാന്‍; എനിക്ക് എന്നോട്തന്നെ സംസാരിക്കാമല്ലോ. നോക്കൂ, ഇവിടെ, ഡാക്ടര്‍മാരും നഴ്‌സുമാരും എല്ലാവരും ശിരസ്സറ്റ ശരീരങ്ങള്‍മാത്രം! അവരോട് ഞാന്‍ ഈ മുറിയുടെ താക്കോലിന് ഒരിക്കലും ചോദിക്കുകയില്ല, സ്വയം അടച്ചിരുന്ന് ഏകാന്തതയുടെ സ്വാതന്ത്ര്യം തൊട്ടറിയാന്‍! അവരോട് പുണ്യഗ്രന്ഥത്തിനായി ഞാന്‍ ഒരിക്കലും ആവശ്യപ്പെടുകയില്ല; കുമ്പസാരം നടത്തി അവരില്‍ നിന്ന് ശക്തി നേടാന്‍! തുറന്ന ആകാശങ്ങളില്‍ ദൈവം പോലും അടയ്ക്കാത്ത വാതിലുള്ള
ഒരു മുറിയിലെ ഭ്രാന്തിയെപ്പോലെ ആരും ഇത്രമേല്‍ ഏകാകിയല്ല. അവരോട് പറയൂ, എനിക്കൊരു പേനയും കടലാസും മാത്രം തരാന്‍.
പ്രണയം നിറഞ്ഞ ആത്മാവില്‍ന്ിന്ന്, ഊഷ്മളമായ ഒരു പ്രേമകവിത ഞാന്‍ നെയ്‌തെടുക്കട്ടെ. തണുപ്പുകാലം വരികയായി, തണുപ്പുകാലം വരികയായി.

(മൂന്ന്)

എന്താണ് ഈമതിലുകള്‍ ഇത്ര നഗ്നമായിരിക്കുന്നത്? ആള്‍ക്കണ്ണാടിയില്ല, ചിത്രങ്ങളില്ല, പാടുകളൊന്നുമില്ല, കുഞ്ഞുകൈകളുടെ അടയാളമില്ല. ഭീതിദമായ ഈ വെളുപ്പ് മാത്രം, ഭീതിദമായ ഈ വെളുപ്പ് മാത്രം.
എന്തുകൊണ്ടാണ് ഘടികാരം എന്റെ ഹൃദയത്തിലൊളിച്ചിരിക്കുന്നത്? എവിടെയെന്റെ പൂച്ച? വാക്വം ക്ലീനര്‍? കഴുകാത്ത പാത്രങ്ങളുടേയും അലക്കാത്ത വസ്ത്രങ്ങളുടെയും പര്‍വ്വതങ്ങള്‍ എവിടെ?
ഭീതിദമായ ഈ വെളുപ്പ് ലോകാവസാനത്തിന്റെ അടയാളമാണോ? ഇവിടെ എല്ലാ ദിവസങ്ങളും
ഇന്നലെയെപ്പോലെതന്നെ, നാളെയില്ല, ആള്‍ക്കണ്ണാടിയില്ല, ഘടികാരസൂചികളില്ല. കെട്ടുപോയമെഴുതിരിപോലെ മതിലില്‍ ഒരു സ്ത്രീയുടെ നിഴല്‍മാത്രം. ഈ ലോകത്തില്‍ആരെങ്കിലും കെട്ടുപോയ മെഴുതിരിയെ ഓര്‍മ്മിക്കുമോ?

(നാല്)
സ്ത്രീകള്‍ക്ക് വിശ്രമമില്ല, ഭ്രാന്തികള്‍ക്ക്‌പോലും; പാതിരാത്രികളില്‍ ശിറസ്സറ്റ മനുഷ്യന്‍, വെള്ള മേലങ്കിയണിഞ്ഞ് ഈ മുറിയിലെത്തുന്നു. അയാളുടെ വെളുത്ത ശബ്ദം പറയുന്നു: നീ ഇപ്പോഴും സുന്ദരിയാണ്. ശബ്ദം അവകാശപ്പെടുന്നു: ഞാന്‍ നിന്റെ കാന്തനാണ്. അയാള്‍ നുണ പറയുകയാണ്, എനിക്കറിയാം; എങ്കിലും എന്റെ ഭര്‍ത്താവിനെപ്പോലെ അയാളും ഒരു ചുംബനം പോലുമില്ലാതെ ആരംഭിക്കുന്നു.
എന്റെ ഭര്‍ത്താവിനെപ്പോലെ അയാള്‍ക്കും അറിയില്ല പ്രണയവും ലൈംഗികവൃത്തിയും തമ്മിലുള്ള അന്തരം.

എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ
എനിക്ക് ഷോക്ക് തരൂ. നേരം വെളുത്താല്‍ സുന്ദരിയായ ഒരു നഴ്‌സിനോടൊപ്പം അയാള്‍ വരുന്നു.
“എങ്ങിനെയുണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍?” ഞാന്‍ ചോദിക്കുന്നു. രോമാവൃതമായ വലിയകൈത്തലങ്ങള്‍ കൊണ്ട് അയാള്‍ ചിരിക്കുന്നു. പിന്നെ അയാള്‍ പറയുന്നു,
“എനിക്കറിയില്ല, ഞാന്‍നിന്റെ ഭര്‍ത്താവല്ല”,
വീണ്ടും അയാള്‍ പറയുന്നു,
“എങ്ങിനെയുണ്ട് ഇന്ന്?
ഇന്നലെ രാത്രി നീ എന്തെങ്കിലും ദുസ്വപ്നം കണ്ടുവോ?”

(അഞ്ച്)
എന്താണ് ഞാന്‍ ഇവിടെ?  ഒരിക്കലും കണ്ടുമുട്ടാത്ത ഒരാളുമായി പ്രണയത്തിലായത്‌കൊണ്ടോ? എനിക്കും എന്റെ പ്രണയത്തിനുമിടയില്‍ കവിതയല്ലാതെ ദൃശ്യമായ പാലമൊന്നുമില്ലെന്നത് കൊണ്ടോ?
ഏറ്റവും നിറവാര്‍ന്ന സ്വപ്നങ്ങള്‍ നെയ്യുന്ന, ഏറ്റവും സൈ്വരിണിയായവള്‍ ഞാനാണെന്നതോ?
സ്വപ്നങ്ങള്‍ എനിക്കുമാത്രം ദൃശ്യമാണെന്നതോ? ഹൃദയത്തിന്റെ വന്യമായ മിടിപ്പുകളെ മതത്തിനും സദാചാരത്തിനുമായി എന്നെ ഇണക്കിയെടുക്കുന്ന ചുവന്ന ഈ ഗുളികയല്ലാതെ മറ്റൊന്നും എന്നെ വിശ്വസിക്കുന്നില്ലെന്നതോ?

എന്താണ് ഞാന്‍ ഇവിടെ? എന്തുകൊണ്ടാണ് എന്റെ കണ്ണുകള്‍ നനയാത്തത്? എന്താണ് എന്നെ കാണാന്‍ പ്രേതങ്ങളല്ലാതെ മറ്റാരും വരാത്തത്? എന്തുകൊണ്ടാണ് എനിക്ക് കുടുംബാംഗങ്ങളുടെ, കുഞ്ഞുങ്ങളുടെ സന്ദര്‍ശനം അനുവദിക്കാത്തത്?
“നമ്മുടെ മകളെ ആരും വേള്‍ക്കുകയില്ല, അവളുടെ അമ്മ ഭ്രാന്താശുപത്രിയിലാണ്”.
കഴിഞ്ഞ തവണ വന്നപ്പോള്‍ എന്റെ ഭര്‍ത്താവ് പറഞ്ഞു. നല്ല വാക്ക്, നല്ല പ്രവൃത്തി, നല്ല ചിന്ത.
അത് കൊണ്ടാണ് ഞാന്‍ എന്റെ ഭര്‍ത്താവിനെ കൊല്ലാന്‍തുനിഞ്ഞത്; ആര്‍ക്കുമായല്ല, നന്മനിറഞ്ഞ ദൈവത്തിന് വേണ്ടി!


