Monday, May 15, 2017

ധനുസ്സിലന്‍പുപോല്‍



കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക
കുരലുപോലെന്തോ
കുരുങ്ങിനില്പുണ്ടെന്‍
ഗളത്തിലെന്തിനോ
നിറച്ചുകൊാെള്ളുക

നിലത്തുവീണൊരു
നറുമുല്ലപ്പൂവിന്‍
കരുത്തുതാവുന്ന
കവിതയില്‍കൂടി
കടന്നുപോകുന്ന
പൊഴുതിലെന്നിലെ
മനുഷ്യനെന്തിനോ
തളര്‍ന്നു നില്ക്കുന്നു
പദങ്ങളപ്പോഴും
തളിര്‍ത്തുനില്ക്കുന്നു

അവള്‍ക്കു രണ്ടുണ്ട്
കഴലുകള്‍ രണ്ടു
മിഴികളും രണ്ടു
ചെവിയും കൈകളും
എനിക്കും രണ്ടുണ്ട്
കരങ്ങളും കാലും
ഇതൊക്കെയെന്തിനി-
ന്നരിച്ചുചേറുന്നു?
അവള്‍ക്കുജീവന്റെ
മധുരഗന്ധമു-
ണ്ടെനിക്കുമുണ്ടല്ലോ
നിനക്കുമുണ്ടല്ലോ

ലതകളില്‍വിടര്‍-
ന്നുപഹസിക്കുന്ന
മലരിനുമുണ്ട്
വനങ്ങളിലോടും
മൃഗങ്ങള്‍ക്കും വാനില്‍
പറന്നുപോവുന്ന
കിളികള്‍ക്കും, ക്ഷണ-
ശലഭജീവിതം
വിരിഞ്ഞുനില്ക്കുമീ
ഹരിതഭൂമിക്കും

സമുദ്രരാശിയില്‍
പുളഞ്ഞുനീന്തുന്ന
തിമിംഗലത്തിനും
മഹാദ്രികള്‍ക്കുമേല്‍
നടന്നുനീങ്ങുന്ന
ചമരിമാനിനും
ധ്രുവങ്ങളില്‍മഞ്ഞു
തളങ്ങളില്‍പോലും
പൊരുളുപോലെന്തോ
തുടിച്ചുനില്പുണ്ട്,
കവിതയോ, മന-
സ്സുരുകുവാന്‍പോന്ന
മമതയോ, പുല്ലില്‍
പുഴുവിലും കൂടി
നിറഞ്ഞജീവന്റെ
കണമോ, വാക്കിന്റെ
സ്രവമോ സൂര്യന്റെ
നനുത്തസ്പര്‍ശത്തില്‍
മഴയായ് കാറ്റായി
വരുന്ന ജീവന്റെ
യുറവോ, പാതിരാ
ക്കിനാവിലൂറുന്ന
മധുരസംഗീതം
നുകര്‍ന്നുനില്കട്ടെ

ധനുസ്സിലന്‍പുപോല്‍
ചുറഞ്ഞുനില്കുമീ
തുടിപ്പുമായ് നമു-
ക്കിവിടെ ജീവിക്കാം
കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

(രണ്ട്)
ധനുസ്സിലന്‍പുപോല്‍
ചരിത്രമേ നിന്നില്‍
തൊടുത്തു നില്പിതാ
മഹായശസ്വികള്‍
കുരിശിലേറിയോര്‍,
മഹാധരിത്രിയെ
ഭരിച്ചവര്‍ കൊല
ക്കയറില്‍ തൂക്കിയോര്‍,
അഹിംസയെപ്പണ്ടു
വരിച്ചമാറിലേ
ക്കയച്ചതീയുണ്ട
ജപിച്ചുകൈയേറ്റോര്‍.
അപരജീവിതം
തളിര്‍ക്കുവാന്‍വേണ്ടി
രുധിരമേകിയോര്‍
നിറഞ്ഞ മണ്ണിത്
മനുഷ്യരാശിക്കു
വിനാശമില്ലായ്‌വാന്‍
ഉയിരുനല്കിയോര്‍
നിറഞ്ഞ ഭൂവിത്

കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

No comments:

Post a Comment