Saturday, October 9, 2010

സൂര്യതാഴ്‌ വരകള്‍


സൂര്യതാഴ്‌ വരകളില്‍
ഒരാട്‌
ഏകാകിയായി വിലപിക്കുന്നു
ദുര്‍ബ്ബലമായ നാദത്തില്‍
സ്‌മരണകളുടെ ഗര്‍ഭം ധരിച്ച
സ്വര്‍ണ്ണമേഘങ്ങളില്‍

ഏത്‌ നിമിഷവും
ഒരു വാക്‌പ്രവാഹമുണ്ടാവാം
ആട്‌ വീണ്ടും
പരിക്ഷീണമായിവിലപിക്കും
ആകാശങ്ങളില്‍ പരന്നുപോയ
കുഞ്ഞാടുകളെ കുറിച്ച്‌

ഉറപ്പുകള്‍ എപ്പോഴും
സ്വര്‍ണപാത്രങ്ങളിലാണ്‌ നല്‌കുക
അവതിരിച്ചെടുക്കുന്നത്‌
മരണമൗനത്തില്‍
ദുര്‍ഗ്ഗന്ധം വമിക്കുന്നതെങ്കിലും
ഗംഭീരമെന്ന്‌ തോന്നുന്ന
നൈരാശ്യത്തിന്റെ ചെപ്പുകളില്‍

സൂര്യന്‍ ഒരു ചതിയനത്രേ
അയാള്‍ ഒരിക്കലും അകന്നുപോവുന്നില്ല
ഞാനാണ്‌ അകന്നുപോവുന്നത്‌
ഭ്രമണങ്ങളില്‍
എന്റെ ശാദ്വലങ്ങളും
എന്റെ മരുഭൂമികളും എല്ലാം
അയാളുടെ കനിവ്‌.

No comments:

Post a Comment