Saturday, May 29, 2010

വെള്ളില



മാര്‍ബിള്‍ തറയില്‍ നടക്കുമ്പോള്‍
കരിമെഴുകിയ തറയിലേക്ക്
കവി തിരിച്ചുപോയി
അതിനു മാദകമായ മണമുണ്ടായിരുന്നു.
വെള്ളില പിഴിഞ്ഞെടുത്ത കുഴമ്പില്‍
ചകിരിക്കരി ഉടച്ചുചേര്‍ത്ത്
ചാന്താക്കി മെഴുകിയത് ആരായിരുന്നു?
അമ്മ വെളുത്തും
മോള് കറുത്തും
മോളുടെ മോളൊരു സുന്ദരിയായും
കവിയുടെ മാദകമായ ഓര്‍മ്മയിലുണ്ട്.
നിലം മെഴുകുന്ന മൂവരും
തൂങ്ങുന്നതും തുറിച്ചുനില്ക്കുന്നതും
മൊട്ടിടുന്നതുമായ
മൂന്ന് വര്‍ണ്ണങ്ങളില്‍
ഒടുവില്‍ വെള്ളിലപ്പൂവ്
പറിച്ചെടുക്കാന്‍ നോക്കിയതിനു
വെളുമ്പി പ്രാകി
കറുമ്പി കരഞ്ഞു
ചൊമന്ന സുന്ദരി
പുഴയിലൂടെ എങ്ങോ നടന്നുപോയി

No comments:

Post a Comment