(ആറ്)
ആരുമായിനി പങ്കുവെയ്ക്കും എന്റെയേകാന്തത? ഈ ഉറുമ്പ് ചത്തുപോയല്ലോ. നഴ്‌സ് എന്നെ ശകാരിക്കുന്നു,
“നാണമില്ലേ നിനക്ക്? ഒരുറുമ്പിന് വേണ്ടി കരയാന്‍? ലോകം മുഴുവന്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ ബോംബ് വര്‍ഷത്തില്‍ മരിക്കുന്നു!”

മറ്റുള്ളവരെ പ്പറ്റി ആലോചിക്കാന്‍ എനിക്ക് കഴിയുന്നില്ല, ഞാന്‍ പരിക്ഷീണയാണ്. ഹോ, എന്റെ നിഷ്‌കളങ്കമായ സമാധാനം കെടുത്തുന്നതിനാണ് ഇവരൊക്കെ മരിച്ചുവീഴുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍നിലനിലനില്ക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ അവര്‍മരിക്കുന്നുണ്ടോ? എനിക്കൊന്നിലും വിശ്വാസമില്ല, യുദ്ധത്തില്‍ എന്റെ കുഞ്ഞ് വെന്തുമരിച്ചതുപോലും കാവ്യാത്മകമായ ഒരു കളവാണ്. ബോംബുകള്‍ കുഞ്ഞുങ്ങളെ കൊല്ലേണ്ടതില്ല, അവയുടെ ലക്ഷ്യം ശത്രുനിരകളാണ്.

ഞാന്‍ മൃതിയടഞ്ഞ ഈ ഉറുമ്പിനെപ്പറ്റി ചിന്തിച്ചാല്‍മതി. മാദ്ധ്യമങ്ങളൊന്നും ഈ മരണം കണ്ടതായിപ്പോലും നടിക്കുന്നില്ല. ഉറുമ്പ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്നില്ല, മതനേതാവായിരുന്നില്ല, അത് ഈ ലോകത്തെ അവസാന ഉറുമ്പ്‌പോലുമായിരുന്നില്ല. അതിന്റെ ജനിമൃതികള്‍ തികച്ചും അപ്രധാനം.
അടിച്ചമര്‍ത്തപ്പെട്ട വനിതകളുടെ കവിതകള്‍ കാരുണ്യപൂര്‍വ്വം പ്രസിദ്ധം ചെയ്യുന്ന ആ കവിതാമാസികയുടെ പത്രാധിപയ്ക്ക് പോലും ഈ ഉറുമ്പ് കേവലം ഒരുറുമ്പ് മാത്രം! ഒരു നഴ്‌സിന്റെ കാലടികളില്‍
ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട പാവം ഉറുമ്പ്. ഇപ്പോള്‍ നഴ്‌സ് മുറിയില്‍നിന്ന് പോയിരിക്കുന്നു: ഞാന്‍ എന്നോട് തന്നെ ചോദിക്കട്ടെ:

എന്തുകൊണ്ടാണ് ഈ ഉറുമ്പിന്റെ മരണം ഒരു ഭ്രാന്താശുപത്രിയിലായത്? എന്തായിരുന്നു  ദെവത്തിന്റെ സന്ദേശം? ഗുളികയും ആമ്പ്യൂളും നിരത്തിയ താലത്തിന് പകരം അവര്‍ ഒരു പാത്രം നല്കിയിരുന്നെ
ങ്കില്‍ ഈ ഉറുമ്പിന്റെ നിഷ്‌കളങ്കഗാത്രം ഞാന്‍ അതില്‍ അടക്കം ചെയ്യുമായിരുന്നു. അതിന്റെ രഹസ്യം പൂവിന്റെ ചെമന്നദളങ്ങളായി മാറുമായിരുന്നു.

(ഏഴ്)
മറവിയുടെ കഴുകന്നായി ഞാന്‍ ഹൃദയം തുറന്നുകൊടുത്തു, നിങ്ങളുടെ ഓര്‍മ്മകള്‍ വിഴുങ്ങാന്‍,
എന്നിട്ട് നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കാന്‍; പക്ഷേ, നിങ്ങള്‍ അത്് തരണം ചെയ്തു.

