Saturday, April 23, 2011

ജയിലെത്രധന്യ


ജയിലെത്രധന്യ
അവളിലനുരക്തരല്ലെങ്കിലുമെത്രപേര്‍
പുകള്‍പെറ്റവര്‍
വാളേന്തിവാണവര്‍ 
ഭരണകര്‍ത്താക്കളായൊരുപാട് കാലം 
വിരാജിച്ചുനിന്നവര്‍
ജയിലെത്രധന്യ
അവളിലുന്മത്തരല്ലെങ്കിലും 
രാജാക്കള്‍ യോദ്ധാക്കളെത്രപേര്‍
നാടിന്‍ചരിത്രം തിരുത്തിക്കുറിക്കുവാന്‍ 
നായരും നരിയുമായ്
മത്സരിച്ചേറെ നാള്‍ 
വീട്ടിനു ചുറ്റും കറങ്ങിനടന്നവര്‍
ജലപാതമെല്ലാം കുടിച്ചഭഗീരഥര്‍
സ്വര്‍ണ്ണം വിളയുന്ന ഖനികളില്‍ കുടിയേറി
വെള്ളം കുടിച്ചെന്ന് പാവം നടിച്ചവര്‍
നുരയും സുരാപാത്രമൊരുമിച്ചെടുത്തവര്‍
തുള്ളിയായ്തുള്ളിയായ് വീതിച്ചെടുത്തവര്‍
ജയിലെത്രധന്യ. 
പേരെന്തുതന്നെയാവട്ടെ, 
ജയിലെത്രധന്യ
സമാനരായെത്രപേരവളില്‍ വസിക്കുന്നു
അവളുടെ തിരുമുമ്പിലാരെന്നുമെന്തെന്നുമറിയാതെ
മന്ദഹസിക്കുന്നു, 
ചിലസമയങ്ങളില്‍ പതിയെ വിതുമ്മുന്നു
ഗദ്ഗദകണ്ഠരായ് 
ഓരോന്നുമോരോന്നുമോര്‍മ്മിച്ചുപോവുന്നു
എല്ലാം ശ്രവിക്കുന്നു 
ജയിലെത്രധന്യ

No comments:

Post a Comment