Monday, May 15, 2017

തീയാലുള്ള ചോദ്യചിഹ്നങ്ങള്‍



കത്തിപ്പോയ അക്ഷരങ്ങളില്‍ നിന്നാണ്
കവിത പിറക്കുന്നത്.
കവിതയില്‍
ഓരോ അക്ഷരവും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോവുന്ന കവിതകളില്‍ നിന്നാണ്
ഇതിഹാസങ്ങളുണ്ടാവുന്നത്
അവ പുതിയ മഹാഭാരതം രചിക്കും
ഓരോ പര്‍വ്വവും
അടിച്ചമര്‍ത്തപ്പെട്ടമനുഷ്യരുടെ
ഹൃദയനാദമായിരിക്കും
കണ്ണില്‍ പടരുന്ന തീനാളമായിരിക്കും.
പ്രണയങ്ങളിലും സ്വപ്‌നങ്ങളിലും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോയ താളുകള്‍ ചേര്‍ന്നാണ്
വിമോചനത്തിന്റെ
പുസ്തകങ്ങളുണ്ടാവുന്നത്
അവ പുതിയ ക്ലാസിക്കുകള്‍ രചിക്കും
ഹ്യൂഗോവും ടോള്‍സ്‌റ്റോയിയും ഗോര്‍ക്കിയും
അവയെനോക്കി തലകുലുക്കും
ചെറുകാ ട് ചുവന്നുകൊണ്ട്
അവയെ താലോലിക്കും
ഉറൂബ്
സുന്ദരിമാരെയും സുന്ദരന്മാരെയും
അണിനിരത്തും
ബഷീര്‍ ശബ്ദങ്ങളുമായി മന്ദഹസിക്കും
നാവുമരങ്ങളില്‍
സച്ചിദാനന്ദന്‍ പൂത്തുനില്ക്കും
ഓരോപുസ്തകവും നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

കത്തിപ്പോയപുസ്തകങ്ങള്‍ ചേര്‍ന്നാണ്
വായനപ്പുരകളുണ്ടാവുന്നത്
പുസ്തകപ്പുരകള്‍ നിറയെ
പുതിയ ആശയങ്ങളുണ്ടാവും
പട്ടിണികിടക്കുന്ന മനുഷ്യര്‍
പുസ്തകങ്ങള്‍ക്കായി
നിരന്നു നില്ക്കും
പുസ്തകപ്പുരകളില്‍
ആത്മാവിനും ശരീരത്തിനും
പൊള്ളലേറ്റ മനുഷ്യര്‍
സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി
കാത്തുനില്ക്കും.
പുസ്തകപ്പുരകളിലെ ഷെല്‍ഫുകള്‍ നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

No comments:

Post a Comment