ഉന്മാദത്തിന്റെ അനന്തമായ മരുഭൂമിയില്‍ ഞാന്‍ അഭയം തേടി, നിങ്ങളാരുമില്ലാത്ത ഒരു ലോകത്തിനായി. പക്ഷേ, എക്കാലത്തേയും ഏറ്റവും വിവേകപൂര്‍ണമായ വാക്കുകള്‍ എന്നിലഭയം തേടി, നിങ്ങളെ ഓര്‍മ്മിക്കാന്‍,  എന്റെ മനസ്സിലും ഹൃദയത്തിലുമുള്ള ഒന്നുകൊണ്ടും നിങ്ങളുടെ സ്ഥാനം നേടാനാവില്ലെന്ന് കുമ്പസാരിക്കാന്‍. അവര്‍ എനിക്ക് ഗുളികയും ആമ്പ്യൂളുകളും തന്നുകൊണ്ടേയിരിക്കുന്നു,
വെളുത്ത് തണുത്ത ഈ മുറിയില്‍. ഇവിടെ ഞാന്‍ ഭൂമിയുടെ അവസാന കഴുകനായി ജീവിക്കുന്നു,
നഷ്ടപ്പെട്ട പ്രണയാകാശങ്ങള്‍ ഓര്‍മ്മിക്കുവാന്‍.

(എട്ട്)
കാന്തനോടൊത്ത് കിടന്നുറങ്ങുമ്പോള്‍, എന്താണ് എന്റെ അമ്മ മറ്റൊന്നും ആലോചിക്കാത്തത്?
എന്തിന്, കിഴങ്ങിന്റെ തൊലി പൊളിക്കുമ്പോള്‍ പോലും? ആലോചനകള്‍ എപ്പോഴും  എന്റെ ശരീരത്തെ വഞ്ചിക്കുന്നു. മഴയില്‍നനയുമ്പോള്‍ എന്താണ് അമ്മ തരിമ്പുമറിയാത്തത്? എന്താണ് അമ്മയ്ക്ക് ഒരിക്കലും പേനയും കടലാസും വേണ്ടാത്തത്? ആലോചനകള്‍ എപ്പോഴും എന്റെ ശരീരത്തെ വഞ്ചിക്കുന്നു. എന്തുകൊണ്ടാണ് അമ്മയ്ക്ക് ഭ്രാന്താലയങ്ങള്‍ ഭ്രാന്തരുടെ മാത്രം ഇടമായി തോന്നുന്നത്?
ഈ കൈയറ്റ ശരീരങ്ങള്‍ എനിക്ക്‌നേരെ നടന്നു നീങ്ങുമ്പോള്‍ എന്താണ് ഞാന്‍ അനന്തമായ ചോദ്യങ്ങള്‍ മറന്നുപോവുന്നത്?

(ഒമ്പത്)
പ്രിയനേ, ഞാന്‍ നിന്നില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നതിന് സാക്ഷി ഈ ഭ്രാന്താലയത്തിലെ
ഈ മുറിയുടെ തണുപ്പും വെളുപ്പുമാണ്. പണം വേണ്ട, മുദ്രാമോതിരം വേണ്ട, മാടപ്പിറാവിന്റെ നിഴല് പോലും എനിക്ക് വേണ്ട;
നീയെന്റെ വാക്കുകള്‍ കേള്‍ക്കണമെന്ന്, എന്റെ കാഴ്ചകള്‍ നീയും പങ്ക് വെയ്ക്കണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.
“കള്ളി, വഞ്ചകി”,
എന്നെ അധിക്ഷേപിച്ചുകൊണ്ട് നീ യാത്രയായി. എനിക്ക് കള്ളം പറയാനാവില്ലെന്നതിന്, എന്നാലും എന്റെ ചുണ്ടുകളില്‍നിന്ന് സത്യം, ഞാന്‍ അമ്മയെ വെറുക്കുന്ന സത്യം, മരണമെന്ന സത്യം, ആരും ശ്രവിച്ചിട്ടില്ലെന്നതിന് ഈ ഭ്രാന്താലയത്തിലെ ഈ മുറിയുടെ തണുപ്പും വെളുപ്പും മാത്രമാണ് സാക്ഷി.

