Saturday, July 18, 2009

ഭൂമിയുടെ കണ്ണ്‌

തെളിയുമോരോ നഭസ്സിലും
നക്ഷത്രമകലുന്നു
മുകിലുകള്‍ വിളയുന്നു
ഗോവുകളാടുകള്‍ കൂട്ടമായ്‌ നീങ്ങുന്നു
പറ്റമായ്‌ ചേര്‍ന്നു നടക്കുന്നു
കടലിലൊരു കാറ്റ്‌‌ പിറക്കുന്നു
ദുഗ്‌ദ്ധം ചുരത്തുവാന്‍വെമ്പിനീങ്ങം മൃഗ-
വൃന്ദം പതുക്കെ പരക്കുന്നു ചായമായ്‌
വരവിന്‍ പെരുമ്പറ മുഴങ്ങുന്നു
വെട്ടം ജ്വലിക്കുന്നു.

നിറയുമോരോ മിഴിയിലും
സ്‌മരണകള്‍ മറയുന്നു
നീലത്തടാകം മുനിയുന്നു
അവിടെയാത്മാവുകള്‍
മുങ്ങിക്കിടക്കുന്നു
കരയിലാരോ ചിരിക്കുന്നു
ചിരിയിലിത്തിരി-
ക്കണ്ണീരുമായ്‌ വീശു-
മിലകളില്‍ കൂടി-
ക്കലമ്പുന്നുപക്ഷികള്‍
വൃക്ഷമേതോ ഗതമര്‍മ്മരങ്ങളാ-
ലര്‍ത്ഥിപ്പു ഗരിമയുടെയുയരങ്ങള്‍.

ദൂരെയുയരും പഹാഡിയിലുച്ചിയില്‍
പാടിയുയരുന്ന മഹാനാദരാശിയില്
‍പൊട്ടിയൊഴുകുന്നൂ തടാകവും മറവിയും
ഞെട്ടി വീശിച്ചുഴലുന്നു കാറ്റുകള്
‍പൊഴിയുമോരോരോ തുള്ളിയും
ഭൂമിയുടെ മിഴികളില്‍ വീഴുന്നു
അഗ്നി നിറച്ചവ,
അമ്പ്‌ തറച്ചവ
ഉരുകന്ന ഹൃദയമവയേറ്റുവാങ്ങുന്നൂ
തന്തികളവസാനരാഗങ്ങള്‍ പാടുന്നൂ;
ചോരയിലൊഴുകുന്നസ്വരിതതാളങ്ങളില്
‍ചോലതേടിനടക്കുന്ന
കാലുകള്‍നഷ്ടമാവുന്നൂ,
കാടുകള്‍നഷ്ടമായ്‌,
നാടുകള്‍നഷ്ടമായ്‌,
കാലവും സ്വപ്‌നവും നഷ്ടമായ്‌
കാതില്‍ പതിഞ്ഞസ്വരങ്ങളും നഷ്ടമായ്‌
കാലം വരച്ചവരകളും നഷ്ടമായ്‌.

മൊഴിയുമോരോവചസ്സും
നിരര്‍ത്ഥകശബ്ദമായ്‌ത്തീരുന്നു
മൊഴികളില്‍ മൊഴികളില്‍
പൊരുളായ്‌ ചിറകാര്‍ന്നു
പാറിയുയര്‍ന്നുതളര്‍ന്നൂ കുരലുകള്
‍പുസ്‌തകങ്ങളില്‍ പുകളായ്‌ പടര്‍ന്നവ,
കല്‌പനകളില്‍ പൂവായ്‌ വിടര്‍ന്നവ,
ഓംകാരമല്ലാഹുഅക്‌ബര്‍ ഉതിര്‍ത്തവ,
കുരിശിന്നിടയിലും പൂക്കള്‍വരച്ചവ,
ഉരിയാടുമൊച്ചയില്‍ചുമയായ്‌ വളര്‍ന്നവ,
ചുമയുടെ തുടലില്‍ കിടന്നുമരിച്ചവ.

ചിതറുൂമോരോരുറക്കിലും
സ്വപ്‌നങ്ങളകലുന്നു
സത്യങ്ങള്‍തെളിയുന്നു
ചിമ്മിയിറുകെയടഞ്ഞ മിഴികളില്‍
നിറയാതെകവിതകള്‍ പോവുന്നു
വാഴ്‌ വിലോ, കത്തും മണല്‍ക്കാട്‌ വിങ്ങുന്നു;
മൃഗതൃഷ്‌ണകണ്ടോടി നീങ്ങുന്ന
ചുവടുകള്‍തളരുന്നു,
പതിയെനിശ്ചലമായികാലുകള്
‍ശ്വസനങ്ങള്‍ തളരുന്നു
നെഞ്ചില്‍ കുറുകും
പിറാവിന്റെചിറകിലെ
ചോരക്കറകണ്ടു ഞെട്ടുന്നു.

എരിയുമോരോ വപുസ്സിലും
യുദ്ധങ്ങള്‍ നിറയുന്നു
അന്യോന്യമല്ലാത്ത ശത്രുതയ്‌ക്കെത്രപേര്
‍കൊന്നുകൂട്ടുന്നൂ നിനവുകള്‍
മോഹങ്ങള്‍തിന്നു തീര്‍ക്കുന്നൂ
ശകാരവും ശാപവും?

സത്യ, മിതത്രേ ചരിത്രം!
മാവ്‌ വേണ്ട,
ചിതവേണ്ട,
മയ്യത്ത്‌ കട്ടില്‍വേണ്ട,
സ്‌മൃതിപേടകങ്ങളും!
കവിതകള്‍, ചിറകുകള്‍
കവിതകള്‍ക്ക്‌‌ചിറകില്ലെന്ന്‌
ആരോ എഴുതിവെച്ചു.
ഇന്നലെ എന്റെ കിളിക്കൂടില്‍
രണ്ടുകവിതകള്‍വിരുന്നുവന്നിരുന്നു
അവിടെയുണ്ടായിരുന്ന
എന്റെ സ്വന്തം കിളിക്കുഞ്ഞുങ്ങള്‍
ചത്തുമലച്ചിരുന്നു
മുറ്റത്തിനപ്പുറം ഒരുക്കിയ
ചെറിയ ഉദ്യാനത്തില്‍
ഞങ്ങള്‍ കവികള്‍
പറഞ്ഞും കൊറിച്ചും
ഇരിക്കയായിരുന്നു
അതിനിടയില്‍
ചിറകുള്ള കവിതകള്‍പറന്നെത്തുകയും
സ്വന്തം കവിതകള്‍പിടഞ്ഞുമരിക്കുകയും................................

Friday, July 17, 2009

കവിതയും കണ്ണീരും വേണ്ടാത്തൊരാള്‍

എത്ര നാളായി
ഞാനീ കൂടിനുള്ളിലാണെന്ന്‌
നീയറിയുന്നുണ്ടോ?
എത്രനാളായി
ഞാനീ കടല്‍ച്ചൊരുക്കിലാണെന്ന്‌
ഹേ, നാവിക, നീയറിയുന്നുണ്ടോ?
കടലിലേക്കൊഴുകിയ
ആറ്റു വഞ്ചിമരത്തില്‍
ആരുമറിയാതെ
നീ കിടന്നുറങ്ങുകയായിരുന്നു.
ഇനി നീ ഉണര്‍ന്നുകഴിഞ്ഞു,
ഇനി രക്ഷയില്ലാത്ത കയങ്ങള്‍ പേടിച്ച്‌,
മറുകര കാണാതെ പരപ്പുകള്‍ പേടിച്ച്‌,
തുഴയില്ലാതെ
ആറ്റു വഞ്ചിത്തടിയില്‍ പറ്റിപ്പിടിച്ച്‌
നീ വിലപിച്ചുകൊണ്ടിരിക്കും.
നിന്റെ വിലാപങ്ങളില്‍
പവിഴക്കാടുകള്‍ വിജൃംഭിതമാവും
മീന്‍കൂട്ടങ്ങള്‍നിശ്ചലമാവും
കടലിന്‍ ഹ്രദങ്ങള്‍ വീണ്ടും ആഴ്‌ന്നുപോവും
കവിതയില്‍നിന്ന്‌ രക്ഷയില്ലാത്തത്‌
കവിക്ക്‌ മാത്രമാണ്‌.
ഞാന്‍ ഇനിയും ഈ കൂട്ടിനുള്ളില്‍
നിന്നെയോര്‍ത്ത്‌ പരിഹാസത്തോടെ
സുഖവാസം നടത്തും.
മദാലസമായ ഗാനങ്ങള്‍
ലയവിന്യാസങ്ങള്‍
നീയില്ലാത്ത രാവുകള്‍ പകലുകള്‍
നക്ഷത്രഖചിതമായ വാനങ്ങ
ള്‍തിത്തിരിപ്പക്ഷികള്‍ പാറുന്നവേലിപ്പടര്‍പ്പുകള്‍
ശലഭങ്ങള്‍സ്‌പര്‍ശിക്കാത്ത പൂവുകള്‍
എനിക്ക്‌ ഞാന്‍ മാത്രം മതി
കണ്ണീര്‍വേണ്ടകവിതയുംവേണ്ട

