Friday, August 23, 2013

കടലേ.



കല്ക്കറ്റ് സര്‍വകലാശാല നിരോധിച്ച An Ode To The Sea യുടെവിവര്‍ത്തനം.

കടലേ പറയുകെന്‍
പ്രിയരെപ്പറ്റി, ഞാനീ
നെറികേടണിയിച്ച
തുടലില്‍ പെട്ടില്ലെങ്കില്‍,
നിന്നിലൂടെത്തും പ്രിയ-
ഗൃഹത്തി, ലല്ലെന്നാകില്‍
നിന്‍മാറില്‍ മുങ്ങിത്താഴും.
കടലേ നിന്‍തീരങ്ങള്‍
ദു:ഖമാ, ണൊടുങ്ങാത്ത
പീഢയാ, ണണയാത്ത
നോവുമാ, ണനീതിയും.
നിന്റെയാകടുപ്പത്തി-
ലുരുകുന്നതെന്‍ക്ഷമാ-
ശീലവും, കടലേനിന്‍
ശാന്തത മൃതിതുല്യം,
നിന്നുടെതരംഗങ്ങ-
ളെത്രമേലതിശയം!
നിന്റെയാഴത്തില്‍നിന്നു-
മുയരും നിശ്ശബ്ദത
നിറയെ ദൗഷ്ട്യത്തിന്റെ
മൗനമാണല്ലോ, നിന്റെ
നിശ്ചലനില്പില്‍ കാപ്റ്റന്‍
വധിക്കപ്പെടുമല്ലോ ,
നിന്‍തിരകളില്‍ കടല്‍-
യാത്രികര്‍മുങ്ങിപ്പോവും,
മൃദുവായ്, ബധിരമായ്,
നിഷ്‌ക്രിയത്വമായ്, രോഷ-
വാതമായ് കടലേനീ
നിന്നിലാവഹിക്കുന്നൂ
ചുടലത്തളങ്ങളെ.

കാറ്റത്തു കോപിഷ്ടനീ
നിന്നനീതികള്‍ വ്യക്തം,
കാറ്റില്‍നീ യടങ്ങുകി-
ലിളനീരൊഴുക്കുനീ.
ഈ തുടലുകള്‍നിന്നെ
നൊമ്പരപ്പെടുത്തിയോ?
നിന്നിലേക്കണയുവാന്‍
നിര്‍ബ്ബന്ധിതര്‍ ഞങ്ങള്‍.

നീയറിയുമോ ഞങ്ങള്‍
ചെയ്തപാപങ്ങള്‍? ഞങ്ങ-
ളീയവസ്ഥയില്‍ വന്നു
പെട്ടവരാണെന്നതും?
ഞങ്ങടെ വിലങ്ങിനെ
നീയപഹസിക്കുന്നൂ
ശതച്രുപക്ഷത്തേനിന്നു
കാക്കുന്നു നീ ഞങ്ങളെ

പാറകള്‍ ചൊന്നോ നിന്നോ-
ടവയ്ക്കിടയില്‍നടക്കുന്ന
ക്രൂരമാം പൈശാചിക
വൃത്തികള്‍? പരാജിത
ക്യൂബ, തന്‍ദു:ഖാര്‍ദ്രമാം
കഥകള്‍നിനക്കായി
ട്ടൊരുക്കിത്തന്നിട്ടില്ലേ?
മൂന്നു വര്‍ഷമായ് നിന്റെ-
യരികില്‍ ഞങ്ങള്‍, നിന-
ക്കെന്തുനേടുവാനായി?
വള്ളം നിറയെ കവിതയോ,
കത്തുന്ന ഹൃദയത്തില്‍-
ലടക്കം ചെയ്യപ്പെട്ടൊ-
രുജ്വലവികാരമോ?
കവിവാക്കുകള്‍ നമു-
ക്കൂര്‍ജ്ജത്തിനുറവിടം
നൊമ്പരങ്ങളിലാര്‍ദ്രം
പുരട്ടും ദിവ്യൗഷധം.

No comments:

Post a Comment