(പത്ത്)
നിന്നിലനുരക്തയാവുമ്പോള്‍ എനിക്ക് നല്ലവനായ ഒരു ഭര്‍ത്താവുണ്ടായിരുന്നു, നാല് മുറിയുള്ള പാര്‍പ്പിടം എനിക്ക് നല്കിയ ഭര്‍ത്താവ്. നിന്നിലനുരക്തയാവുമ്പോള്‍ എനിക്ക് സുമുഖനുംഊര്‍ജസ്വലനുമായ ഒരു പുത്രനുണ്ടായിരുന്നു, സുന്ദരിയായ, മാധുര്യമൂറുന്ന പുത്രിയുണ്ടായിരുന്നു. നിന്നിലനുരക്തയാവുമ്പോള്‍ എനിക്കിതൊന്നും വേണ്ടായിരുന്നു, എന്റെ ശരീരസ്‌തോഭം മാത്രം മതിയായിരുന്നു.

പ്രേമഗാനങ്ങളാല്‍, പ്രണയലേഖനങ്ങളാല്‍ നീ എന്റെ ഹൃദയം നിറച്ചു. എന്നെ സ്വീകരിക്കുക, എന്നെ മാത്രം; ലോകത്തില്‍ സ്‌നേഹത്തിന്റെ അന്ത്യപ്രവാചകന്‍ ഞാന്‍.

നീയെന്റെ ഭര്‍ത്താവിന് എഴുതി, അദ്ദേഹത്തെ ശല്യം ചെയ്തു.
“അവളെ സ്വതന്ത്രയാക്കൂ, നശിച്ച കീടമേ”.
വിശാലമായ ആ താഴ് വാരത്തിന്റെ അറ്റത്ത് നിന്റെ കൈകളിലേക്ക് ഞാന്‍ പറക്കുകയായിരുന്നു.
സ്വപ്നങ്ങളില്‍മാത്രം മിഴിയടച്ച്, ചിറകുകളില്ലാതെ; നീ കേണപേക്ഷിച്ചു,
“ദൈവത്തെ സ്വീകരിച്ചാലും, ദൈവത്തെമാത്രം”.
“ഞാന്‍ ഭാര്യയ്ക്ക് വാക്ക് നല്കിയിരിക്കുന്നു, നിനക്കെഴുതുകയില്ലെന്ന്, മകന്ന് വേണ്ടി നല്ല അച്ഛനാവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു”.
നിന്നിലനുരക്തയാവുന്നതിന്മുമ്പ് ഘടികാരത്തിന് രണ്ട് സൂചികളുണ്ടായിരുന്നു, ഭ്രാന്താലയത്തിലെ മുറിയായിരുന്നില്ല എന്റെ ഗൃഹം.

(പതിനൊന്ന്)
ദൈവമേ, നീ മറ്റുള്ളവരെ ജീവിക്കാനായി സൃഷ്ടിച്ചു. എനിക്ക് നീ വിധിച്ചത് കവിതയായിരുന്നു,
ഏകാന്തത, ഉന്മാദം! മറ്റുള്ളവര്‍ക്കെല്ലാം നാല് ഋതുക്കളുണ്ട്; ഭൂമിയില്‍നടക്കാന്‍ രണ്ട് കാലുകള്‍.
എന്നാല്‍ ഭൂമി എന്റെ മഞ്ഞു ചിറകുകളില്‍ വിശ്രമിക്കുന്നു, അതിന്റെ എല്ലാ സൈനികപാളയങ്ങളോടും
അനാഥാലയങ്ങളോടും സ്മാരകശിലകളോടും കൂടി.

മറ്റുള്ളവര്‍ അവരുടെ മരണദിനം മാത്രം മരിക്കുന്നു; ഞാനോ? ഓരോ ദിവസവും മരിക്കുന്നു. ഒമ്പതാം വയസ്സില്‍ എനിക്ക് ദര്‍ശനങ്ങള്‍ ഉണ്ടായി, ആര്‍ക്കും എന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അര്‍ത്ഥരഹിതമായ വാക്കുകള്‍! വാക്കുകള്‍ എന്നെ ദൈവമില്ലാത്ത, വിശ്വാസികളില്ലാത്ത, ചിറകുകളില്‍നിന്ന്  മോചിപ്പിച്ച്, യഥാര്‍ത്ഥലോകത്തിലേക്ക് തിരികെവരാന്‍ ഒരു കുരിശു പോലുമില്ലാത്ത പ്രവാചികയാക്കി.
പാദുകങ്ങള്‍ക്കായി സ്വന്തം ചിറകുകള്‍ കൈമാറിയ മാലാഖയെപ്പോലെ.