സമാന്തരങ്ങള്‍

നമ്മുടെ നിലയങ്ങളില്‍
കവിതകള്‍മാത്രമാണ്‌
ഇടം കിട്ടാത്തവര്‍
നമുക്ക്‌ തമ്മില്‍
കവിതയുടെ മതിലുകള്‍വേണ്ട.
പറയുന്നവന്റെ ദൈന്യവും
കേള്‍ക്കുന്നവന്റെ ഉപഹാസവും
മാത്രം മതി.
നക്ഷത്രങ്ങളില്
‍ചിറക്‌ വെന്തപറവകളില്
‍കിനാവുകളൊന്നും
അവശേഷിക്കുകയില്ല.
അവസാനംനമ്മുടെ
രാപ്പാടികള്‍മറ്റെങ്ങോ
ചേക്കേറുമ്പോഴേക്കും
നീയോ ഞാനോ അവശേഷി്‌ക്കുകയില്ല.
ഒടുവില്‍ സത്യം പുറത്തുവന്നപ്പോള്‍
ഉള്ളിന്റെയുള്ളില്‍
വിരിഞ്ഞ മൃദുഹാസത്തില്
‍സ്വര്‍ണ്ണത്തിന്റെ തിളക്കം.
ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം.
കാരണം നമ്മള്‍ സമാന്തരങ്ങള്‍മാത്രമാണ്‌

ബസ്റ്റാന്റ്‌

(ഒന്ന്‌)സ്വതന്ത്രരുടെ പാളയത്തില്
‍ചിത്രശലഭങ്ങള്‍ പൂക്കുകയും
പൂവുകള്‍ പറക്കുകയും ചെയ്യുന്നു
ആരവങ്ങളിലെല്ലാം സംഗീതം
ഹിന്ദുസ്ഥാനി കര്‍ണാട്ടിക്ക്‌സോപാനം കഥകളി മുദ്രാ വാക്യം
തെറിതെറിവിളികളില്‍ ഒഴുകിവരും കാറ്റ്‌
സംഗീതക്കടകളിലെ കാസറ്റ്‌
പഴച്ചാറുകള്‍ സി.ഡി.കള്‍
പവിഴനൊമ്പരങ്ങള്‍ നീലപ്പടങ്ങള്‍മ
ധുരനൊമ്പരക്കാറ്റ്‌
മൊബൈല്‍ ഫോണുകള്‍ക്ക്‌
ജീവന്‍ വെയ്‌ക്കുന്ന ഉള്‍ നാടന്‍ ബസ്റ്റാന്റ്‌.

(രണ്ട്‌)
ഹോട്ടലുകളില്‍ ശാന്തിയുണ്ടണ്ട്‌
ദുര്‍ഗ്ഗന്ധങ്ങളുണ്ട്‌
ദൈവങ്ങളുടെ പടങ്ങളില്‍ കരിപുരണ്ടിട്ടുണ്ട്‌
ഗന്ധകമുരുകുന്ന വേനല്‍ക്കടകളില്‍അ
കത്തും പുറത്തും
കറുപ്പും മഞ്ഞയും നിറഞ്ഞ
സ്‌ഫടികപാത്രങ്ങള്‍ചീ
ഞ്ഞ പഴങ്ങളുടെ
സൗന്ദര്യശാസ്‌ത്രമറിയുന്ന
മിക്‌സര്
‍മിക്‌സറിന്റേയും ബസ്സിന്റേയും
ആരവങ്ങള്‍
വര്‍ണ്ണങ്ങള്‍ കലങ്ങി മറിയുന്ന തിരക്ക്‌
തിരക്കില്‍ പെട്ട്‌ മരണം വരിക്കുന്ന സ്വപ്‌നങ്ങള്‍

(മൂന്ന്‌)
ചുറ്റും കെട്ടിടങ്ങള്
‍വെയ്‌പ്‌ പല്ലുകള്‍ നിരന്നു തുടങ്ങി
ഇളകിയാടുന്ന പഴയ പല്ലുകള്‍
ഉള്‍ നാടന്‍ പട്ടണത്തിന്‌
പല്ലു വേദനവായില്
‍നിറയെ ചോരയുമായി യക്ഷികള്
‍ദേവാലയങ്ങള്‍ക്ക്‌ കോമ്പല്ലുകളുടെഭംഗി
പലതരം ബാങ്ക്‌ വിളികള്
‍പ്രസംഗങ്ങള്‍ നിലയ്‌ക്കുന്നു
ദൈവവുമായി സംവദിക്കുന്നവ
അധികാരത്തിന്റെ വാളൂരിയവ
ആത്മവിശ്വാസം അടര്‍ന്നുപോയവ
വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍നനുത്തുപോയവ
വാലന്‍മൂട്ടകള്‍ മൃതിയടഞ്ഞവ

(നാല്‌)
മൗനം തളര്‍ന്നുനില്‌ക്കുന്ന
വഴിയോരങ്ങളില്‍ നിന്ന്‌
വടക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തെക്ക്‌
വാര്‍ത്തകള്‍ പറന്നെത്തുന്നുണ്ട്‌.
പോര്‍ട്ടര്‍മാരുടെ കിരീടങ്ങള്‍ക്കുള്ളില്‍
നീലയും ചുവപ്പുംകിരീടങ്ങളുണ്ട്‌ണ്ട്‌
കാവിക്കിരീടങ്ങളുമായി സന്ന്യാസിമാര്‍ നടക്കുന്നുണ്ട്‌
രാജാവിനെ രാജകുമാരനെ ഒരു മന്ത്രിയെ ഒരു തേരാളിയെ------
കിരീടങ്ങള്‍ അനാഥമാവുന്ന നാല്‌ക്കവലയുണ്ടണ്ട്‌.
അപ്പുറത്ത്‌ ഒരു കനാല്‍ ഒഴുകുന്നുണ്ട്‌
കനാലില്‍ വാര്‍ത്തകള്‍ ഒഴുകുന്നുണ്ട്‌

വടക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തെക്ക്‌
കനവുകളും നിനവുകളുമുണ്ട്‌
കദനങ്ങളും കവിതകളുമുണ്ട്‌
നിറവുകളുണ്ട്‌
നിലയങ്ങളുണ്ട്‌
നിലവറകളും കലവറകളുമുണ്ട്‌.
അഴുക്ക്‌ പടലങ്ങളുണ്ട്‌
വാര്‍ത്തകള്‍
വടക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തെക്ക്‌
കമലാക്ഷിയുടെ ആത്മഹത്യയില്
‍ഓട്ടോറിക്ഷയിലും ബസ്സിലും
മാറിമാറി ജോലിനോക്കുന്നപത്മലോചനന്‍
ചാരായം മോന്തിപോല്‍!
(രഹസ്യം, സ്‌പിരിറ്റ്‌ കടത്തിയതിന്‌എക്‌സൈസുകാര്‍
ചാര്‍ലിമുഹമ്മദിനെ തെരയുന്നുണ്ട്‌)
കടലവറുക്കുന്ന കറുമ്പിയുടെ കണ്ണുകളില്‍
എപ്പോഴും രോഷമാണെന്ന്‌
എലുമ്പന്‍ പോര്‍ട്ടര്‍ക്ക്‌ ഒരുപ്രേമവുമുണ്ടെണ്ടന്ന്‌
പോസ്റ്റ്‌ ബോക്‌സിന്റെ അടിഭാഗം
അടര്‍ന്നുപോയെന്ന്‌
സങ്കടക്കാരുടെയും എലുമ്പന്‍ പോര്‍ട്ടറുടെയും കത്തുകള്‍
ബസ്റ്റാന്റില്‍ പാറിനടപ്പുണ്ടെന്ന്‌

(അഞ്ച്‌)
ആര്‍ക്കും കയറിയിറങ്ങാവുന്ന
ബസ്സുകളില്‍ദൈവമേ,
നീയൊരു കിളിയായി മാറുന്നു
നിനക്ക്‌ സ്‌തോത്രം
പ്രസവത്തില്‍ ബസ്സിന്‌കിളി
ഒരു സൂതികര്‍മ്മിണിയാവുന്നു
പിന്നെ വസന്തവും പൂക്കളും വിരിയുമ്പോള്
‍ബസ്സിനെ ഗര്‍ഭിണിയാക്കുന്ന കാമുകന്‍അ
യല്‌ക്കാരന്റെ ബസ്സുകള്‍ക്ക്‌ ജാരന്
‍സ്വാതന്ത്ര്യം തന്നെയാണ്‌ കിളി
മടുപ്പില്ലാതെ എന്നും പറക്കുന്ന കിളി
എല്ലാം അറിയുന്നവന്‍
കിളിഅറിയാത്ത ലക്ഷ്യങ്ങളിലേക്ക്‌
ബസ്സിലിരിക്കുന്നവര്‍
നില്‌ക്കുന്നവര്‍തള്ളുന്നവര്‍ ഉരസുന്നവര്‍പി
ന്‍വശം മാത്രംകാണുന്നവര്‍


(ആറ്‌)
ബസ്റ്റാന്റിനടുത്ത്‌ മരങ്ങളുണ്ട്‌
മരച്ചോട്ടില്‍ കളിയുണ്ടണ്ട്‌
കച്ചവടമുണ്ട്‌
പകിടയും ചീട്ടുമുണ്ട്‌
കൊമ്പന്‍ മീശക്കാരുണ്ട്‌
പിമ്പുണ്ട്‌ പിടക്കോഴിയുണ്ട്‌
പകുതിയൊഴിഞ്ഞകുപ്പിയുണ്ട്‌
പാത്രങ്ങളില്‍ പഴങ്കഞ്ഞിയുണ്ട്‌
ബെയ്‌ക്കറിയില്‍ വേറിട്ടുനില്‌ക്കുന്ന ചെറിപ്പഴങ്ങള്‍പ
ഞ്ചസാരയും പാവും വര്‍ണവും ചാലിച്ച്‌
അരമതില്‍ച്ചാരുകളില്
‍കെട്ടിടത്തണലുകളില്
‍കൊച്ചുകൊച്ചു ചെറികള്
‍ഇലകൊഴിയുമ്പോള്‍ കാറ്റ്‌ വീശുന്നു
കാറ്റടിക്കുമ്പോള്‍
ആകാശം മേഘാവൃതമാവുന്നു
മേഘവാനങ്ങളാണ്‌
സ്വര്‍ണനാളങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നത്‌
കൊറ്റികള്‍ മേയുന്ന
വാനങ്ങളിലൂടെനിരത്തുകള്‍
ബസ്റ്റാന്റിലേക്ക്‌ ഇഴയുന്നു

(ഏഴ്‌)
വര്‍ക്ക്‌ ഷാപ്പിന്റെ ഒരു ചീള്‌
ബസ്റ്റാന്റില്‍ നിന്ന്‌ കാണാം
മുളച്ചുയരുന്ന കെട്ടിടങ്ങള്‍ക്കിടയില്‍
ഒരു വെള്ളക്കീറ്‌ചീറിയടിക്കുന്ന വെള്ളം
അലറാന്‍ മറക്കുന്ന എഞ്ചിന്
‍സോപ്പ്‌ കുമിളകള്
‍ബസ്റ്റാന്റിന്ന്‌ മുകളില്‍
തണല്‍ പരത്തുന്ന മാവ്‌
ചരിത്രങ്ങളുടെ സാക്ഷി
രക്തസാക്ഷിയായവനെ ലാളിച്ച്‌
പോരാടിയവന്‌ മധുരമേകി
അവസാനവിറകായി
കാത്തിരിക്കുന്ന മാവ്‌
ഓയിലും വെള്ളവും കലര്‍ന്നമണ്ണില്‍
ഉറച്ചു നില്‌ക്കുന്ന മാവ്‌

(എട്ട്‌)
ബസ്റ്റാന്‍റിന്‌ രാഷ്‌ട്രീയമുണ്ട്‌
രാഷ്‌ട്രീയഫലകമുണ്ട്‌
ബസ്റ്റാന്റ്‌ പാര്‍ട്ടിയെന്ന്‌
ചിലര്‍ക്ക്‌ വിളിപ്പേരുണ്ട്‌
പടിഞ്ഞാറ്‌ ഗത്താണ്‌ പാര്‍ട്ടയാപ്പീസ്‌
ഉയര്‍ത്തിക്കെട്ടിയ ചെങ്കൊടി
പാര്‍ട്ടിയാപ്പീസിലേക്ക്‌
വിവരങ്ങളുമായി വരുന്നവരില്
‍സാക്ഷാത്‌കരിക്കപ്പെടാത്തമോഹങ്ങളുണ്ട്‌
ഇതള്‍ വിരിയാത്ത പൂവുകളുണ്ട്‌
പരാതികള്‍ വിഹ്വലതകള്‍
പ്രണയങ്ങള്‍ വിവാഹങ്ങള്‍
വിവാഹമോചനങ്ങള്
‍സംഘട്ടനങ്ങള്‍ മന്ത്രവാദങ്ങള്‍
മന്ദ്രവാതങ്ങള്‍ആത്മഹത്യകള്‍
ചതിക്കുഴികള്
‍കണ്ണില്‍ തിളങ്ങുന്ന ശുഭവിശ്വാസങ്ങള്
‍പാര്‍ട്ടിയാപ്പീസ്‌
ഉയര്‍ന്നുപറക്കുന്ന കൊടി
അറിയപ്പെടാത്തമനുഷ്യരുമായി സാഹോദര്യം
മനസ്സിന്‌ കരുത്ത്‌
പാര്‍ട്ടിയാപ്പീസിന്‌ മുന്നില്
‍നീണ്ടു നീണ്ടു ഹരിതാഭമായിരസലവനങ്ങള്‍
മഴചാറുമ്പോള്‍ തബല വായിക്കുന്ന വാഴയിലകള്‍

(ഒമ്പത്‌)
മൂത്രപ്പുരയില്‍ രണ്ട്‌ കാവല്‌ക്കാരുണ്ട്‌
രണ്ടും നടത്തി ആരും കടന്നുകളയരുത്‌

അഹമദ്‌

നുമ്മ പെണങ്ങ്യാ പെണങ്ങീതാ.
അയിന്‌ പെണങ്ങീറ്റില്ലല്ലോ.
അനിയന്റെ മോളെ കല്യാണം
റാഹത്തായി കയിഞ്ഞി.
സ്രിദനമൊന്നും ബേണ്ടേയ്‌.
സൊര്‍ണം മേണം.
കൊടുത്ത് .

