Saturday, May 29, 2010

ഇനിവരാനുള്ള ബസ്സ്‌കാത്ത്.....
ബസ്റ്റാന്റില്‍
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു
എങ്ങനെയുള്ളവരാവും വരിക?
പിശുക്കന്മാരുണ്ടാവും, തീര്‍ച്ച.
കണ്ണിലേക്കും മാറിലേക്കും
തുറിച്ചുനോക്കുന്നവരുണ്ടാവും, അതും തീര്‍ച്ച
തിരക്കിനുള്ളിലും ചുളിയാത്ത ജൂബയുമായി
ജനസേവകന്മാരുണ്ടാവും
ഉത്സവത്തിനു കൊട്ടാന്‍പോവുന്ന
ചെണ്ടക്കാരുണ്ടാവും
മുലചപ്പിവലിക്കുന്ന കുഞ്ഞുങ്ങളുണ്ടാവും
ശാപവചനങ്ങള്‍ പൊഴിയുന്ന കിഴവികളുണ്ടാവും
കിളിയുമുണ്ടാവും
അവസാനം കിളിയോടൊപ്പം
ബസ്റ്റാന്റിനപ്പുറത്തെ
മരച്ചുവട്ടില്‍
കൊത്തം കല്ലാടുന്ന
നാടോടിപ്പെണ്‍കുട്ടിയുണ്ടാവും.
ചായക്കടയിലെ
അവശേഷിച്ച വാഴയ്ക്കാപൊടിയില്‍ കണ്ണുനട്ട്
അവളിരുന്നു
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു

1 comment: