Saturday, July 18, 2009

ഭൂമിയുടെ കണ്ണ്‌

തെളിയുമോരോ നഭസ്സിലും
നക്ഷത്രമകലുന്നു
മുകിലുകള്‍ വിളയുന്നു
ഗോവുകളാടുകള്‍ കൂട്ടമായ്‌ നീങ്ങുന്നു
പറ്റമായ്‌ ചേര്‍ന്നു നടക്കുന്നു
കടലിലൊരു കാറ്റ്‌‌ പിറക്കുന്നു
ദുഗ്‌ദ്ധം ചുരത്തുവാന്‍വെമ്പിനീങ്ങം മൃഗ-
വൃന്ദം പതുക്കെ പരക്കുന്നു ചായമായ്‌
വരവിന്‍ പെരുമ്പറ മുഴങ്ങുന്നു
വെട്ടം ജ്വലിക്കുന്നു.

നിറയുമോരോ മിഴിയിലും
സ്‌മരണകള്‍ മറയുന്നു
നീലത്തടാകം മുനിയുന്നു
അവിടെയാത്മാവുകള്‍
മുങ്ങിക്കിടക്കുന്നു
കരയിലാരോ ചിരിക്കുന്നു
ചിരിയിലിത്തിരി-
ക്കണ്ണീരുമായ്‌ വീശു-
മിലകളില്‍ കൂടി-
ക്കലമ്പുന്നുപക്ഷികള്‍
വൃക്ഷമേതോ ഗതമര്‍മ്മരങ്ങളാ-
ലര്‍ത്ഥിപ്പു ഗരിമയുടെയുയരങ്ങള്‍.

ദൂരെയുയരും പഹാഡിയിലുച്ചിയില്‍
പാടിയുയരുന്ന മഹാനാദരാശിയില്
‍പൊട്ടിയൊഴുകുന്നൂ തടാകവും മറവിയും
ഞെട്ടി വീശിച്ചുഴലുന്നു കാറ്റുകള്
‍പൊഴിയുമോരോരോ തുള്ളിയും
ഭൂമിയുടെ മിഴികളില്‍ വീഴുന്നു
അഗ്നി നിറച്ചവ,
അമ്പ്‌ തറച്ചവ
ഉരുകന്ന ഹൃദയമവയേറ്റുവാങ്ങുന്നൂ
തന്തികളവസാനരാഗങ്ങള്‍ പാടുന്നൂ;
ചോരയിലൊഴുകുന്നസ്വരിതതാളങ്ങളില്
‍ചോലതേടിനടക്കുന്ന
കാലുകള്‍നഷ്ടമാവുന്നൂ,
കാടുകള്‍നഷ്ടമായ്‌,
നാടുകള്‍നഷ്ടമായ്‌,
കാലവും സ്വപ്‌നവും നഷ്ടമായ്‌
കാതില്‍ പതിഞ്ഞസ്വരങ്ങളും നഷ്ടമായ്‌
കാലം വരച്ചവരകളും നഷ്ടമായ്‌.

മൊഴിയുമോരോവചസ്സും
നിരര്‍ത്ഥകശബ്ദമായ്‌ത്തീരുന്നു
മൊഴികളില്‍ മൊഴികളില്‍
പൊരുളായ്‌ ചിറകാര്‍ന്നു
പാറിയുയര്‍ന്നുതളര്‍ന്നൂ കുരലുകള്
‍പുസ്‌തകങ്ങളില്‍ പുകളായ്‌ പടര്‍ന്നവ,
കല്‌പനകളില്‍ പൂവായ്‌ വിടര്‍ന്നവ,
ഓംകാരമല്ലാഹുഅക്‌ബര്‍ ഉതിര്‍ത്തവ,
കുരിശിന്നിടയിലും പൂക്കള്‍വരച്ചവ,
ഉരിയാടുമൊച്ചയില്‍ചുമയായ്‌ വളര്‍ന്നവ,
ചുമയുടെ തുടലില്‍ കിടന്നുമരിച്ചവ.

ചിതറുൂമോരോരുറക്കിലും
സ്വപ്‌നങ്ങളകലുന്നു
സത്യങ്ങള്‍തെളിയുന്നു
ചിമ്മിയിറുകെയടഞ്ഞ മിഴികളില്‍
നിറയാതെകവിതകള്‍ പോവുന്നു
വാഴ്‌ വിലോ, കത്തും മണല്‍ക്കാട്‌ വിങ്ങുന്നു;
മൃഗതൃഷ്‌ണകണ്ടോടി നീങ്ങുന്ന
ചുവടുകള്‍തളരുന്നു,
പതിയെനിശ്ചലമായികാലുകള്
‍ശ്വസനങ്ങള്‍ തളരുന്നു
നെഞ്ചില്‍ കുറുകും
പിറാവിന്റെചിറകിലെ
ചോരക്കറകണ്ടു ഞെട്ടുന്നു.

എരിയുമോരോ വപുസ്സിലും
യുദ്ധങ്ങള്‍ നിറയുന്നു
അന്യോന്യമല്ലാത്ത ശത്രുതയ്‌ക്കെത്രപേര്
‍കൊന്നുകൂട്ടുന്നൂ നിനവുകള്‍
മോഹങ്ങള്‍തിന്നു തീര്‍ക്കുന്നൂ
ശകാരവും ശാപവും?

സത്യ, മിതത്രേ ചരിത്രം!
മാവ്‌ വേണ്ട,
ചിതവേണ്ട,
മയ്യത്ത്‌ കട്ടില്‍വേണ്ട,
സ്‌മൃതിപേടകങ്ങളും!

3 comments:

  1. അഗ്നി നിറച്ചവ,
    അമ്പ്‌ തറച്ചവ
    ഉരുകന്ന ഹൃദയമവയേറ്റുവാങ്ങുന്നൂ...!

    Manoharam, Ashamsakal...!!!

    ReplyDelete
  2. സുഹൃത്തുക്കളേയും ഈ ബ്ലോഗിനെപ്പറ്റി അറിയിക്കു

    ReplyDelete
  3. സീപീ....

    മയ്യത്ത് കട്ടിലും വേണ്ട....
    സമ്മതിച്ചു.,തര്‍ക്കമേതുമില്ലതിലെനിക്കിത്രയും..

    ...സ്നേഹത്തിന്‍റെ ശവമഞ്ചം പോലുമെടുത്തെറിയപ്പെട്ട
    ഇദ്ദുനിയാവിലെന്തിനീ ശവപ്പെട്ടികളിത്ര...

    ആകയാല്‍ പ്രിയ പാട്ടുകാരാ നിങ്ങള്‍ പാടിപ്പാടി
    ശവകുടീരങ്ങ്ളെ തച്ചുതകര്‍ക്കുക,ഉയിര്‍ത്തെഴുന്നേറ്റ്
    പാടട്ടെ മ്രുതങ്ങ്നള്‍ ശബ്ദമേതുമില്ലെങ്കിലെന്ത്
    നമുക്കുറങ്ങാം സുഖമായ്....

    ReplyDelete