മരിച്ചവര്‍ മാലാഖമാരായിത്തീരുന്നു.
പിന്നെ ശത്രുതയില്ല.
പ്രതികാരമില്ല.
മഞ്ഞിന്റെയും
ഈതറിേെന്റയും
പടലങ്ങളില്‍
അവരങ്ങനെ പറന്നുനടക്കുന്നു.
അവരെ നുമ്മ
റൂഹെന്ന്‌ ബിളിക്കണ്‌.
ചെലര്‌ ആത്മാവെന്നും.
അനിയന്‍
ആകാശങ്ങളില്‍നിന്ന്‌,
ചിറകുകളുമായി
വട്ടം കറങ്ങുന്നത്‌
നുമ്മ മനസ്സില്‌ കണ്ടു.
മുന്നില്‌ ഒരു റെയില്‍ പാളമുള്ള
ചെറിയ വീടാണ്‌.
അയിന്റെ കോലായില്‌,
ബെലിയ ഇക്കാക്കയായി
നുമ്മ ഇരുന്നു.
സ്വതസിദ്‌ധമായ ലജ്ജാലുതയോടെ
അവന്‍ വിളിച്ചു:ഇക്കാക്കാ.
ഞാന്‍ ചുറ്റുപാടും നോക്കി.
മോള്‌, അവന്റെ മോള്‌ വന്ന്‌ പറഞ്ഞി,
മൂത്താപ്പാ, ഉപ്പബിളിച്ചി.,അഫീലാന്ന്‌.
കണ്ണുനിറഞ്ഞു.
അവന്‍ നാണം കുണുങ്ങിയായിരുന്നു
സ്‌ക്കൂളില്‍പോയില്ല.
വയലുകളേയും തോടുകളോയും സ്‌നേഹിച്ചു.
ജന്മനാ സൂഫിയായിരുന്നു അവന്‍.
ആദ്യം ചിലകുഴപ്പങ്ങളുണ്ടായി.
പിന്നെ അവന്‍ ആരുമറിയാതെ,
അവന്റേതായ സൂഫിസം നടപ്പാക്കി.
ഭക്തിഗാനങ്ങല്‍ പാടി.
പാടിക്കൊണ്ടിരി്‌കകുമ്പോഴാവണം,
അവനെ ആരോ വിളിച്ചു.
അവന്‍പോയി.
ഒരു ചെറിയ പനി.
കാരണമിെേല്ലന്ന്‌ ഡോക്ടര്‍.
കാരണമെന്തിന്‌? അവനെ വിളിച്ചു.
അവന്‍പോയി.
അവന്റെ മുളങ്കൂട്ടത്തിലേക്ക്‌
അവന്‍ തിരിച്ചുപോയി.

വള്ളുവര്‍ കോട്ടത്തെപാര്‍ക്കുമരങ്ങള്‍

ഹേമന്തത്തിലെ തണുത്തപുലരികള്
‍വള്ളുവര്‍കോട്ടത്തെപാര്‍ക്ക്‌ മരങ്ങളില്‍
പക്ഷികളായി പുതച്ചുറങ്ങി.
നടപ്പുകാരുടെവര്‍ത്തുളവൃത്തങ്ങളില്‍
കളിമയില്‍പ്പീലികള്‍ വിടര്‍ന്നകണ്ണുമായി കറങ്ങി.
കവിതയുടെ അഞ്‌ജനത്തില്‍
ഷഡ്‌ജത്തിന്റെമൃദുലമായ തുടക്കം.
തണുത്ത മഹാ വനങ്ങളില്‍
മയിലും മ്ലാവും മുളങ്കൂട്ടവും;
യാത്രയാവുക,
വീഥികള്‍ മുറിച്ചുകടക്കാന്
‍കാട്ടാനകള്‍ എത്തും മുമ്പ്‌‌,
യാത്രയാവുക.
രാജധാനികള്‍ കാത്തിരിപ്പുണ്ട്‌‌,
വഴിയോരനഗരങ്ങളിലൂടെ
ചൂരും ചൊരുക്കും ഇഴഞ്ഞെത്തുന്നുണ്ട്‌‌,
പൂട്ട്‌കണ്ടങ്ങളില്‍ചെളിനുരയുന്നുണ്ട്‌‌
,സൂര്യകാന്തിച്ചെടികള്‍പുഷ്‌പിച്ചുതുടങ്ങുന്നുണ്ട്‌‌,
പീഠഭൂമിയുടെ
ഉയര്‍ന്ന മുലകള്‍ ചുരന്ന
ദു:ഖങ്ങളില്‍മുങ്ങിപ്പോവാതെ
യാത്രയാവുക.
ജനുവരി ഒരു തുടക്കം മാത്രമാണ്‌
ഒരുഭ്രമണത്തിന്റെ,
സമയത്തിന്റെ,
ചരിത്രത്തിന്റെ,
അവസാനത്തിന്റെയും.......
പടയോട്ടങ്ങളില്‍അരഞ്ഞുപോയ
ഔഷധച്ചെടികളുടെ സ്രവങ്ങള്‍പ
ര്‍വ്വതച്ചെരിവുകളിലൂടെ
അവസാനം നിന്നിലേക്ക്‌,
മഹാസമുദ്രമേ,
നിന്നിലേക്ക്‌്‌.......
വീണ്ടും ഇഴയുന്നഋതുക്കള്‍...
ഒടുവില്‍,
ഹേമന്തം ഫണം വിടര്‍ത്താടുന്ന
ക്രിസ്‌തുമസ്‌ മരങ്ങള്‍,
പിന്നെ ജനുവരിത്തുടക്കം......
വീണ്ടും വള്ളുവര്‍ കോട്ടത്തെപാര്‍ക്കുമരങ്ങള്‍

ചുഴികള്‍

കടലൊരിത്തിരി കടന്നുവന്നാലോ?
കരയൊരിത്തിരിയടര്‍ന്നുപോയാലോ?
ഹൃദയ, മുണ്മയില്‍, പിടഞ്ഞുപോ, മതി-
ലുദകകര്‍മ്മങ്ങള്‍ തനിയെയുണ്ടാകും.

മഴയൊരിത്തിരിയുതിര്‍ന്നുപെയ്‌താലോ?
വെയിലൊരിത്തിരിയൊളിച്ചിരുന്നാലോ?
പ്രണയമുള്ളിലെ നിറവിലേക്കൊരു
പ്രളയമായ്‌ വന്നു നിറയും പിന്നെയും.

ചിറകിലേറ്റൊരു മുറിവുമായ്‌പക്ഷി-
യരികില്‍ വന്നൊന്ന്‌ കുറുകിനിന്നാലോ?
മുറിവിലിത്തിരി മനസ്സെടുത്തുനീ
പുരട്ടു, മെന്‍ മിഴി നിറഞ്ഞൊഴുകിടും.

വനസ്ഥലികളില്‍ ചുറഞ്ഞ വള്ളികള്
‍വിയത്തിലേക്കൊന്നുപറന്നുയര്‍ന്നാലോ?
അവയിലോ രണ്ടു കുരുക്കുകള്‍ തീര്‍ത്ത്‌
മുകിലുകളൊത്തു പറന്നുരുളും നാം.

കവിതയില്‍ നിന്ന്‌ പദങ്ങളോരോന്ന്‌
കടലില്‍ മീനായിപ്പുളഞ്ഞു നീന്തിയാല്‍?
നഭസ്സില്‍ നക്ഷത്രവഴിയില്‍ നീങ്ങിയാല്‍?
തടവ്‌ ചാടുന്ന കനവായ്‌ മാറിയാല്‍?
വിശപ്പ്‌ മാറുന്നൊരുരുളയായ്‌ വന്നാല്‍?
മുലയില്‍ പാലായി ചുരന്നൊഴുകിയാല്‍?
കിഴക്ക്‌ സൂര്യനായുദിച്ചുപൊങ്ങിയാല്‍?
വടക്ക്‌ വാതമായ്‌ ലയിച്ചു വീശിയാല്‍?
ഇടയ്‌ക്കിടയ്‌ക്ക്‌ നാം ചിരികരച്ചിലില്
‍തുടരുമീവാഴ്‌വില്‍ വിളയുമര്‍ത്ഥങ്ങള്‍,
മരണവും തോറ്റു മടങ്ങുമര്‍ത്ഥങ്ങള്‍.

ചുറഞ്ഞുനീങ്ങുന്ന ചുഴികളത്രേ നാ,
മിതുവരെ മണ്ണില്‍ കഴിഞ്ഞ നാളുകള്‍

Thursday, July 16, 2009

കവിതകള്‍ ആത്മാവിന്റെ നുറുങ്ങുകളാണ്.
ഒര്‍ഹാന്‍ പാമുക്ക് തന്റെ വിഖ്യാതമായ " മഞ്ഞ്" എന്ന നോവലില്‍ കവിതയുണ്ടാവുന്ന വഴി വിവരിക്കുന്നുണ്ട്.
കാ കവിതയെഴുതാന്
വിചാരിക്കാത്ത നിമിഷത്തില്‍
അത് ഒഴുകിയെത്തുകയാണ്.
മഞ്ഞുരുകാതിരിക്കുമ്പോഴും
കവിതയ്ക്ക് ഒഴുകാനാകും.
പഴയൊരു പാണല്‍ച്ചെടിമതി, ഒരാള്വിത വരാന്‍. ഒരു ചേമ്പിന്‍തണ്ട് മതി. ഒരു പേരക്ക മതി, ചെമ്പരുത്തിപ്പൂവ് മതി. ഒരു തുള്ളി ചോര മതി. ചമരി മാനും ഹിമാലയവുമൊന്നും വേണ്ടഅവ പിറകെ വരുന്നതാണ്.ഒരു മന്ദഹാസം മതി, ഒരു തുള്ളി കണ്ണീര് മതി.

