Friday, July 17, 2009

ചുഴികള്‍

കടലൊരിത്തിരി കടന്നുവന്നാലോ?
കരയൊരിത്തിരിയടര്‍ന്നുപോയാലോ?
ഹൃദയ, മുണ്മയില്‍, പിടഞ്ഞുപോ, മതി-
ലുദകകര്‍മ്മങ്ങള്‍ തനിയെയുണ്ടാകും.

മഴയൊരിത്തിരിയുതിര്‍ന്നുപെയ്‌താലോ?
വെയിലൊരിത്തിരിയൊളിച്ചിരുന്നാലോ?
പ്രണയമുള്ളിലെ നിറവിലേക്കൊരു
പ്രളയമായ്‌ വന്നു നിറയും പിന്നെയും.

ചിറകിലേറ്റൊരു മുറിവുമായ്‌പക്ഷി-
യരികില്‍ വന്നൊന്ന്‌ കുറുകിനിന്നാലോ?
മുറിവിലിത്തിരി മനസ്സെടുത്തുനീ
പുരട്ടു, മെന്‍ മിഴി നിറഞ്ഞൊഴുകിടും.

വനസ്ഥലികളില്‍ ചുറഞ്ഞ വള്ളികള്
‍വിയത്തിലേക്കൊന്നുപറന്നുയര്‍ന്നാലോ?
അവയിലോ രണ്ടു കുരുക്കുകള്‍ തീര്‍ത്ത്‌
മുകിലുകളൊത്തു പറന്നുരുളും നാം.

കവിതയില്‍ നിന്ന്‌ പദങ്ങളോരോന്ന്‌
കടലില്‍ മീനായിപ്പുളഞ്ഞു നീന്തിയാല്‍?
നഭസ്സില്‍ നക്ഷത്രവഴിയില്‍ നീങ്ങിയാല്‍?
തടവ്‌ ചാടുന്ന കനവായ്‌ മാറിയാല്‍?
വിശപ്പ്‌ മാറുന്നൊരുരുളയായ്‌ വന്നാല്‍?
മുലയില്‍ പാലായി ചുരന്നൊഴുകിയാല്‍?
കിഴക്ക്‌ സൂര്യനായുദിച്ചുപൊങ്ങിയാല്‍?
വടക്ക്‌ വാതമായ്‌ ലയിച്ചു വീശിയാല്‍?
ഇടയ്‌ക്കിടയ്‌ക്ക്‌ നാം ചിരികരച്ചിലില്
‍തുടരുമീവാഴ്‌വില്‍ വിളയുമര്‍ത്ഥങ്ങള്‍,
മരണവും തോറ്റു മടങ്ങുമര്‍ത്ഥങ്ങള്‍.

ചുറഞ്ഞുനീങ്ങുന്ന ചുഴികളത്രേ നാ,
മിതുവരെ മണ്ണില്‍ കഴിഞ്ഞ നാളുകള്‍

No comments:

Post a Comment