Monday, December 6, 2010

റൂമി കവിതകള്‍



1

നിനക്ക് ദൈവത്തിന്റെ രൂപമാണ്
രാജാവിന്റെ മുഖം
പ്രപഞ്ചത്തില്‍ നിനക്ക് ആയിത്തീരാനാവാത്ത
ഒന്നുമില്ല
നിനക്ക് വേണ്ടതെല്ലാം,
നീ നിന്നില്‍ തന്നെ തേടുക,
നീയാണത്

2
നീ ക്ഷമ പ്രകടിപ്പിക്കുകയാണെങ്കില്‍,
ആ ഗുണം നിന്നില്‍ നിന്ന് ഞാനടര്‍ത്തിയെടുക്കും
നീ ഉറങ്ങിപ്പോവുകയാണെങ്കില്‍
നിന്റെ മിഴികളില്‍ നിന്ന്
നിദ്രയെ ഞാന്‍ തുടച്ചെടുക്കും
നീ ഒരു പര്‍വ്വതമാവുകയാണെങ്കില്‍
നിന്നെ ഞാനെന്റെയഗ്നിയിലുരുക്കിക്കളയും
നീയൊരുസമുദ്രമാവുകയാണെങ്കില്‍
നിന്റെ ജലം മുഴുവന്‍ ഞാന്‍ കുടിച്ചുകളയും.
3.

വിശുദ്ധിയുടെ ജലരാശികളില്‍
ഞാന്‍ ലവണമായി ഉരുകി
വിശ്വാസധ്വംസനമല്ല, വിശ്വാസവുമല്ല, ബോധ്യവുമല്ല,
സന്ദേഹവുമല്ല അവശേഷിച്ചത്
എന്റെ ഹൃദയത്തിന് നടുവില്‍
ഒരു താരകം പ്രത്യക്ഷമായിരിക്കുന്നു
ഏഴുസ്വര്‍ഗ്ഗങ്ങളും അതില്‍ നഷ്ടമായിരിക്കുന്നു.


4. നിന്റെ ആത്മാവിനുള്ളില്‍
ഒരു ജീവചൈതന്യമുണ്ട്,
ആ ജീവിതം തേടുക.
നിന്റെ ശരീരമെന്ന പര്‍വ്വതത്തില്‍ഒരു രത്‌നമുണ്ട്,
ആ ഖനിയില്‍ അന്വേഷിക്കുക
അല്ലയോ യാത്രിക,
നീയത് തേടുന്നുവെങ്കില്‍
പുറത്തേക്ക് നോക്കേണ്ടതില്ല,
നിന്റെ അകത്തേക്കുനോക്കുക,
അത് തേടുക.

5.

ഈ ഏകാന്തത ആയിരം ജന്മങ്ങളേക്കാള്‍ വിലപ്പെട്ടത്
ഈ സ്വാതന്ത്ര്യം ഭൂമിയിലെ എല്ലാ നാടുകളേക്കാള്‍ മൂല്യമുള്ളത്
ഒരുനിമിഷമെങ്കിലും സത്യവുമായി അടുത്തുനില്ക്കാന്‍ കഴിഞ്ഞെങ്കില്‍
അത് ഈ വിശ്വത്തേക്കാള്‍ഡ, ജീവിതത്തേക്കാള്‍ വിലയേറിയത്.

6.

ഒടുവില്‍,
ഭാവനയുടെ പര്‍വ്വതങ്ങള്‍
ഒരു ഭവനമല്ലാതെ മറ്റൊന്നുമായിരുന്നില്ല
എന്റെ ഈ വലിയ ജീവിതം
ഒരുക്ഷമാപണമല്ലാതെ മറ്റൊന്നായിരുന്നില്ല
ഒരു ജീവിതകാലം മുഴുവന്‍
നീയെന്റെ കഥ
വളരെ ക്ഷമയോടെ കേള്‍ക്കുകയായിരുന്നു
ഇപ്പോള്‍ കേട്ടുകൊള്ളുക:
അത് കേവലമൊരുയക്ഷിക്കഥയായിരുന്നു.

1 comment: