Friday, July 29, 2016

കൂട്



ഒരു കൂട്ടില്‍
ഒരു കിളിയുണ്ടായിരുന്നു
പലചില്ലകളില്‍ നിന്ന്
അവസാനം 
ഒരു കൂടു തേടി
അവളെത്തി
അവിടെ രാഗമോ താളമോ ഇല്ലായിരുന്നു
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന
സംഗീതമായിരുന്നു
ആ കിളിയുടെ മനസ്സില്‍
ചെമപ്പിനെയും പ്രഭാതത്തെയും
ആ കിളിക്കിഷ്ടമായിരുന്നു
മഞ്ഞില്‍ കുതിര്‍ന്ന പുല്‍ത്തുമ്പുകളില്‍
പ്രപഞ്ചം ചുരുങ്ങിനില്ക്കുന്നത്, 
പുല്‍ക്കൊടിയുടെ ഹരിതശോഭ
പ്രകൃതിയായി പരന്നു നില്ക്കുന്നത്, 
ഉണരുന്ന പക്ഷിയുടെ കണ്ണുകളില്‍
ഇന്ദ്രനീലം തിളങ്ങുന്നത്, 
ചാളയ്ക്കുള്ളില്‍ ഇടുങ്ങിനിന്ന
പ്രണയത്തില്‍ നിന്ന്
പുറത്താക്കപ്പെട്ടപ്പോള്‍
വൈക്കോലും കരിയിലയും ചേര്‍ന്ന്
ഒരു കൂടായി പരിണമിച്ചത്.....

സത്യത്തില്‍
ഓരോ കൂട്ടിന്നുള്ളിലും
ഒരു ചരിത്രമുണ്ട്
അത് പ്രപഞ്ചം തന്നെ
ഒരു നീഢമായി മാറുന്നതിന്റെ കഥ
ചുരുങ്ങിച്ചുരുങ്ങി
ചുളിഞ്ഞുപോവുമ്പോള്‍
കാലം ഒരു കൂട്ടിനുള്ളിലേക്ക് 
കടന്നു കയറുന്നു


പ്രണയത്തിലും മരണത്തിലും
ഒരു കൂട് നിലനില്ക്കുന്നുണ്ട്