(പന്ത്രണ്ട്)
ജലം എന്റെ ശയ്യയിലേക്ക് ഉയരുകയാണ്, എന്റെ ഹൃദയത്തിലേക്ക്, അഞ്ചാം മതിലിലേക്ക്, ആര്‍ക്കും ഒന്നുമില്ല! ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം മത്സ്യങ്ങളോ കക്കകളോ ആയി ജനിച്ചതാവണം.
വെള്ളമില്ലാതെ ആരും ഒരു ഭ്രാന്തിയുടെ തലമുടിയില്‍ ഇങ്ങിനെ തലോടുകയില്ല. വെള്ളമില്ലാതെ ആരും ഒരു ഭ്രാന്തിയുടെ കണ്ണീര്‍തുടയ്ക്കുകയില്ല

പ്രണയമേ എവിടെയാണ് നീ? എവിടെയാണ് ?



(പതിമ ുന്ന് )   

നിന്റെ കണ്‍കളില്‍ അത് ഒരുവള്‍ മാത്രമാണ്, ഒരു പെണ്ണ്, ഒരിക്കല്‍ ആ പെണ്ണിനെ നീ സ്‌നേഹിച്ചു.
വേറൊരു നാള്‍  അവളെ നീ മറന്നു. എന്നാല്‍അവളിലെ കവിയെ നീകണ്ടില്ല, നിന്റെ കവിതകളില്‍ ലഹരി പൂണ്ട കവിയെ. എന്നും എപ്പോഴും നിന്നില്‍ ലഹരി പൂണ്ടപക്ഷിയെ നീ കണ്ടില്ല.  അതു കൊണ്ടാണ് ഒരു ധൂളീപടലം പോലെ നിന്റെ വാക്കുകള്‍ വായുവില്‍ തൂങ്ങിക്കിടന്നത്. നിനക്ക് ഞാന്‍ പ്രണയവും സ്വാതന്ത്ര്യവും  ആദരവും നല്കാം; മറ്റുപുരുഷന്മാര്‍ക്ക് വേണ്ടത് നിന്റെ ശരീരവും അടിമത്തവും മാത്രം.

എനിക്ക് നീ പുരുഷന്‍, മനുഷ്യന്‍, കവി. എന്റെ സങ്കല്പനങ്ങള്‍, എന്റെ നീഢം, എന്റെ കവിത, ഞാന്‍ നീയുമായി പങ്ക് വെച്ചു. അത് കൊണ്ടാണ് നീ ഇപ്പോഴും ജീവിച്ചിരിക്കുന്നത്, ഇതര സ്ത്രീകളെ പ്രണയിക്കാനുള്ളകെല്‌പോടെ. സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു വരാനാവാതെ, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കാണാനാവാതെ ഞാന്‍  എന്റെ മാതൃഭാഷയിലേക്ക് നിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് ഈ ഭ്രാന്താലയത്തില്‍ കഴിയുകയാണ്. നീഅപ്പോഴും നിന്റെ കാവ്യമാസികയുടെ പത്രാധിപരായി കഴിയുന്നു.

മരണസര്‍ട്ടിഫിക്കറ്റ്
അവന്‍ അവളെ മറന്നപ്പോള്‍ അവള്‍ക്കും സ്വയം ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഒരു മയക്കത്തിലേക്ക് ഇമ ചിമ്മിയതോടെ അവള്‍ മരിച്ചുപോയത്. അവള്‍ ആത്മഹത്യചെയ്തുവെന്ന് കരുതേണ്ട, ജലം ലഭിക്കാതെ പൊഴിഞ്ഞുപോയ ഒരു പൂവ് പോലെ അവള്‍ വെറുതെ മരിച്ചുപോയി.