ഒരുകാഴ്ചയില്‍ രാത്രി
കറുപ്പാണെന്നും പിന്നെ
മറുകാഴ്ചയിലതു
വെളുപ്പാണെന്നും തോന്നി.
ചിലകാഴ്ചകള്‍ മങ്ങി-
പ്പോയതുകൊണ്ടാം നിഴ-
ലിരുളും വെളിച്ചവു-
മായൊരുകളിയായി.
ഒരുപൂവിലോമഞ്ഞ-
യെത്രമേല്‍ സുരഭിലം
കരളില്‍പിത്തംവന്നു
കാമിലയാവോളവും.
നമുക്കീവെളിച്ചത്തെ
പഴിക്കാം ചിലനേരം;
ഹമുക്കേ, യിരുട്ടേ, നീ
മുണ്ടാതെയിരിക്കുക
കത്തുന്ന പെട്രോമാക്‌സിന്‍
വെളിച്ചം മറയാക്കി
മുത്തുന്ന കരങ്ങളില്‍
മന്ദമായ് തലോടുക.
കാതുനല്കുന്നോരവര്‍
സചിവരീനാടിന്റെ
കാര്യങ്ങളുരുവിടും
സരിത്തില്‍ കുളിക്കുന്നൂ.
കെട്ടുപോം വിളക്കുകള്‍
നിശ്ചയ, മതുവരെ
മന്ദഗാമിനിയായി-
ട്ടലയൂതമസ്സേനീ
നിന്നവസരംവന്നാ-
ലേതുചിത്തിലും ചെന്നു
പൈശാചലാസ്യം ചാര്‍ത്തി
നീയിനീ പുളയുക
പ്രണയം നിറയുന്ന
പ്രേയസിക്കകത്തേറി
സംശയകീടങ്ങളെ-
യിഴയാന്‍വിട്ടേക്കുക
മക്കളില്‍ നിരാര്‍ദ്രമാം
ഭാവങ്ങള്‍ ചമയ്ക്കുക
ചക്കുപാലത്തില്‍ കേറി
ചക്കരതീറ്റിക്കുക.
അന്യോന്യസന്ദേഹത്താല്‍
സൗഹൃദങ്ങളിലെല്ലാം
അന്വഹം പകയുടെ
ഹിമപിണ്ഡകംചേര്‍ക്ക.
No comments:
Post a Comment