Friday, August 23, 2013

ചിങ്ങത്തിനെത്രവയസ്സായി



ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം ചോദിപ്പൂ നങ്ങേലി
കന്നിക്ക് കേറിക്കിടക്കാനോ
ചിന്നം മഴയുടെ കൂടാരം?
തന്നോട് ചോദിപ്പുനങ്ങേലി
പിന്നെയും നില്ക്കുന്നു നങ്ങേലി

ആയിരം കൊല്ലം കഴിഞ്ഞല്ലോ
ചിങ്ങം പതിവാണിവിടൊക്കെ.
കാളകയറൂരി വന്നാറെ
മിഥുനം നടത്താന്‍ തുനിഞ്ഞാറേ
ഞണ്ടിന്നിറുക്കുകള്‍ കിട്ടീട്ട്
കാളപതുക്കെയകന്നാറേ
കാനനച്ചോലക്കടുത്തുനിന്നോ
കാന്തിനിറഞ്ഞൊരു കുന്നില്‍നിന്നോ
ഏതുഗുഹയില്‍നിന്നെത്തിയാവോ
ചിങ്ങം ഗമയില്‍ കടന്നുവന്നൂ

ചിങ്ങത്തിനെന്തൊക്കെ വേണമെന്നോ
മാനിലിളതൊന്നും പിന്നെേേയതോ
കന്നിക്കരുവാത്തി കാട്ടാടും
കാട്ടാടിന്‍പിന്നിലൊളിച്ചുവന്ന
കാട്ടിലെവേടനും വേണമല്ലോ.
പിന്നെ മഹാബലിത്തമ്പുരാന്റെ
പൊന്നുതലയില്‍ ചവിട്ടേണം
പാതാളരാജന്റെ വട്ടളത്തില്‍
പാതിരാനേരത്തു ചെല്ലേണം
പാതിരാനേരത്തെമണ്ണട്ട
കണ്ടുകരയുന്നനേരത്ത്
ചിങ്ങമൊളിച്ചല്ലോ പോകുന്നൂ
സംഗതിയെന്തെന്നറിവീല

ചിങ്ങത്തിലേക്കൊരു നേന്ത്രക്കുല
കാത്തുകഴിയുകയാണല്ലോ
ഓരോപഴത്തിനുമോരോരോ
പൊന്നുതരേണം മാളോരേ
പൊന്നു വിളയുന്നനാടേത്
നാട്ടിലേക്കാരുണ്ട് പോരുന്നൂ?
നാടുവിട്ടോടി, കാടുകണ്ടോടി
കാട്ടാറും കല്ലേറും കണ്ടോടി

പിന്നെനാം കണ്ടൊരാ ചെമ്പരത്തി
കുത്തിനിറുത്തും കിരീടവുമായ്
പണ്ടെന്നോ പോയ്‌പോയ ചക്രവര്‍ത്തി
കൊണ്ടുവരുന്നുണ്ട് പൊന്നോണം
ചോദിച്ച ചോറരികിട്ടാനും
നേദിച്ചപായസമുണ്ണാനും
കോശസ്ഥിതി പാടെ മോശമല്ലോ
കേശമുഴിഞ്ഞുനടക്കട്ടെ.

മൂക്കത്തുകൈവെച്ചുനങ്ങേലി
നാക്കൊന്നുനീട്ടുന്നു നങ്ങേലി
കാക്കക്കറുമ്പിയാം നങ്ങേലി
കുയിലൊത്തുപാടുന്ന നങ്ങേലി
ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം പാടുന്നു നങ്ങേലി




No comments:

Post a Comment