Thursday, July 16, 2009

സംഘബോധം

തിരമാലകളില്‍ ഒഴുകുകയാണ്‌
നേര്‍ത്ത ഇരമ്പലുകളോ
ഒട്ടും താളമില്ലാതെ
ചെവിയില്‍ വന്നലയ്‌ക്കുന്നു?
വലിയൊരു വീഴ്‌ചയിലെന്നപോലെ
ഉണര്‍ന്നുപോയപ്പോള്‍,
മലര്‍ന്ന്‌കിടന്ന്‌മുറിയുടെ
അഞ്ചാംഭിത്തിയിലെ
ചിത്രപ്പണികള്‍നോക്കുകയാണ്‌.
പ്ലാസ്റ്റര്‍ചെയ്‌തഇടതുകാലിന്റെ
ഭാരത്തിലേക്ക്‌
വലതുകാല്‍ തൊട്ടു നോക്കി.
വായപിളര്‍ന്നസ്വപ്‌നങ്ങള്
‍പാറ്റകളായി
ഏകാന്തമായമുറിയിലൂടെ പറക്കുന്നു.
ജാലകത്തിനപ്പുറം
പേരയും ഞാവലും
അന്യോന്യം തൊട്ടുനോക്കുന്നുണ്ട്‌.
താഴെ ചിണുങ്ങുന്ന പിടക്കോഴിയെ
അണ്ണാന്‍ പരിഹസിക്കുന്നുണ്ട്‌.
കുയില്‍ ശബ്‌ദാനുകരണം നടത്തുന്നുണ്ട്‌
എന്നത്തേയും പോലെകിളികുലം
മന്ദ്രമധുരമായിപാടുന്നുണ്ട്‌
കൂട്ടം തെറ്റിയ പക്ഷിയുമായി
വേടന്‍മന്ദഹസിക്കുന്നുണ്ട്‌
തെങ്ങുകളുടെ തഴച്ചശരീരങ്ങളില്‍
വളയങ്ങള്‍ തെളിയുന്നുണ്ട്‌.
ചെമ്പരുത്തിച്ചെടികളില്
‍ചോരക്കിനാവുകളും
കഴിഞ്ഞ പോരാട്ടങ്ങളുടെ
സ്‌മരണകളും തുടിക്കുന്നുണ്ട്‌.
തെറ്റായ ക്രോസിങ്ങുകളെ
ഓര്‍മ്മിപ്പിച്ച്‌
ചെറുനിരത്തിലൂടെ
ഇരുചക്രവാഹനങ്ങള്‍ഇരമ്പിയോടുന്നുണ്ട്‌.
ഉറങ്ങാന്‍ മാത്രമുള്ള
ഈ മുറിയിലെ
മുനിഞ്ഞവിളക്കിനും
റോസ്‌മരത്തില്‍ തീര്‍ത്ത
അള്‍മിറയ്‌ക്കും
കണ്ണാടി വെച്ച
കക്കൂസ്‌ വാതിലുകള്‍ക്കും
പരന്ന കട്ടിലുകള്‍ക്കും
ചിതറിയ കസാലകള്‍ക്കും
പുസ്‌തകാലംകൃതകളായറാക്കുകള്‍ക്കും
കൃത്രിമപ്പൂക്കള്‍നിറച്ചകണ്ണാടിക്കള്ളികള്‍ക്കും
നേരവകാശി.
വലതുവശത്തെ ഷോകെയ്‌സില്
‍താജ്‌മഹല്‍, അജന്ത,
തൊടുമ്പോള്‍ പാടുന്ന ശില്‌പം,
പാടട്ടേ, കിളികള്‍ പാടട്ടേ.
വെള്ളിയില്‍ കടഞ്ഞ ഒട്ടകങ്ങള്‍,
തേക്കില്‍ കൊത്തിയ ആനകള്‍,
കളിമണ്ണ്‌ മെനഞ്ഞ ചമരിമാനുകള്‍,
ധ്രുവശൈത്യത്തിന്റെ ചെരിഞ്ഞ നോട്ടങ്ങള്‍;
ഞാനായി, എന്റെ പാടായി, പാട്ടുമായി
എന്നനെടുവീര്‍പ്പുകള്‍.
ജാലകത്തിരശ്ശീലകളില്‍ പടര്‍ന്നു നില്‌ക്കുന്ന
രോഗാതുരമായ ഡ്രേപറികളിലൂടെ
വളഞ്ഞും പുളഞ്ഞും
ചലിക്കുന്ന കണ്ണുകള്‍,
മുറപോലെ ശ്വാസോഛ്വാസങ്ങള്‍.
എനിക്ക്‌ കാലുകള്‍ ഉയര്‍ത്തിഎഴുന്നേല്‌ക്കണം,
കൂട്ടം കൂടി നടക്കണം,
പുരുഷാരങ്ങളിലലിയണം,
അണ്ണാനും കീരിക്കുമൊപ്പമോടണം,
കിളികുലത്തിന്‍ സംഘഗാനം പാടണം,
ഒരുമയില്‍ പൊറുക്കണം
ഒറ്റയാനാവാതിരിക്കണം.

No comments:

Post a Comment