കവിതകള്‍

കവിതകള്‍ ആത്മാവിന്റെ നുറുങ്ങുകളാണ്.
ഒര്‍ഹാന്‍ പാമുക്ക് തന്റെ വിഖ്യാതമായ " മഞ്ഞ്" എന്ന നോവലില്‍ കവിതയുണ്ടാവുന്ന വഴി വിവരിക്കുന്നുണ്ട്.
കാ കവിതയെഴുതാന് വിചാരിക്കാത്ത നിമിഷത്തില്‍ അത് ഒഴുകിയെത്തുകയാണ്.
മഞ്ഞുരുകാതിരിക്കുമ്പോഴും
കവിതയ്ക്ക് ഒഴുകാനാകും.
പഴയൊരു പാണല്‍ച്ചെടിമതി,
ഒരാള്‍ക്ക്കവിത വരാന്‍.
ഒരു ചേമ്പിന്‍തണ്ട് മതി.
ഒരു പേരക്ക മതി,
ചെമ്പരുത്തിപ്പൂവ് മതി.
ഒരു തുള്ളി ചോര മതി.
ചമരി മാനും
ഹിമാലയവുമൊന്നും വേണ്ട
അവ പിറകെ വരുന്നതാണ്.
ഒരു മന്ദഹാസം മതി,
ഒരു തുള്ളി കണ്ണീര് മതി.

സംഘബോധം

തിരമാലകളില്‍ ഒഴുകുകയാണ്‌
നേര്‍ത്ത ഇരമ്പലുകളോ
ഒട്ടും താളമില്ലാതെ
ചെവിയില്‍ വന്നലയ്‌ക്കുന്നു?
വലിയൊരു വീഴ്‌ചയിലെന്നപോലെ
ഉണര്‍ന്നുപോയപ്പോള്‍,
മലര്‍ന്ന്‌കിടന്ന്‌മുറിയുടെ
അഞ്ചാംഭിത്തിയിലെ
ചിത്രപ്പണികള്‍നോക്കുകയാണ്‌.
പ്ലാസ്റ്റര്‍ചെയ്‌തഇടതുകാലിന്റെ
ഭാരത്തിലേക്ക്‌
വലതുകാല്‍ തൊട്ടു നോക്കി.
വായപിളര്‍ന്നസ്വപ്‌നങ്ങള്
‍പാറ്റകളായി
ഏകാന്തമായമുറിയിലൂടെ പറക്കുന്നു.
ജാലകത്തിനപ്പുറം
പേരയും ഞാവലും
അന്യോന്യം തൊട്ടുനോക്കുന്നുണ്ട്‌.
താഴെ ചിണുങ്ങുന്ന പിടക്കോഴിയെ
അണ്ണാന്‍ പരിഹസിക്കുന്നുണ്ട്‌.
കുയില്‍ ശബ്‌ദാനുകരണം നടത്തുന്നുണ്ട്‌
എന്നത്തേയും പോലെകിളികുലം
മന്ദ്രമധുരമായിപാടുന്നുണ്ട്‌
കൂട്ടം തെറ്റിയ പക്ഷിയുമായി
വേടന്‍മന്ദഹസിക്കുന്നുണ്ട്‌
തെങ്ങുകളുടെ തഴച്ചശരീരങ്ങളില്‍
വളയങ്ങള്‍ തെളിയുന്നുണ്ട്‌.
ചെമ്പരുത്തിച്ചെടികളില്
‍ചോരക്കിനാവുകളും
കഴിഞ്ഞ പോരാട്ടങ്ങളുടെ
സ്‌മരണകളും തുടിക്കുന്നുണ്ട്‌.
തെറ്റായ ക്രോസിങ്ങുകളെ
ഓര്‍മ്മിപ്പിച്ച്‌
ചെറുനിരത്തിലൂടെ
ഇരുചക്രവാഹനങ്ങള്‍ഇരമ്പിയോടുന്നുണ്ട്‌.
ഉറങ്ങാന്‍ മാത്രമുള്ള
ഈ മുറിയിലെ
മുനിഞ്ഞവിളക്കിനും
റോസ്‌മരത്തില്‍ തീര്‍ത്ത
അള്‍മിറയ്‌ക്കും
കണ്ണാടി വെച്ച
കക്കൂസ്‌ വാതിലുകള്‍ക്കും
പരന്ന കട്ടിലുകള്‍ക്കും
ചിതറിയ കസാലകള്‍ക്കും
പുസ്‌തകാലംകൃതകളായറാക്കുകള്‍ക്കും
കൃത്രിമപ്പൂക്കള്‍നിറച്ചകണ്ണാടിക്കള്ളികള്‍ക്കും
നേരവകാശി.
വലതുവശത്തെ ഷോകെയ്‌സില്
‍താജ്‌മഹല്‍, അജന്ത,
തൊടുമ്പോള്‍ പാടുന്ന ശില്‌പം,
പാടട്ടേ, കിളികള്‍ പാടട്ടേ.
വെള്ളിയില്‍ കടഞ്ഞ ഒട്ടകങ്ങള്‍,
തേക്കില്‍ കൊത്തിയ ആനകള്‍,
കളിമണ്ണ്‌ മെനഞ്ഞ ചമരിമാനുകള്‍,
ധ്രുവശൈത്യത്തിന്റെ ചെരിഞ്ഞ നോട്ടങ്ങള്‍;
ഞാനായി, എന്റെ പാടായി, പാട്ടുമായി
എന്നനെടുവീര്‍പ്പുകള്‍.
ജാലകത്തിരശ്ശീലകളില്‍ പടര്‍ന്നു നില്‌ക്കുന്ന
രോഗാതുരമായ ഡ്രേപറികളിലൂടെ
വളഞ്ഞും പുളഞ്ഞും
ചലിക്കുന്ന കണ്ണുകള്‍,
മുറപോലെ ശ്വാസോഛ്വാസങ്ങള്‍.
എനിക്ക്‌ കാലുകള്‍ ഉയര്‍ത്തിഎഴുന്നേല്‌ക്കണം,
കൂട്ടം കൂടി നടക്കണം,
പുരുഷാരങ്ങളിലലിയണം,
അണ്ണാനും കീരിക്കുമൊപ്പമോടണം,
കിളികുലത്തിന്‍ സംഘഗാനം പാടണം,
ഒരുമയില്‍ പൊറുക്കണം
ഒറ്റയാനാവാതിരിക്കണം.

Tuesday, July 14, 2009

കമല, മാധവിക്കുട്ടി, സുരയ്യ

ഇന്നു പുലര്‍ച്ചെ
പക്ഷികള്‍ക്ക്‌
തൂവല്‍നഷ്ടമായി
ചെടികള്‍ക്ക്‌ പൂക്കള്‍
മലകള്‍ക്ക്‌ താഴ്‌ വരകള്‍
കടലിന്‌ ഇരമ്പം
കൃഷ്‌ണമൃഗങ്ങള്‍ക്ക്‌ കസ്‌തൂരി
എനിക്ക്‌ എന്റെ പേന
എന്റെ ഹൃദയം തുളച്ച്‌
പാട്ടുപക്ഷി പുറത്തേക്കു പറന്നുപോയി
സ്വര്‍ഗ്ഗങ്ങള്‍
അവളുടെ ഗാനങ്ങള്‍
കൊണ്ടുപോയി
മാലാഖമാര്‍അവളുടെ
മന്ദസ്‌മിതം
ദൈവം അവളുടെ ആത്മാവ്‌
എനിക്ക്‌ അവളെ, പക്ഷേ, പൂര്‍ണമായി വേണം.
അവളുടെ നീഢത്തില്‍
ഒരു പക്ഷിയുണ്ടായിരുന്നു
തുളച്ചുകയറുന്ന ശബ്ദത്തില്
‍ചിലയ്‌ക്കുന്ന ഒരു കഴുകന്
‍പ്രണയങ്ങളെയും ബന്ധങ്ങളെയും
കൊത്തിക്കീറുന്നമൂര്‍ച്ചയുള്ളകൊക്ക്‌
അവസാനിക്കാത്ത തേടലുകളുടെ
രാവണന്‍കോട്ടകളില്‍
നിറയെആ പക്ഷി,
മണം പരത്തിയിരുന്നുനീര്‍മാതളം
ഉയര്‍ന്നുനില്‌ക്കുന്നു
പ്രണയത്തിന്റെ ഭടന്മാര്‍ക്കും

കാമത്തിന്റെ പോരാളികള്‍ക്കും കാവലായി.
മാന്‍ കൂട്ടങ്ങളുടെ
വനങ്ങള്‍ക്കുംപൂമ്പാറ്റകളുടെ
ഉദ്യാനങ്ങള്‍ക്കുംമൂല്യങ്ങളുടേയും
പുരോഹിതന്മാരുടേയുംചേരികള്‍ക്കും അപ്പുറം.

