Monday, May 15, 2017

കേള്‍ക്കുക, വിജനത്തില്‍


(ഒന്ന്)
കേള്‍ക്കുക, 
വിജനത്തില്‍ പാടുന്നു
മുളംകൂട്ടം, കുയില്‍ , നിര്‍ഝരി
പിന്നെ
നിശ്ശബ്ദം നിരര്‍ത്ഥകം
കവിത
ചങ്കില്‍ നെഞ്ചില്‍
ചോരയായ്
നോവിക്കുന്നു മമത
പൊറുക്കുക
(രണ്ട്)
എന്റെ നെറ്റിയില്‍ വീണ
കല്ലിനെ പൂവാക്കി ഞാന്‍
നിന്റെ നെറ്റിയില്‍ മൃദു
ലോഷ്മളം തടവട്ടെ.
എന്റെ വാക്കിലെയഗ്‌നി
നാളത്തെ തണുപ്പിച്ച്
നിന്റെ നോക്കിലെ വെന്ത
നോവില്‍ ഞാന്‍ തളിക്കട്ടെ.
(മൂന്ന്)
മേഘമടക്കുകളില്‍
കുടുങ്ങിയിരിക്കുന്നു ജലം
ഉരുള്‍ പൊട്ടുന്‌പോഴാണ്
പ്രളയം രൂപപ്പെടുന്നത്
പിന്നെ അദ്വൈതമാണ്
മലയും താഴ്‌വാരവുമില്ല
ആകാശവും ഭൂമിയുമില്ല
ശങ്കരനും നാരായണനുമില്ല
(നാല്)
കടുകിനോര്‍മ്മതന്‍
കയമിതെങ്കിലും
കൊടിയദു:ഖത്തിന്‍
തുരുത്തിടയ്ക്കിടെ
(അഞ്ച്)
ഇന്നു പാടുവതെന്തേ
ചോദിപ്പു മന്ദാകിനി
ഇന്നലെനീ പാടിയ
സാഗരസംഗീതമോ?
ഓര്‍ക്കനീയതുവെറു
മിരമ്പല്‍ എനിക്കിനി
കടലില്‍ ഒഴുകേണ്ട
ചെറുകുമ്പിളു മതി.
അതിലേ നിറയൂ ഞാന്‍
കടലില്‍ഞാനെന്നൊരു
ഭാവമേ കാണാനില്ല,
കടലെന്നഭാവമാം.
(ആറ്)
റെയിലില്‍ വിളയുന്നു
മരണം, കാണെക്കാണെ
വെയിലില്‍ വിളയുന്നു
വസന്തം വര്‍ണ്ണാഭമായ്
മഴയോ കവിയുടെ
പേരുതുപ്പുന്നൂ, പിഴ!
വഴിയിലിരുന്പാണി
യേറ്റുനില്ക്കുന്നൂ കാവ്യം.
(ഏഴ്)
മഴയായ് കണ്ണില്‍വന്നു
നിറയുന്നതോ, മണ്ണിന്‍
മിഴിയായ് നിറഞ്ഞൊന്നു
കരയുന്നതോ സുഖം?

No comments:

Post a Comment