Monday, May 15, 2017

വാക്കുകള്‍ക്കപ്പുറം



കവിതയില്‍ എഴുതിയ
സമുദ്രത്തേക്കാള്‍
കയമുണ്ടായിരുന്നു
അവളുടെ കണ്ണുകള്‍ക്ക്
അവയില്‍ പവിഴപ്പുറ്റുകളും
പേരറിയാത്ത മത്സ്യങ്ങളും
മഹാപര്‍വ്വതങ്ങളും തിമിംഗലങ്ങളും
ഉണ്ടായിരുന്നു.
അത്രയൊക്കെ കാണാന്‍ കഴിയുന്ന ഭാവന
എനിക്കില്ലായിരുന്നു.
അതുകൊണ്ട് പിന്നെ
സമുദ്രത്തെ പറ്റി എഴുതിയില്ല.

ചുംബിക്കാനായി കുനിയുന്‌പോഴാണ്
കാട്ടുപൂവിനെ തഴുകിവന്ന തെന്നല്‍
മുടിച്ചുരൂളുകള്‍ തഴുകി
അവളുടെ ചുണ്ടുകളില്‍ വിശ്രമിച്ചത്
തുടുത്ത മുഖവുമായി
അവള്‍ അത് ഏറ്റുവാങ്ങി
അതുകൊണ്ട് പിന്നെ
അവളെ ചുംബിക്കാന്‍ ശ്രമിച്ചില്ല

പതിയെ അവളുടെ കാതുകളിലേക്ക്
പ്രണയം മൊഴിഞ്ഞുതൂവിയപ്പോള്‍
അവളുടെ കേള്‍വി മാലാഖമാരുടെ കൈകളിലാണെന്നും
വചനം കാട്ടാറിന്റേതാണെന്നും
നക്ഷത്രങ്ങള്‍ പറഞ്ഞു.
അവളുമായി സല്ലപിക്കാവുന്നതല്ല പ്രണയം
വാക്കുകളുമല്ല
അവളിലേക്കുള്ള വഴി..

അവസാനം സുഗന്ധമായിച്ചെന്ന്
ശിപാര്‍ശ പറയുവാന്‍
പൂക്കളോടും കാറ്റിനോടും
കെഞ്ചി.
പ്രണയമറിയിക്കാനാവാതെ
അലഞ്ഞു.
വെയിലിനെ നിലാവെന്നും
തെരുവിന്റെ ബഹളത്തെ സംഗീതമെന്നും
കുതിച്ചെത്തുന്ന തീവണ്ടിയെ
പാടിവരുന്ന കോറസ്സെന്നും
കരുതി.........

No comments:

Post a Comment