Saturday, October 9, 2010

മഴക്കാക്ക.


ചുഴലിക്കാറ്റില്‍
നനചിറകുമൊതുക്കി-
ത്തന്നിണതന്‍ കണ്ണില്‍നോക്കി-
യിരിക്കും പതംഗമേ.
കറുപ്പാണഴകെന്ന് പറയാന്‍
നോക്കുമ്പോഴേ-
ക്കിരമ്പിവരുന്നൊരീ
മഴയില്‍ കുതിര്‍ന്നുവോ?
ഇടയ്ക്ക് മൃദുനാദഭാഷണങ്ങളില്‍
തമ്മ്ിലടയും വാതില്‍പ്പാളി
തുറന്നുവെച്ചേക്കുക

കാറ്റുണ്ട്, കോളും ,
മഴതിമിര്‍ത്തുപെയ്യുന്നുണ്ടീ
ഫ്‌ളാറ്റിന്റെയിറമ്പില്‍നീ
കുളിരാര്‍ന്നിരിക്കുക


വീഥിയിലൊഴുകുന്ന
മലിനപ്രവാഹത്തെ
കടയും ചക്രങ്ങളില്‍
പുരളും തീര്‍ത്ഥങ്ങളില്‍
നഗരപുരുഷാരചലനങ്ങളെ
ചെറ്റു തഴുകിയകലുന്നൊ-
രുള്‍ക്കടല്‍ത്തെളികാറ്റില്‍
പൂമരപ്പീലിത്തളിര്‍ത്തണ്ടുകള്‍
കുളിര്‍,ത്താറ്റച്ചാമരങ്ങളായ് നിന്നു
മഴയെയാശ്ലേഷിച്ചും
ശാഖകൊളിടിഞ്ഞിരുപാര്‍ശ്വവും
വുിദ്യുല്ലതാവാഹികള്‍ക്കൊപ്പം
കെട്ടിപ്പുണര്‍ന്നും
പതംഗമേ, കാണ്മുനീയെല്ലാം
പക്ഷേ,
തോട്ടിലെ മാലിന്യവും
തേന്മരത്തിലെ പഴച്ചാര്‍ത്തും നിന്‍ നിനവുകള്‍.

പണ്ടുനീ വൈലോപ്പിള്ളിക്കവിതയ്ക്കരിയവള്‍
അന്നെത്ര മനോജ്ഞമായുയര്‍ന്നൂ താരസ്വരം? *
അന്നുനീയൊറ്റയ്ക്കാര്‍ദ്രമധുരം വീട്ടിനുള്ളില്‍
മുറ്റത്ത് കുടഞ്ഞൊരാ കറുത്ത ചിറകുകള്‍
ഒതുക്കി,
യിണയുടെ നീള്‍മിഴികളില്‍ നീരായ്
ഉറന്നുമുകില്‍ ഗര്‍ഭസ്ഥിതയായ് നില്ക്കുന്നു നീ.

ഇന്നുനീ പെയ്‌കേയെന്റെ
ചെന്നൈയുമീറന്‍ചിറകാര്‍ന്നു
കോള്‍മയിര്‍കൊണ്ടുനില്ക്കുന്നൂ വിഹംഗമേ.
ഇന്നലെ കത്തിപ്പോയ പൂമരങ്ങളും,
മണ്ണിലിന്നലെ വറ്റിപ്പോയ നീരുറവയുമെല്ലാം
ഓര്‍ത്തുനീ
നിറവാര്‍ന്ന ഹൃത്തുമായ്,
കുശലമാം നീള്‍മിഴികളാല്‍
ഭാവി പാര്‍ത്തുനില്ക്കുന്നൂ കാക്കേ.

* വൈലോപ്പിള്ളിയുടെ ' കാക്ക' എന്നകവിത.

No comments:

Post a Comment