ആസന്ന മരണാവസ്ഥ

സ്വര്‍ഗ്ഗത്തില്‍നിന്ന്‌
ഊര്‍ന്നിറങ്ങുന്നനൂലുകളില്
‍സ്വപ്‌നങ്ങളുടെ
പൂമ്പാറ്റകളുണ്ട്‌
സൂര്യനും ഭൂമിയും
നിബിഡസുഷിരങ്ങളില്‍സംഗമിക്കുന്നു.
പര്‍വ്വതത്തിന്റെമടക്കുകളില്‍
സത്യത്തിന്റേയും
സമത്വത്തിന്റേയുംസൃഷ്ടി
തുടങ്ങിയിരിക്കുന്നു.
കളിമണ്‍ കൂനയ്‌ക്കുമുമ്പില്
‍ശില്‌പി ധ്യാനമാരംഭിച്ചിരിക്കുന്നു
പുതിയ സമരതലങ്ങള്‍
ഉരുവപ്പെടുകയാണ്‌.
അലിവും സ്‌നേഹവും
അവിടെ ആയുധങ്ങള്‍.
സ്വര്‍ഗ്ഗത്തിലേക്കുള്ള

വീഥികളിലൂടെപ്രണയത്തിന്റെ
സൈന്യം മുന്നേറുന്നകാഴ്‌ചകള്‍.
ആത്മഹര്‍ഷത്തിന്റെ അവസാനനിമിഷങ്ങ
ള്‍കാറ്റിലൂടെമഴയിലൂടെ വെയിലിലൂടെ
ഒടുക്കത്തെ ശൂന്യതയില്‍ലയിക്കും വരെ.

തീനാളങ്ങളുടെ ഇടയന്‍

തീനാളങ്ങളുടെ ഇടയന്
‍നാക്കുകള്‍ നീട്ടിയാണ്‌
ഭക്ഷിക്കുന്നത്‌
അവന്ന്‌ കൈകളില്ല
അവന്ന്‌ അവസാനം
നാശം മാത്രമാണ്‌ ബാക്കിയാവുന്നത്‌
അടുപ്പിലും
ആത്മഹത്യാ മുറിയിലും
യുദ്ധരംഗങ്ങളിലും
കാട്ടുതീയിലും
കറുത്ത നാവുകള്‍ മാത്രം
അതിന്റെ കറുപ്പ്‌ നിറം
കാണാനാവില്ലഅവന്ന്‌
അളവറ്റധനമുണ്ട്‌,
പ്രയോജനമില്ല
വൈകാതെ അയാള്‍ കെട്ടടങ്ങും
പിന്നെ ചാരമായി
ഇളം കാറ്റില്‍പോലും
പാറിക്കൊണ്ടിരിക്കും
അയാളുടെ പത്‌നി
അഗ്നിയിലേക്കുള്ളവിറകുകള്‍
കൊണ്ടുവരും
അവ പൊട്ടിച്ചിതറി
കത്തി്‌ക്കൊണ്ടിരിക്കും.
ഒലിവെണ്ണയൊഴിച്ച്‌
അഗ്നിയെ സാന്ദ്രമാക്കും
പനമ്പട്ടകളിട്ട്‌നാളങ്ങളാക്കും
പിന്നെ, ഈന്തപ്പനയിലകള്‍
അടിച്ചുപിരിച്ച
ഒരു ചുരുളന്‍ കയര്‍
അവള്‍ സ്വയം കഴുത്തിലണിയും

Monday, July 13, 2009

കടല്‍

കടലടുത്താണ്‌, കേള്‍പ്പതില്ലേയിരമ്പം?
കാണ്‍മതില്ലേ തുടര്‍ച്ചയായാളുകള്‍
ആടിയും സ്വയം മന്ദഹസിച്ചുംതെരുനിരന്ന്‌ നടപ്പാ-
ണിരുവഴികളില്‍ വഴിവാണിഭങ്ങള്‍തന്
‍കാഴ്‌ചകണ്ടുംമണല്‍ത്തിളപ്പിന്‍ ലഹരിയേറ്റും;
അമ്പലം, പള്ളി, മിനാരങ്ങള്‍, ഭണ്ഡാരപ്പെട്ടികള്‍
എല്ലാം വലം വെച്ചു യാത്രയാവുന്നവര്‍
എല്ലാകടങ്ങളും ഏറ്റെടുക്കുന്നവര്‍
പഴയ കാലത്തെ കടല്‍ സാഹസങ്ങളി-
ലഭിരമിക്കും മനസ്സുകള്‍
കിഴവനും കടലുമായ്‌ മത്സരിക്കുന്ന മനസ്സുകള്‍,
വലിയ സ്രാവുകള്‍ ചൂണ്ടയില്‍ പെട്ടൊരാ
പുതിയ ചുഴികളില്‍ പെട്ട കിനാവുമായ്‌
ചെറിയ മീനുകള്‍ വലക്കണ്ണികള്‍ ചോര്‍ന്നു
നനമണല്‍ച്ചുണ്ടിലകപ്പെട്ട നോവുമായ്‌
പതിയെ യാത്രയാവുന്നിതാ നാവികന്‍
വലയും നശിച്ചപ്രതീക്ഷയും വള്ളവും
തിരികെയെത്തുമ്പോള്‍തിരികെട്ട കണ്ണുകള്‍,
വലിയചാകരക്കരകളില്‍ തിരിനാള-
പ്രഭകളില്‍ തരിവള ഞെരിയുന്ന രാവുകള്‍,
കടലിരമ്പത്തിനുമപ്പുറം തബലയില്‍
കരളെടുത്ത്‌ തുടിച്ചുനില്‌ക്കുന്നവര്‍,
നെഞ്ചിലോരോ തുടിപ്പിലും കടലിന്റെ
നുരയും പരപ്പും സ്വരസ്‌പന്ദനങ്ങളായ്‌,
ഗസലുകള്‍ കൊണ്ടുള്ള നീലവിരികളില്
‍നിശയുടെ നെഞ്ചില്‍ നിലാവൊരുക്കുന്നവര്
‍മുലയിലോരോ തരിപ്പും ചുരത്തുന്ന
പാലിലേക്കൊഴുകിയുണരുന്നിതമ്മമാര്‍,
ചങ്കിലോരോ കിതപ്പിലും തുഴയുടെചടുലതാളം
കുതിച്ച വേഗങ്ങളായ്‌
കടലിലൂടെങ്ങോ ചരിക്കുന്നു യാത്രികന്‍
ചുഴിയും പിശാചും വഴിതടയുംവരെ.
വെയിലും നിലാവും പുണര്‍ന്ന തടങ്ങളില്
‍മഴമുകിലൊളിവില്‍ കടന്ന നേരങ്ങളില്
‍പഴയയാത്രകള്‍ പഴകിയ മാത്രകള്‍-
ക്കിടയിലാരോ നടന്നകാല്‌പാടുക
ള്‍മായ്‌ക്കുവാനെത്തുന്നു തിരകള്‍,
അറിയാതെയെത്തുന്നു പേമഴ,
ഏവരും നനയാമറവുകള്‍ തേടിപ്പറക്കയാ-
ണവരിലുണ്ടൊരു പാട്‌ പക്ഷികള്‍ പാട്ടുകാര്‍,
അവരിലുണ്ടൊരുപാട്‌ ജിന്നുകള്‍ യക്ഷികള്‍.
ഞാനോ നനയുന്നു, പിന്നെയും പിന്നെയും;
കടലോ പരന്നുകിടക്കുമപാരത

ചെന്നൈ മഴൈ.....!

