(ഒന്ന്)
കത്തിരിച്ചൂടില്‍ പൊള്ളും നഗരം,
പാര്‍ക്കിന്നുള്ളില്‍ കടലവറച്ചട്ടി-
യാവുന്നൂ ഹൃദയങ്ങള്‍.
വേതാളമരങ്ങളില്‍
കുടിപാര്‍ത്തവര്‍ വീണ്ടും
മൃത്യുവിന്‍ വരിയസ്ഥിക്കൂട്ടിലുണ്ടെല്ലായ്‌പോഴും
വെറുതെവരുന്നതാണീ പുരുഷാരം,
ചാരുബെഞ്ചിലോ മുന്നോട്ടാഞ്ഞു
കൈകളാല്‍ മുഖം താങ്ങി
വെറുതെയിരിക്കുന്നു
വെയില്‍പോകവേ,
പാര്‍ക്കില്‍പുകിലാണനവധിമയിലാട്ടക്കാര്‍,
കുയില്‍പ്പാട്ടുകാരെത്തുന്നേരം
കര്‍മ്മണിപ്രയോഗത്തിലിത്തിരിരമിക്കുവാ-
നെത്തുന്ന വൃദ്ധന്മാരും
കര്‍ത്തരിപ്രയോഗത്തിലൊത്തിരി രസിക്കുവാന്‍
എത്തുന്നു യുവാക്കളും.
വ്യായാമ മുറകളില്‍
പാര്‍ക്കിനെ ത്രസിപ്പിക്കും
മദ്ധ്യമാര്‍ഗ്ഗത്തില്‍ യാത്രതുടരും
ചിലരവര്‍അര്‍ദ്ധനഗ്നരായ്
ഓടിക്കണ്‍കളില്‍
മുകില്‍ ചാര്‍ത്തിനില്‌പവര്‍
പെണ്‍കുട്ടികള്‍,
കരയും കിടാങ്ങളില്‍പിടയും മനസ്സില്ലാ-
തതിവേഗത്തില്‍ നടന്നെത്തുന്ന യുവതികള്‍.
(രണ്ട്)
രാത്രിയാണേകാകിതന്
ഞരമ്പില്‍ ത്രസിക്കുന്ന
കാവ്യനൊമ്പരങ്ങളെയുണര്‍ത്തുന്നതു,
പിന്നെജാലകങ്ങളിലൂടെ
പിണയും മിന്നല്‍ജ്വാലാസംഗങ്ങള്‍ കാണുന്നതും
തപിച്ചുപോവുന്നതും.
ഏറെ നാള്‍ കാത്താണിന്നുവന്നുനീ,
പുളകമായ് പരാഗമായ് ചെന്നൈ മഴേ,
നിന്നെ ഞാന്‍ പ്രണമിപ്പൂ.
നഗരം നിമിഷാര്‍ദ്ധം കൊണ്ടൊരു തടാകമായ്
അഴുക്കുമഴകും ചേര്‍ന്നൊഴുകൂ ചരിത്രമേ.
( മൂന്ന്)
ദൂരെയാര്‍ദ്രയായ്‌നില്‌ക്കയാവണമെന്‍പ്രേയസി
തീരങ്ങള്‍ തണുക്കാത്ത ചരിത്രക്കടല്‍ക്കരെ
കണ്ണുകാണുവാന്‍കാത്തുനില്‌ക്കയാ-
ണകക്കണ്ണിന്‍സുന്ദരപ്രകാശത്തിന്‍
നിറവായ് പ്രിയങ്കരി.
എന്റെ നെഞ്ചിലെയോട്ടുപാത്രത്തിലൊരിത്തിരി
ക്ലാവുമായ് നില്‌പുണ്ടല്ലോപഴയ പുന്നാരങ്ങള്‍
എന്റെ ചങ്കിലെ മുറിപ്പെട്ടഗാനമായ് തോടി,
പിന്നത്തെ തളിര്‍മാവില്‍സിന്ദൂരകിസലയം.
(നാല്)
എത്രവേനലായെന്റെപകലില്‍ തപിക്കിലും
എത്രവിങ്ങലായെന്റെ യുമിത്തീയെരികിലും
ഉടുക്കും കൊട്ടിപ്പാടിയിരുട്ടും മിന്നല്‍ച്ചാലും
പിണയുന്നതുനോക്കിയെത്രമേലിരിക്കിലും
കവനങ്ങളില്‍ പെയ്യാമഷിത്തണ്ടൊടിക്കിലും
കബന്ധങ്ങളായ് ഞങ്ങള്‍നിങ്ങളും നടക്കിലും
എന്തൊരു കുതൂഹലമാണെനിക്കിവയൊക്കെ
എന്റെയീ മണ്‍ വീടിന്റെതടുക്കിലിരിക്കുകില്‍!
( അഞ്ച്)
പകലില്‍ ചൂടെന്നോതിയുറങ്ങാം, ഇന്നീ
രാത്രിമഴയില്‍വയ്യെന്നോതിപിന്നെയുമുറങ്ങിടാം
No comments:
Post a Comment