(ഒന്ന്‌)
കത്തിരിച്ചൂടില്‍ പൊള്ളും നഗരം,
പാര്‍ക്കിന്നുള്ളില്‍ കടലവറച്ചട്ടി-
യാവുന്നൂ ഹൃദയങ്ങള്‍.
വേതാളമരങ്ങളില്‍
കുടിപാര്‍ത്തവര്‍ വീണ്ടും
മൃത്യുവിന്‍ വരിയസ്ഥിക്കൂട്ടിലുണ്ടെല്ലായ്‌പോഴും
വെറുതെവരുന്നതാണീ പുരുഷാരം,
ചാരുബെഞ്ചിലോ മുന്നോട്ടാഞ്ഞു
കൈകളാല്‍ മുഖം താങ്ങി
വെറുതെയിരിക്കുന്നു
വെയില്‍പോകവേ,
പാര്‍ക്കില്‍പുകിലാണനവധിമയിലാട്ടക്കാര്‍,
കുയില്‍പ്പാട്ടുകാരെത്തുന്നേരം
കര്‍മ്മണിപ്രയോഗത്തിലിത്തിരിരമിക്കുവാ-
നെത്തുന്ന വൃദ്ധന്മാരും
കര്‍ത്തരിപ്രയോഗത്തിലൊത്തിരി രസിക്കുവാന്‍
എത്തുന്നു യുവാക്കളും.
വ്യായാമ മുറകളില്‍
പാര്‍ക്കിനെ ത്രസിപ്പിക്കും
മദ്ധ്യമാര്‍ഗ്ഗത്തില്‍ യാത്രതുടരും
ചിലരവര്‍അര്‍ദ്ധനഗ്നരായ്‌
ഓടിക്കണ്‍കളില്‍
മുകില്‍ ചാര്‍ത്തിനില്‌പവര്‍
പെണ്‍കുട്ടികള്‍,
കരയും കിടാങ്ങളില്‍പിടയും മനസ്സില്ലാ-
തതിവേഗത്തില്‍ നടന്നെത്തുന്ന യുവതികള്‍.
(രണ്ട്‌)
രാത്രിയാണേകാകിതന്
‍ഞരമ്പില്‍ ത്രസിക്കുന്ന
കാവ്യനൊമ്പരങ്ങളെയുണര്‍ത്തുന്നതു,
പിന്നെജാലകങ്ങളിലൂടെ
പിണയും മിന്നല്‍ജ്വാലാസംഗങ്ങള്‍ കാണുന്നതും
തപിച്ചുപോവുന്നതും.
ഏറെ നാള്‍ കാത്താണിന്നുവന്നുനീ,
പുളകമായ്‌ പരാഗമായ്‌ ചെന്നൈ മഴേ,
നിന്നെ ഞാന്‍ പ്രണമിപ്പൂ.
നഗരം നിമിഷാര്‍ദ്ധം കൊണ്ടൊരു തടാകമായ്‌
അഴുക്കുമഴകും ചേര്‍ന്നൊഴുകൂ ചരിത്രമേ.
( മൂന്ന്‌)
ദൂരെയാര്‍ദ്രയായ്‌നില്‌ക്കയാവണമെന്‍പ്രേയസി
തീരങ്ങള്‍ തണുക്കാത്ത ചരിത്രക്കടല്‍ക്കരെ
കണ്ണുകാണുവാന്‍കാത്തുനില്‌ക്കയാ-
ണകക്കണ്ണിന്‍സുന്ദരപ്രകാശത്തിന്‍
നിറവായ്‌ പ്രിയങ്കരി.
എന്റെ നെഞ്ചിലെയോട്ടുപാത്രത്തിലൊരിത്തിരി
ക്ലാവുമായ്‌ നില്‌പുണ്ടല്ലോപഴയ പുന്നാരങ്ങള്‍
എന്റെ ചങ്കിലെ മുറിപ്പെട്ടഗാനമായ്‌ തോടി,
പിന്നത്തെ തളിര്‍മാവില്‍സിന്ദൂരകിസലയം.
(നാല്‌)
എത്രവേനലായെന്റെപകലില്‍ തപിക്കിലും
എത്രവിങ്ങലായെന്റെ യുമിത്തീയെരികിലും
ഉടുക്കും കൊട്ടിപ്പാടിയിരുട്ടും മിന്നല്‍ച്ചാലും
പിണയുന്നതുനോക്കിയെത്രമേലിരിക്കിലും
കവനങ്ങളില്‍ പെയ്യാമഷിത്തണ്ടൊടിക്കിലും
കബന്ധങ്ങളായ്‌ ഞങ്ങള്‍നിങ്ങളും നടക്കിലും
എന്തൊരു കുതൂഹലമാണെനിക്കിവയൊക്കെ
എന്റെയീ മണ്‍ വീടിന്റെതടുക്കിലിരിക്കുകില്‍!
( അഞ്ച്‌)
പകലില്‍ ചൂടെന്നോതിയുറങ്ങാം, ഇന്നീ
രാത്രിമഴയില്‍വയ്യെന്നോതിപിന്നെയുമുറങ്ങിടാം

പ്രഭാകരന്

പ്രഭാകരന്‍,
താങ്കള്‍ ഒരുതെറ്റായിരുന്നു
ചരിത്രത്തിലെ തമിഴര്‍മുഴുവന്‍തെറ്റായിരുന്നു.
യുദ്ധങ്ങളില്ലാത്ത ലോകം
എത്രമനോഹരമായിരിക്കും
പ്രഭാകരന്‍,
പക്ഷേരാജാവ്‌
താങ്കളെ തഥാഗതന്റെ
സത്യത്തിലൂടെപരാജയപ്പെടുത്തി.
കരുണാനിധിയായ കിഴവ
ന്
‍അഴഗിരിക്കും കനിമൊഴിക്കും
ഒരുപക്ഷേ ദയാനിധിക്കും
മന്ത്രി പദവി നേടിയെടുത്തു.
താങ്കള്‍ തീവ്രവാദിയായിരുന്നു
താങ്കളും കുടുംബവും
വന്യമായ
ഏതോ ഭൂമിയില്‍,
കാട്ടില്‍,
കടലോരത്ത്‌
രക്തസാക്ഷിയാവാന്‍ ശേഷിയില്ലാതെ
ചുവന്നു ചീഞ്ഞു കിടന്നു.
വംശവൃക്ഷത്തിന്റെശാഖകളില്‍
ഇനിയെന്നാണ്‌ താങ്കള്‍ കായ്‌ചുലയുക?
അനാഥമായ
ദ്രാവിഡവംശത്തിന്‌ വേണ്ടി
ഇനിയാരാണ്‌ പോരാടുക?
അഹിംസയുടെ പ്രത്യശാസ്‌ത്രത്തില്
‍ഹിംസയുടെ നികുംഭിലകള്‍ഒ
ളിച്ചിരിപ്പുണ്ടെന്ന്‌
ഞങ്ങളും അറിയുന്നുണ്ട്‌.
കനിമൊഴിയില്‍കവിതയുണ്ടെന്നും
മതിവദനിയില്‍
ചോരമാത്രമേയുള്ളുവെന്നും
ഞങ്ങള്‍ വിധിയെഴുതി.
വിധിപ്രഖ്യാപനങ്ങള്‍ക്ക്‌
ഞങ്ങള്‍
എപ്പോഴും സന്നദ്ധരാണ്‌ പ്രഭാകരന്‍.
താങ്കള്‍ പുലിമരത്തിലേക്ക്‌
നടന്നുപോയവഴിമലിനമായിരുന്നു.
യുദ്ധത്തില്‍ ഏത്‌ വഴിയാണ്‌ അസ്വീകാര്യം?
പ്രണയത്തില്‍ ഏത്‌ മൊഴിയാണ്‌ അസ്വീകാര്യം?
എന്റെ പ്രിയപ്പെട്ടചെന്നൈനഗരം ,
ദൈവമേ,
അശാന്തിയില്‍ വെന്തുപോവാതിരിക്കട്ടെ.
തിരുക്കുറളിന്റെ കുളിര്‍മയി
ല്‍പ്രശാന്തിഅവിടെ വിളഞ്ഞു കുലയ്‌ക്കട്ടെ.

ചൈനീസ്‌ കവിത-ലീ ബായ്‌

എന്തിനു
ഹരിതപര്‍വ്വതങ്ങളില്‍
ഞാന്‍ കഴിയുന്നുവെന്ന്‌
ഭവതി ചോദിക്കുന്നു.
ഒരുമന്ദസ്‌മിതത്തോടെ,
എന്നാല്‍
മറുപടിയൊന്നും പറയാതെ
ഞാന്‍ നില്‌ക്കുന്നു;
എന്റെ ഹൃദയം
അത്രമേല്‍സ്വതന്ത്രമാണ്‌.
മുന്തിരിമൊട്ടുകള്‍
നിമ്‌നനദികളിലേക്ക്‌
ഒഴുകിയകലുകയും
അജ്ഞാതങ്ങളിലണയുകയും ചെയ്യുമ്പോള്‍,
എനിക്ക്‌ സ്വന്തമായ,
വേറിട്ട
ഒരു ലോകമുണ്ട്‌,
സാധാരണമനുഷ്യന്ന്‌ ഇല്ലാത്തത്‌.

Sunday, July 12, 2009

വീട്‌

ഏകാന്തതയില്‍എന്നെ

അവള്‍കാത്തിരിക്കുന്നു,

എന്റെ വീട്‌.

ഞാന്‍ വൈകുമ്പോ

ള്‍അവളില്‍ മ്ലാനത

എത്തിച്ചേരുമ്പോള്

‍അവള്‍ പുഷ്‌പിക്കുന്നു

നെടുവീര്‍പ്പിടുന്നു.

പൂട്ടുകളില്‍ താക്കോല്‍ ചുംബിക്കേ

അവള്‍ നെഞ്ചകം തുറക്കുന്നു

തണുത്ത തറ

ഊഷ്‌മളമായ മേല്‌ക്കൂര

ഇളകിയാടുന്ന ജാലകത്തിരശ്ശീലകള്‍

മനസ്സിന്റെ അറകളിലേക്ക്‌ പ്രവേശകവാടങ്ങള്

‍സ്‌നേഹത്തിന്റെ ശയ്യകള്

‍കാമത്തിന്റെ കമ്പിളികള്

‍വാത്സല്യത്തിന്റെ തൊട്ടില്‍

ഉള്‍ക്കാഴ്‌ചയുടെ കണ്ണാടി

ദുശ്ശാഠ്യത്തിന്റെ അമ്മിക്കല്ല്‌

ദുരന്തബോധത്തിന്റെ ഹാങ്ങറുകള്

ഈ ബെഡ്‌റൂമില്‍സ്‌നേഹത്തിന്റെ,

അടുക്കളയില്‍സുഖജീവിതത്തിന്റെ,

ഈറ്റില്ലത്തില്‍സാക്ഷാത്‌ക്കാരത്തിന്റെ,

പുസ്‌തകമുറിയില്‍ ദാഹത്തിന്റെ,

ടോയ്‌ലറ്റില്‍മോക്ഷത്തിന്റെ

പ്രകാശവലയം.

മുന്‍വശത്തെ പുല്‍ത്തകിടിക്ക്‌കളിചിരികളുടെ,

പോര്‍ച്ചിന്‌പ്രവേഗത്തിന്റെ,

നടപ്പാതയ്‌ക്ക്‌ഗതയാത്രകളുടെ

ഗന്ധം.

ഷെല്‍ഫുകളില്‍ഗ്രന്ഥങ്ങള്

‍റാക്കുകളില്‍കളിപ്പാട്ടങ്ങള്

‍വിജയമുദ്രകള്

‍ഗോവണിയുടെ പാര്‍ശ്വങ്ങളില്

‍സാലഭഞ്‌ജികകള്

‍വാതില്‌പാളികളില്

‍കൊത്തിയെടുത്തസ്വപ്‌നങ്ങള്‍

അവള്‍ എന്നെസ്വര്‍ഗമൗനത്തില്‍ഒഴുക്കുന്നു,

ഓര്‍മ്മകളുടെ സംഗീതം

മുഖരമാവുന്ന മൗനം

അവള്‍ എന്നെ

ഭീതിയുടെ തണുത്തനിശ്ശബ്‌ദതകളില്‍ നിന്ന്‌

സംരക്ഷിക്കുന്നു

ആര്‍ത്തിയും ദുരയും

ആര്‍ത്തുറയുന്ന നിശ്ശബ്‌ദത.

കൊടുങ്കാറ്റൂതുന്ന രാത്രികളില്‍

ജനവാതിലുകള്‍ സ്വയം അടയുന്നു

സൂര്യപ്രകാശത്തില്

‍നിലാവില്‍

സ്വയം തുറക്കുന്നുചുമരുകള്‍

അഭിലാഷങ്ങളില്‍

ഇഴഞ്ഞുകയറുന്നു

പെയിന്റിങ്ങുകള്‍

സ്വന്തം രഹസ്യങ്ങള്‍മൊഴിയുന്നു

കൊളാഷുകളില്

‍നൊമ്പരം പൊതിയുന്നു

ഫോട്ടോ ഗ്രാഫുകള്‍ക്ക്

‌കൃത്യമായ നിമിഷങ്ങള്‍.

പന്തവും പടവാളുമായി

ഓടിയടുക്കുന്നവരില്‍ നിന്ന്‌

എന്നെ പൊതിഞ്ഞു വയ്‌ക്കുന്ന

മറുപിള്ള,

എന്റെ വീട്‌.

ഏകാന്തതയുടെ

മുനിഞ്ഞ വാക്കുകളില്‍

ഉറക്കമായിറങ്ങിയെത്തുന്നു,ഇരുട്ട്‌.

ഉയരുമ്പോഴും താഴ്‌ന്നു പോവുന്നു

കാവ്യാലാപനങ്ങള്‍

കൃഷ്ണച്ചിറകുകള്‍

‍സ്വാസ്ഥ്യം കെടുന്നോ?
കെടുതിരികത്തുംമിനാരത്തിലേക്കുനിന്
‍വേവുമുള്ളംനനഞ്ഞുകത്തുന്നുവോ?
ഭീതതമോപിണ്ഡഭാരംശിരസ്സിലേക്കോരോനിമിഷ-
മരിച്ചുകേറുന്നുവോ?
വാക്കുകള്‍ ചങ്കിലുരുകിനില്ക്കുന്നുവോ?
നോക്കുകള്‍ കണ്ണിലിറുകിക്കിടന്നുവോ?
മണ്‍ വിളക്കിലെണ്ണയായ് കത്തവേ
എന്നെയോര്‍ത്തുവോ?
കണ്ണീര്‍കുടിച്ചുവോ?
വ്യാഴവട്ടങ്ങള്‍ കളിച്ചുനടന്നതും
ശുക്രനെ നോക്കിത്തരിച്ചുകിടന്നതും
മായ്ക്കുമോരോ പദത്തിലും ചിന്നുന്ന
നീള്‍ത്തിരകളെ നോക്കിച്ചിരിച്ചതും
വീട്ടിലെത്രമുറികളില്‍കൂടി നീ-
യേറ്റൊരമ്പിന്‍ മുറിവുമായ്
വീണ്ടുമോരോ പദം വെച്ചു, നിന്മുടി-
ക്കുത്തഴിച്ചോരോയിഴയിലും കൂടിയ
വവ്വാലിന്‍കൃഷ്ണച്ചിറകരിഞ്ഞെന്റെയീ
നീഢത്തിനുള്ളില്‍ പരക്കുകയാണ് നീ.
ചെമ്മണ്‍തൊടിയില്‍കയറി-
യഴുക്കുകള്‍വാരുന്നു
ചേമ്പിന്‍ ചുവട്ടില്‍ ചുരുട്ടയെ തോണ്ടുന്നു
നെല്ലിച്ചുവട്ടില്‍ നിവര്‍ന്നുനില്ക്കുന്നുനീ.
നിന്റെയിഷ്ടരസലവനങ്ങളില്
‍മെല്ലെ നടന്നു,
മനസ്സില്‍ തബലകള്‍മുട്ടിവീഴുമവതാളരാശിയില്
‍ഏത് നക്ഷത്രമായ് ചേര്‍ന്നുനില്ക്കുന്നുനീ?
ഏത് സ്വരമായ് കുരുങ്ങിനില്ക്കുന്നു നീ?
ഏത് നിറമായ് പടര്‍ന്നുനില്ക്കുന്നു നീ?